
കൊച്ചി∙
(കീം) റാങ്ക് ലിസ്റ്റ് ഇറക്കാൻ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങൾ മാറ്റിയത് റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന സർക്കാർ വാദം പൊളിക്കുന്നതാണ് റിപ്പോർട്ടിലെ ശുപാർശകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും
നടപടിയെ തള്ളിക്കളഞ്ഞത്.
‘കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുതിയ രീതി മെച്ചമാണെന്നു തെളിയുന്നതു വരെ നിലവിലുള്ള രീതി തന്നെ തുടരുന്നതാകും ഉചിതമെന്ന് കമ്മിറ്റി അംഗങ്ങൾ നിഗമനത്തിലെത്തി’ എന്നാണ് 9 പേജ് വരുന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അടുത്ത യോഗത്തിൽ പുതിയ രീതിയെക്കുറിച്ചുള്ള വിശദമായ പഠനം വീണ്ടും വിശകലനം ചെയ്യാമെന്നും എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണർ അരുൺ എസ്.നായർ ഐഎഎസ് കൺവീനറായ അഞ്ചംഗ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
നിലവിൽ മാർക്ക് ഏകീകരണത്തിനായി ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വേണോ എന്നു പരിശോധിക്കാൻ 2012 മുതൽ 2024 വരെയുള്ള വിവരങ്ങൾ കമ്മിറ്റി പരിശോധിച്ചു.
ഏപ്രിൽ 28ന് ആദ്യ യോഗവും മേയ് അഞ്ചിന് രണ്ടാമത്തെ യോഗവും നടന്നു. തുടർന്ന് വിവിധ ബോർഡുകളുടെ മാർക്ക് ഏകീകരണത്തെപ്പറ്റി വിശദമായി പരിശോധിച്ചു.
അതിനു ശേഷം കമ്മിറ്റി വ്യക്തമാക്കിയത്, പുതിയ രീതി ഈ വർഷം ആരംഭിക്കുന്നത് ശാസ്ത്രീയമായി ഒട്ടും ഉചിതമല്ല എന്നാണ്. നിലവിലുള്ള രീതിയുമായി താരതമ്യം ചെയ്ത് കൂടുതൽ സമഗ്രമായ പഠനം വേണം.
വിവിധ ബോർഡുകളിൽനിന്ന് 10 വർഷത്തെ ഡേറ്റയുമായി നിലവിലുള്ള രീതി താരതമ്യപ്പെടുത്തണം.
മാർക്ക് താരതമ്യത്തിനുള്ള ഫോർമുല കണക്കാക്കുന്നത് എളുപ്പമാണെങ്കിലും അതിനുള്ള മാനദണ്ഡം നിശ്ചയിക്കേണ്ടത് വിദഗ്ധരാണെന്നും കമ്മിറ്റി പറഞ്ഞു. മേയ് 26 നു ചേർന്ന അടുത്ത യോഗത്തിൽ, നിലവിലെ മാർക്ക് ഏകീകരണ രീതിയും പുതിയ രീതിയും കമ്മിറ്റി വിശദമായി പരിശോധിച്ചു. പുതിയ രീതി അനുസരിച്ചുള്ള ഏകീകരണത്തിൽ, കുറഞ്ഞതും കൂടിയതുമായ മാർക്കുകൾ തമ്മിലുള്ള അന്തരം കുറവാണെന്നു കണ്ടെത്തി.
എങ്കിലും ഇത് അംഗീകരിക്കുന്നതിനു മുൻപ് ആധികാരികമായ പഠനം വേണമെന്നും കമ്മിറ്റി വ്യക്തമാക്കി. തുടർന്നാണ് ആധികാരികമായ കൂടുതൽ തെളിവുകൾ ഉണ്ടാകുന്നതു വരെ നിലവിലെ രീതി തുടരുന്നതാണ് ഉചിതമെന്ന് കമ്മിറ്റി വ്യക്തമാക്കുന്നത്.
മേയ് 30ന് ചേർന്ന നാലാമത്തെ യോഗത്തിൽ, മുൻ യോഗങ്ങളിൽ ചർച്ച ചെയ്ത കാര്യങ്ങൾ പരിശോധിച്ചു.
നിലവിൽ എൻട്രൻസ്, പ്ലസ് ടു പരീക്ഷകളുടെ 50:50 എന്ന വെയ്റ്റേജ് രീതി പുനഃപരിശോധിക്കുന്ന കാര്യം ചർച്ച ചെയ്തു. എൻട്രൻസിന് 60 ശതമാനവും പ്ലസ്ടുവിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 40 ശതമാനവും എന്ന വെയ്റ്റേജിനെ കമ്മിറ്റിയിലെ 3 അംഗങ്ങൾ അനുകൂലിച്ചെങ്കിലും ഒരാള്‍ വിയോജിപ്പ് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ 5 വർഷത്തെ ഡേറ്റ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. പുതിയ ഫോർമുലയോ അല്ലെങ്കിൽ നിലവിലുള്ള രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതോ വിശദമായ പഠനത്തിനു ശേഷമേ പാടുള്ളൂ എന്നാണ് കമ്മിറ്റി ഒടുവില്‍ തീരുമാനിച്ചത്.
പുതിയ ഫോർമുല നിലവിലുള്ള ഫോര്‍മുലയേക്കാൾ മെച്ചമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
അതിന് സമയം വേണ്ടതു കൊണ്ട് പുതിയ ഫോർമുല ഈ വർഷം അവതരിപ്പിക്കുന്നത് ഒട്ടും സാധ്യമല്ല എന്നാണ് കമ്മിറ്റി റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുള്ളത്. ഒപ്പം, 50:50 എന്ന വെയ്റ്റേജ് 60:40 എന്നാക്കുന്ന കാര്യം പരിഗണിക്കാമെന്നും ശുപാർശ ചെയ്തിരുന്നു. എന്നാൽ കമ്മറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 5:3:1 എന്ന രീതിയിൽ പ്രോസ്പെക്ടസ് ഭേദഗതി ചെയ്തത് എന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്.
മാത്രമല്ല, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതിന് 1 മണിക്കൂർ മുമ്പാണ് ഭേദഗതി കൊണ്ടുവന്നത് എന്ന വാദം ശരിയല്ലെന്നും വിദഗ്ധ സമിതിയുടെയും എൻട്രൻസ് എക്സാം കമ്മിഷണറുടേയും നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഇത് പൂർണമായും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]