
കൊച്ചി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടേയും (എൻഎച്ച്എഐ) പ്രവർത്തനങ്ങളിൽ
വിമർശനം. നിർമാണ പ്രവർത്തനത്തിന് അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മരങ്ങൾ മുറിച്ചു എന്ന പരാതി ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
അനുമതി ഇല്ലാത്ത സ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമാണ പ്രവര്‍ത്തനം ഉദ്ദേശിക്കുന്ന സ്ഥലം റിസർവ് വനമാണോ റവന്യൂ ഭൂമിയാണോ എന്നതിൽ ഇന്നു വിധി പറയാനിരിക്കെയാണ് അനധികൃതമായി മരങ്ങൾ വെട്ടി നീക്കിയത് എന്ന് ഹർജിക്കാരനായ എം.എൻ.ജയചന്ദ്രൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.
അതേ സമയം, അനുമതി ലഭിച്ച ഇടങ്ങളില്‍ ദേശീയപാതാ നിര്‍മാണത്തിന് വിലക്കില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
റിസർവ് വനമായിരുന്ന ഇവിടം റവന്യൂ ഭൂമിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം ഏഴിനായിരുന്നു ഈ ഹർജിയിൽ വാദം കേട്ടത്.
റിസർവ് വനഭൂമി റവന്യൂ ഭൂമിയാക്കി മാറ്റണമെങ്കിൽ തുടരേണ്ട നടപടി ക്രമങ്ങള്‍ അങ്ങനെ തന്നെ തുടരണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിൽ കോടതി ഹർജി തീർപ്പാക്കിയിരുന്നു.
ഇതിനിടെയാണ് ദേശീയ പണിമുടക്ക് ദിവസം 300ഓളം മരങ്ങൾ അനധികൃതമായി വെട്ടി നീക്കി എന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്.
റിസർവ് വനമാണോ എന്ന കാര്യത്തിൽ കോടതി വിധി പറയാനിരിക്കെ, ദേശീയ പാത അതോറിറ്റി മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ വേഗത്തിലാക്കുകയായിരുന്നു എന്ന് ഹര്ജിക്കാരൻ ആരോപിച്ചു. മറ്റ് പ്രവർത്തനങ്ങൾ അവിടെ നടത്തില്ല എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നൽകിയ ഉറപ്പിന്റെ ലംഘനവുമായിരുന്നു ഇതെന്നും ഹർജിക്കാരൻ പറയുന്നു.
മരങ്ങൾ മുറിക്കാൻ അനുമതി നൽകിയെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും, അത് സംസ്ഥാനം നൽകിയ ഉറപ്പിന് വിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യം ചീഫ് സെക്രട്ടറി പരിശോധിക്കണം. മാത്രമല്ല, ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
അനുമതിയില്ലാത്ത സ്ഥലത്ത് എന്തെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിൽ ഉടൻ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുമെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]