
ഇസ്ലാമാബാദ്
വിശ്വാസ വോട്ട് നേടാനാകാതെ ഇമ്രാൻഖാൻ വീണതോടെ പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. പകൽ രണ്ടിന് ചേരുന്ന ദേശീയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ സഹോദരനുമായ ഷഹബാസ് ഷെറീഫാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി.
ഇമ്രാന്റെ പാര്‍ടിയായ തെഹ്രികി ഇൻസാഫിന്റെ (പിടിഐ) സ്ഥാനാർഥി ഷാ മെഹമ്മൂദ് ഖുറേഷിയാണ്. ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 342 അംഗ ദേശീയസഭയില്‍ 174 വോട്ടാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടത്. 174 വോട്ട് നേടി പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി അവിശ്വാസ വോട്ടിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കിയ പ്രതിപക്ഷം പ്രതീക്ഷയിലാണ്.
സംയുക്ത പ്രതിപക്ഷം ഒരേപോലെ ഉറപ്പിച്ച പേരായിരുന്നു ഷഹബാസ് ഷെറീഫിന്റേത്. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിലെ പ്രവർത്തന പരിചയവുമായാണ് എഴുപതുകാരനായ ഷഹബാസ് ഷെറീഫെത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ജയിലിലായിരുന്ന ഷഹബാസ് ജാമ്യത്തിലാണ്. ഇമ്രാന് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഖുറേഷിയും രാഷ്ട്രീയ പരിചയത്തിന്റെയും പിന്‍ബലത്തോടെയാണ് പോരിനിറങ്ങുന്നത്.
ശനി അർധരാത്രിയോടെയാണ് ഇമ്രാന് ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പു നടന്നത്. മാര്‍ച്ച് എട്ടിന് ഷഹബാസ് ഷെറീഫാണ് ഇമ്രാനെതിരെ അവിശ്വാസം കൊണ്ടുവന്നത്. ഏപ്രില്‍ മൂന്നിന് വോട്ടെടുപ്പ് തീരുമാനിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ വിയോജിപ്പ് കാരണം അത് നടന്നില്ല. അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനായിരുന്നു ഇമ്രാന്റെ ശ്രമം. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.
വീണ്ടും സ്വാതന്ത്ര്യസമരമെന്ന്
ഇമ്രാൻഖാൻ
പാകിസ്ഥാനിലെ ഭരണം അട്ടിമറിച്ച വിദേശ ഗൂഢാലോചനയ്ക്കെതിരെ സ്വാതന്ത്ര്യസമരം തുടങ്ങുകയാണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസായതിനെത്തുടർന്ന് അധികാരം നഷ്ടമായശേഷമുള്ള ആദ്യ പ്രതികരണമാണ് ഇമ്രാന്റേത്. 1947ൽ പാകിസ്ഥാൻ സ്വതന്ത്രമായി. എന്നാൽ, വീണ്ടും സ്വാതന്ത്ര്യസമരം തുടങ്ങുകയാണെന്ന് ഇമ്രാൻ പറഞ്ഞു. തുടർ നീക്കങ്ങൾ തീരുമാനിക്കാൻ തെഹ്രികി ഇൻസാഫിന്റെ (പിടിഐ) കേന്ദ്ര കോർ എക്സിക്യൂട്ടീവ് കമ്മിറ്റി ഞായറാഴ്ച ചേർന്നു.
തെഹ്രികി ഇന്‍സാഫ് രാജിക്ക്
പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർഥിയായ ഷഹബാസ് ഷെറീഫിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചാൽ തെഹ്രികി ഇന്‍സാഫ് പാര്‍ടി (പിടിഐ) അംഗങ്ങൾ രാജിവെയ്ക്കുമെന്ന് മുന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായതിനുശേഷം ഇമ്രാന് ഖാന്റെ അധ്യക്ഷതയില്‍ ചേർന്ന കോര്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് പ്രതികരണം. ഭാവി നീക്കങ്ങൾ യോഗം ചർച്ച ചെയ്തു.
ഡെപ്യൂട്ടി സ്പീക്കർ
തുടരുമെന്ന്
പാകിസ്ഥാന് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി രാജി വച്ചിട്ടില്ലെന്നും തിങ്കളാഴ്ച നടക്കുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ അദ്ദേഹം സഭയുടെ അധ്യക്ഷനാകുമെന്നും ദേശീയസഭ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഇമ്രാന്റെ സഹായിയുടെ
വീട്ടില്‍ റെയ്ഡ്
ഇമ്രാന് ഖാന്റെ അടുത്ത സഹായിയായ ഡോ. അര്സലാന് ഖാലിദിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെന്ന് പിടിഐ ആരോപിച്ചു. റെയ്ഡിനെത്തിയ സംഘം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഫോണുകളുള്‍പ്പെടെ പിടിച്ചുവച്ചു. ഇമ്രാന് അധികാരത്തില്‍നിന്ന് ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് റെയ്ഡ് നടന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട് (എഫ്ഐഎ) പാര്‍ടി ആവശ്യപ്പെട്ടു. അതിനിടെ, ഷഹബാസ് ഷെറീഫിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എഫ്ഐഎ മേധാവി മുഹമ്മദ് റിസ്വാന് അവധിയില്‍ പ്രവേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]