കോഴിക്കോട്
കെഎസ്ഇബിയെ ഷോക്കടിപ്പിച്ച് ഗോൾഡൻ ത്രെഡ്സ് കേരളത്തിന്റെ ചാമ്പ്യൻ ക്ലബ്ബായി. അധികസമയത്തെ രണ്ട് ഗോളിൽ കെഎസ്ഇബിയെ മറികടന്ന് കൊച്ചി ആസ്ഥാനമായ ത്രെഡ്സ് കേരള പ്രീമിയർ ലീഗ് (കെപിഎൽ) ജേതാക്കളായി. കന്നി ഫൈനലിലാണ് നേട്ടം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നിശ്ചിതസമയം ഇരുടീമുകളും ലക്ഷ്യം കാണാതായതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്. ക്യാപ്റ്റൻ അജയ് അലെക്സിന്റെ ഫ്രീകിക്കിലൂടെ 109–-ാം മിനിറ്റിൽ മുന്നിലെത്തിയ ത്രെഡ്സിന് കളിയവസാനം ഘാനക്കാരൻ ഇസ്ഹാഖ് നുഹു സെയ്ദു ജയമുറപ്പിച്ചു. 12 ഗോളടിച്ച നുഹുവിനാണ് സുവർണ പാദുകം.
നിശ്ചിതസമയം നിരവധി അവസരങ്ങളുണ്ടായിട്ടും ത്രെഡ്സിനും കെഎസ്ഇബിക്കും മുതലാക്കാനായില്ല. പലവട്ടം ഗോളിനടുത്തെത്തി. കെഎസ്ഇബി ഗോൾകീപ്പർ എസ് ഹജ്മലിന്റെ രക്ഷപ്പെടുത്തലുകളും നിർണായകമായി. അധികസമയത്തെ രണ്ടാംപകുതിയിലായിരുന്നു രണ്ട് ഗോളും. ആസിഫ് ഷഹീറിനെ വീഴ്ത്തിയതിന് ത്രെഡ്സിന് ഫ്രീകിക്ക്. അജയ് അലക്സിന്റ കൃത്യതയാർന്ന ഷോട്ട് വലതുമൂലയിലെത്തി. മൂന്ന് പ്രതിരോധക്കാരെ മറികടന്നായിരുന്നു അവസാന മിനിറ്റിൽ നുഹുവിന്റെ ഗോൾ. തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയാണ് കെഎസ്ഇബിക്ക്. കേരള പ്രീമിയർ ലീഗ് തുടങ്ങുന്നതിനുമുമ്പ് 2012ൽ സംസ്ഥാന ക്ലബ് ചാമ്പ്യൻമാരായിരുന്നു ത്രെഡ്സ്. ഇക്കുറി 22 ടീമുകളാണ് ലീഗിൽ മത്സരിച്ചത്. ആകെ 113 കളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]