കണ്ണൂർ > രാജ്യത്ത് ഇടതുപക്ഷ ജനാധിപത്യ ബദൽ സാധ്യമാക്കാനുള്ള ശ്രമം തുടരുമെന്നും മതേതരസഖ്യം ശക്തമാക്കുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ഹിന്ദുത്വ അജണ്ട മറികടക്കാനുള്ള പദ്ധതി തയ്യാറാക്കും. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പാർടി പ്രവർത്തനം വിപുലമാക്കും. ആദ്യപടിയായി ആ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ഉടനെ ചേരും.
ജനങ്ങൾക്കിടയിൽ മതപരമായും ജാതീയമായും ധ്രുവീകരണം നടത്താനാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. അവിടങ്ങളിൽ ഉയർന്ന് വരുന്ന സാധാരണക്കാരുടെ ജീവൽപ്രശ്നങ്ങളെ അടിച്ചമർത്തുകയാണ്. ആ വിഷയങ്ങൾ പാർടി ഏറ്റെടുക്കും. അതിനായി അടിത്തറമുതൽ പ്രവർത്തനം വിപുലീകരിക്കും.
വർഗീയ ധ്രുവീകരണത്തിനെതിരെ രാഷ്ട്രീയമായും ആശയപരമായും സാംസ്കാരികപരമായും ഇടപെടലുകൾ വേണ്ടിവരും. വടക്കൻ സംസ്ഥാനങ്ങളിൽ മാത്രമല്ല വർഗീയത വേഗത്തിൽ പിടിമുറുക്കുന്ന ആസാം പോലെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇടപെടൽ ശക്തമാക്കും.
കർഷിക നിയമങ്ങൾക്കെതിരെയുണ്ടായ കർഷകസമരത്തിൽ ശക്തമായ ഇടപെടലിന് സാധിച്ചു. ഡൽഹിയിൽ നടന്ന സമരങ്ങൾക്ക് മുന്നേ നാസികിൽനിന്ന് മുംബേയിലേക്ക് സംഘടിപ്പിച്ച ലോങ്മാർച്ച് വിജയമായിരുന്നു. കർഷക സംഘടനകളുടെ ഏകോപനം സാധ്യമാക്കിയ വലിയ പോരാട്ടമായിരുന്ന ആ ലോങ് മാർച്ചെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]