കൊച്ചി
നടി കാവ്യ മാധവനെ അന്വേഷകസംഘം ബുധനാഴ്ച ചോദ്യം ചെയ്യുന്നത് ശബ്ദരേഖകൾ കേൾപ്പിച്ചാകും. ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത കാവ്യയുടെ ശബ്ദരേഖകൾ കേൾപ്പിച്ചാണ് ചോദ്യം ചെയ്യൽ. ഇതിന് വിശദ ചോദ്യാവലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയ 27 ക്ലിപ്പുകളിൽ കാവ്യയുടെ ശബ്ദമുള്ളവ ഒന്നിലധികമുണ്ട്. ഇത് കാവ്യയെ കേൾപ്പിച്ച് ഇത്തരത്തിൽ പറയാനുള്ള കാരണം വിശദീകരിക്കാൻ ആവശ്യപ്പെടും. 27 ക്ലിപ്പുകളിൽ ഒമ്പതെണ്ണം ഇതുവരെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മറ്റുള്ളവയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന.
ദിലീപിന്റെ സുഹൃത്തും കേസിൽ ‘വിഐപി’ എന്ന് പൊലീസ് പറയുന്നയാളുമായ ശരത് ആലുവ പത്മസരോവരം വീട്ടിലേക്ക് കയറിവരുമ്പോൾ ‘എന്തായി ഇക്ക’ എന്ന് കാവ്യ മാധവൻ ചോദിക്കുന്ന ഓഡിയോ ക്ലിപ് നിർണായകമാകും. കേസ് അന്വേഷിച്ച ബൈജു പൗലോസിനെ അപായപ്പെടുത്താൻ ഏൽപ്പിച്ചത് എന്തായി എന്നാണ് കാവ്യ ചോദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൂടാതെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തി ടാബിലാക്കിയാണ് ശരത് എത്തിയത്. അക്കാര്യം എന്തായെന്നുമാണ് കാവ്യ ചോദിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപ് വ്യക്തമായി ‘ബൈജു പൗലോസ് എന്തായി’ എന്ന് നേരിട്ട് ചോദിക്കുന്നുമുണ്ട്. ദിലീപിനും കാവ്യക്കും തുല്യപങ്കാളിത്തമുള്ളതായി ക്രൈംബ്രാഞ്ച് സംശയിക്കാൻ ഇതാണ് കാരണം.
കാവ്യക്ക് കേസിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ വെള്ളിയാഴ്ച പുറത്തുവന്നു. ശരത്തും ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സുരാജുമായുള്ള സംസാരത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കാവ്യയുടെ പങ്കിനെപ്പറ്റിയാണ് സുരാജ് ശരത്തിനോട് സംസാരിക്കുന്നത്. കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നെന്ന് സുരാജ് ശരത്തിനോട് പറയുന്നു. കൂട്ടുകാർക്ക് തിരിച്ച് പണികൊടുക്കാൻ കാവ്യ ശ്രമിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. ഡി സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീടുമുണ്ടായിട്ടും മെമ്മറി കാർഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിച്ചത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുമെന്നും ശബ്ദസന്ദേശത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]