തിരുവനന്തപുരം: റോഡ് മുഴുവന്‍ കാമറ വച്ച് ആളുകളെ പിഴിഞ്ഞ് പൈസയുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങി കേരള പോലീസും മോട്ടോര്‍ വാഹന വകുപ്പും. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ജനങ്ങളെ വട്ടം കറക്കുകയാണ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍. നേരം പാതിരാത്രിയായാലും വീഥി വിജനമാണെങ്കിലും വാഹനം ഉരുട്ടിക്കൊണ്ടു പോയില്ലെങ്കില്‍ പെറ്റി അടച്ച് മുടിയും എന്നാണ് ഇപ്പോഴത്തെ അവസ്ഥ.
ഒരു റോഡില്‍ തന്നെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെയും ട്രാഫിക് പോലീസിന്റെയും കാമറകളില്‍ കുടുങ്ങുന്ന വാഹന ഉടമകള്‍ ഒന്നിലേറെ പിഴ നല്‍കണം. ഒന്നിനു പിറകേ, ഒന്നായി ഒരേ കുറ്റത്തിന് നോട്ടീസ് വന്നതോടെയാണ് ഉടമകള്‍ അധികൃതരുടെ ചതി തിരിച്ചറിഞ്ഞത്. സ്കൂള്‍ മേഖലയില്‍ 30 കിലോമീറ്ററാണ് വേഗത. രാത്രിയിലും ഈ വേഗപരിധി മറികടന്നാല്‍ പിഴയീടാക്കും.
നഗര പരിധികളില്‍ 50 കിലോമീറ്ററാണ് അനുവദനീയ വേഗത. പക്ഷേ, തിരുവനന്തപുരം കവടിയാറില്‍ വേഗത 40 കടന്നാല്‍ പിഴ ചുമത്തും. മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്താകെ 625 കേന്ദ്രങ്ങളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ട്. 101 കാമറകള്‍കൂടി ഉടന്‍ സ്ഥാപിക്കും. വേഗനിയന്ത്രണം ഏര്‍പ്പെടുത്തുന്നവര്‍ അത് ബാധകമായ പ്രദേശങ്ങളുടെ തുടക്കവും ഒടുക്കവും യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയില്‍പ്പെടുന്ന വിധം അടയാളപ്പെടുത്താറില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ നഗര പ്രദേശത്തേക്ക് വാഹനം പ്രവേശിക്കാന്‍ പോകുന്നുവെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അങ്ങിങ്ങ് മാത്രമേ ഉള്ളൂ.ഡിവൈഡറുള്ളനാലുവരി ദേശീയപാതയില്‍ കാറുകളുടെ പരമാവധി വേഗത 90 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. രണ്ടുവരി ദേശീയപാതയില്‍ 85 കിലോമീറ്ററും സംസ്ഥാനപാതയില്‍ പരമാവധി 80 കിലോമീറ്ററുമാണ്. മറ്റു റോഡുകളില്‍ 70 കിലോമീറ്ററാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനപാതയിലുംമറ്റു റോഡുകളിലും ഒരു നിരയില്‍ ഒട്ടേറെ കാമറകള്‍ നിശ്ചിത ഉയരത്തില്‍ പൈപ്പുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓവര്‍ സ്പീഡ് തിരിച്ചറിയാന്‍ പ്രത്യേക കാമറയാണ്. ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും മറ്റും യാത്ര ചെയ്യുന്നവരെ തിരിച്ചറിയാന്‍ മറ്റൊരു കാമറ. കുറ്റകൃത്യങ്ങളും മറ്റും തിരിച്ചറിയാനും കാമറയുണ്ട്.
ഒരു കുറ്റത്തിന് പോലീസും എംവിഡിയും പിഴ ഈടാക്കും. കാമറയുടെ മുന്നില്‍പ്പെട്ടശേഷം പോലീസ് കണ്ടാല്‍ മൂന്നാമതും പിഴ. പിഴ വിവരം വാഹന ഉടമയെ അറിയിക്കാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മിക്കവാറും വാഹന ഉടമ ഈ പിഴയുടെ കാര്യം അറിയാറില്ല. എന്തേങ്കിലും ആവശ്യത്തിനായി എംവിഡിയെ സമീപിക്കുമ്പോഴായിരിക്കും വാഹന ഉടമകള്‍ പിഴക്കൂമ്പാരം അറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]