
കൊച്ചി ∙ കേരള എൻജിനീയറിങ്
(കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സർക്കാരിനേറ്റത് വലിയ തിരിച്ചടി. ഹന്ന ഫാത്തിമ ഉൾപ്പെടെ സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചും ഇപ്പോള്‍ ഡിവിഷൻ ബെഞ്ചും അനുകൂല തീരുമാനമെടുത്തത്.
യാഥാർഥ്യം പരിഗണിക്കാതെ, ഒരു വിഭാഗം കുട്ടികളെ തഴഞ്ഞ് ഏകപക്ഷീയമായാണ് സർക്കാർ നടപടിയെടുത്തതെന്ന് ഹന്ന ഫാത്തിമയുടെ അഭിഭാഷകനായ അഡ്വ. മോഹൻ ജേക്കബ് ജോർജ് പറഞ്ഞു.
സർക്കാർ നടപടി എങ്ങനെയാണു തങ്ങൾക്ക് പ്രതികൂലമായതെന്നും എന്തുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും മോഹൻ ജേക്കബ് ജോർജ് പറയുന്നു
‘‘എന്റെ കക്ഷിയായ ഹന്ന ഫാത്തിമയ്ക്ക് സിബിഎസ്ഇ പരീക്ഷയിലും എൻട്രൻസിലും നല്ല മാർക്കുണ്ടായിട്ടും റാങ്ക് ലിസ്റ്റിൽ 4000ത്തിനു മുകളിലാണ്. എന്നാൽ കഴിഞ്ഞവർഷം ഇതിനടുത്ത് മാർക്ക് കിട്ടിയ വിദ്യാർഥിയുടെ റാങ്ക് 1097 ആണ്.
അവസാന നിമിഷം പ്രോസ്പെക്ടസിൽ കൊണ്ടുവന്ന മാറ്റം പ്രതികൂലമായി. അതിലൊരു പ്രധാന കാര്യം, 5:3:2 എന്ന ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള അനുപാതം പ്രോസ്പെക്ടസിൽ 1:1:1 എന്നാണ്.
കണക്കിനും ഫിസിക്സിനും കെമിസ്ട്രിക്കും ഒരേ പോലെയാണ് അനുപാതം കണക്കാക്കുന്നത്. ഫെബ്രുവരി 19നാണ് സർക്കാർ പ്രോസ്പെക്ടസ് അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയത്.
അതില്‍ 1:1:1 എന്ന ഫോർമുലയും അതനുസരിച്ചുള്ള മാർക്ക് ഏകീകരണവുമാണ് പറഞ്ഞിരിക്കുന്നത്.
അതുകൊണ്ട് കുട്ടികൾ പരീക്ഷയ്ക്ക് തയാറെടുക്കുന്നത് ഫിസിക്സിനും കെമിസ്ട്രിക്കും കണക്കിനും തത്തുല്യമായ മാർക്ക് എന്നു കരുതിയാണ്. എന്നാൽ പരീക്ഷ കഴിഞ്ഞതിനു ശേഷം കണക്കിന് അഞ്ചും ഫിസിക്സിന് മൂന്നും കെമിസ്ട്രിക്ക് രണ്ടും എന്ന രീതിയിലേക്ക് ഈ അനുപാതം മാറ്റുകയായിരുന്നു.
12ാം ക്ലാസ് പരീക്ഷയ്ക്കു മുൻപായിരുന്നു ഈ മാറ്റമെങ്കിൽ കുട്ടികൾക്ക് കണക്കിൽ കുറെക്കൂടി ശ്രദ്ധ കൊടുക്കാമായിരുന്നു.
മാർക്ക് ഏകീകരണം നേരത്തേ നടത്തിയിരുന്നത് സിബിഎസ്ഇയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികളുടെ ശരാശരി കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇപ്പോൾ സിബിഎസ്ഇയിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന വിദ്യാർഥിയുടെ മാർക്ക് അടിസ്ഥാനമാക്കി ഏകീകരിക്കുകയാണ്.
രാജ്യത്ത് എവിടെയെങ്കിലും മുഴുവൻ മാർക്ക് കിട്ടുന്നവരുണ്ടാകാം. അങ്ങനെയാകുമ്പോൾ ആ മാർക്കുമായിട്ടാണ് കുട്ടികളുടേത് ഏകീകരിക്കുക.
2011 വരെ എൻട്രൻസിലെ മാർക്കു മാത്രം കണക്കാക്കിയിരുന്നതുകൊണ്ട് സിബിഎസ്ഇ സിലബസുകാർക്ക് മേൽക്കൈ ഉണ്ടായിരുന്നു, എൻട്രൻസ് കേന്ദ്രീകൃതമാണ് അവരുടെ സിലബസും പഠനവുമെന്ന പരാതി ഉയർന്നിരുന്നു.
അതുകൊണ്ട് 2011ലാണ് പ്ലസ് ടു മാർക്ക് കൂടി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തീരുമാനിക്കുന്ന രീതി വരുന്നത്. എന്നാൽ സിബിഎസ്ഇയിലെ മൂല്യനിര്‍ണയം കടുപ്പമുള്ളതായതിനാൽ സിബിഎസ്ഇ സിലബസുകാർ പിന്നിലായിപ്പോകുമെന്നതിനാൽ മാർക്ക് ഏകീകരണത്തിനായി പുതിയ ഫോർമുല കൊണ്ടുവരുകയായിരുന്നു.
കഴിഞ്ഞ 14 വർഷമായി അതാണ് നടന്നുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ 5 കൊല്ലത്തോളമായി സ്റ്റേറ്റ് സിലബസിലെ മൂല്യനിർണയം വളരെ ഉദാരമാക്കിയിട്ടുണ്ട്.
എന്നാൽ ഇക്കാര്യം പരിഗണിക്കപ്പെടുന്നില്ല. ഐസിഎസ്ഇയും സിബിഎസ്ഇയുമൊക്കെ വളരെ കടുപ്പമുള്ള മൂല്യനിർണയമാണ് ഇപ്പോഴും പിന്തുടരുന്നത്’’– അഡ്വ.
മോഹൻ ജേക്കബ് ജോർജ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]