
ലഖ്നൗ∙ ഉത്തർപ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുകുമാരക്കുറുപ്പ് മോഡൽ
ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭർത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച് കൊലപ്പെടുത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ റേവ സ്വദേശികളായ സുനിൽ സിങ് (39) ഭാര്യ ഹേമ സിങ് (35) എന്നിവരെയാണ് ചിത്രകൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 2 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനാണ് ദമ്പതികൾ കൊലപാതകം നടത്തിയത്.
ജൂൺ 30നാണ് മധ്യപ്രദേശ് റജിസ്ട്രേഷനിലുള്ളൊരു കാർ സിക്രി അമൻ ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അതിനുള്ളിൽനിന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ഒരു മൃതദേഹവും കണ്ടെത്തി. അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷം മരണപ്പെട്ടത് തന്റെ ഭർത്താവാണെന്ന് പറഞ്ഞ് ഹേമ സിങ്ങ് രംഗത്തെത്തി.
സംഭവസ്ഥലത്ത്നിന്ന് മൊബൈൽ ഫോണും സിം കാർഡും കണ്ടെത്തിയതോടെ സുനിൽ സിങ്ങാണ് മരിച്ചതെന്ന് പൊലീസ് ഉറപ്പിച്ചു.
ഡിഎൻഎ പരിശോധന നടത്തണമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഹേമ അതിന് തയാറായില്ല. അപ്പോഴാണ് സുനിൽ ജീവനോടെയുണ്ടെന്നും ഒരു ബന്ധുവിന്റെ വീട്ടിൽ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്നും ചിലർ പൊലീസിനെ അറിയിക്കുന്നത്.
പിന്നാലെ പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കാറിലുണ്ടായിരുന്നത് മദ്യശാലയിൽ വച്ച് പരിചയപ്പെട്ട
വിനയ് ചൗഹാനാണെന്ന് സുനിൽ പൊലീസിന് മൊഴി നൽകി.
കൊയ്ത്തുയന്ത്രം വാങ്ങാനായി സുനിൽ വായ്പ എടുത്തിരുന്നു. എന്നാൽ അത് തിരിച്ചടയ്ക്കാൻ പറ്റാതായി.
കടബാധ്യത കൂടുതലായതോടെ ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. പിന്നാലെയാണ് കടത്തിൽനിന്ന് രക്ഷനേടാനും ഇൻഷുറൻസ് പണം ഉപയോഗിച്ച് പുതിയ ജീവിതം തുടങ്ങാനും സുനിൽ തീരുമാനിക്കുന്നത്.
ഇതിനായി അയാള് കൃത്യമായി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു. ജൂൺ 29ന് ഭക്ഷണവും മദ്യവും വാങ്ങി നൽകി പ്രലോഭിപ്പിച്ച് വിനയ് ചൗഹാനെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചു.
അവിടെ വച്ച് ലഹരി മരുന്ന് നൽകി ജീവനോടെ കത്തിച്ച് കാറിനുള്ളിൽ ഇട്ടു. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് കാറിനും തീകൊളുത്തി.
പിന്നാലെ വാഹനം പൊട്ടിത്തെറിക്കുന്നത് ദൂരെ നിന്ന് നോക്കി നിന്നു. ശേഷം പ്രയാഗ്രാജിലേക്ക് പോയി.
ഭാര്യയും കൊലപാതകത്തിൽ സുനിലിന് പിന്തുണ നല്കിയെന്ന് പൊലീസ് കണ്ടെത്തി.
ഭർത്താവിന്റെ മരണത്തിൽ വിലപിക്കുന്നതായി നടിക്കുകയും മൃതദേഹം ഭർത്താവിന്റേതാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും അവർ ചെയ്തെന്ന് പൊലീസ് പറഞ്ഞു.
യൂട്യൂബിലും ടിവിയിലും ക്രൈം പരിപാടികൾ കണ്ടാണ് ഇത്തരത്തിലുള്ള ആശയം മനസ്സിൽ വന്നതെന്ന് സുനിൽ പൊലീസിനോട് പറഞ്ഞു. ഇരയ്ക്ക് ബന്ധുക്കളൊന്നും ഇല്ലാത്തതിനാൽ കൊലപാതകം പുറത്തറിയില്ലെന്നും സുനിൽ കരുതി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @WeUttarPradesh എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]