
ന്യൂഡൽഹി ∙ അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും. 10 വർഷത്തിനിടയിൽ
ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്.
എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.
നമീബിയയിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. മൂന്നു പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് നമീബിയ സന്ദർശിക്കുന്നത്.
ഡിജിറ്റൽ പണമിടപാടു സംവിധാനമായ യുപിഐ ഈ വർഷം അവസാനത്തോടെ നമീബിയയിൽ നടപ്പാക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയൻ പ്രസിഡന്റ് നെതുംബോ നൻഡി-ദിത്വയുമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണു തീരുമാനം.
ഡിജിറ്റൽ ടെക്നോളജി, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യമേഖല, വിദ്യാഭ്യാസം, അപൂർവ ധാതുക്കൾ എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനും ധാരണയായിട്ടുണ്ട്.
നമീബിയയിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആരോഗ്യ, മരുന്ന് രംഗത്ത് കൈകോർക്കാനുമുള്ള ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. നമീബിയയുടെ ഏറ്റവും പരമോന്നത സിവിലിയൻ അംഗീകാരമായ ‘ഓർഡർ ഓഫ് ദ് മോസ്റ്റ് എൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ്’ പ്രധാനമന്ത്രിക്കു സമ്മാനിച്ചു.
വിദേശരാജ്യത്തുനിന്നു മോദിക്കു ലഭിക്കുന്ന 27–ാമത്തെ അംഗീകാരമാണിത്.
നേരത്തെ, 5 രാജ്യങ്ങളിൽ സന്ദർശത്തിന് തുടക്കമിട്ട് ഘാനയിലെ അക്രയിലെത്തിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണറും നൽകി.
3 പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിച്ച പ്രധാനമന്ത്രി മോദിയ്ക്ക് രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതി സമ്മാനിച്ചു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ ബഹുമതിയിൽ അഭിമാനിക്കുന്നുവെന്നു മോദി പറഞ്ഞു.
പുതിയ ഇന്ത്യയ്ക്ക് ആകാശംപോലും പരിധിയല്ലെന്നും ലോകത്തിലെ 3 മുൻനിര സമ്പദ്വ്യവസ്ഥകളിൽ ഒന്നായി മാറുമെന്നും ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തിൽ മോദി പറഞ്ഞു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രധാനമന്ത്രി കമല പേഴ്സദ് ബിസ്സേസറും മന്ത്രിമാരുമടക്കം 4,000 പേർ പങ്കെടുത്തു. കരീബിയൻ ദ്വീപായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ സമൂഹത്തെ മോദി പ്രശംസിച്ചു.
അയോധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും മഹാകുംഭത്തിൽ നിന്നുള്ള വെള്ളവും മോദി സമ്മാനിച്ചു.
പിയാർകോ വിമാനത്താവളത്തിൽ പ്രധാനമന്ത്രി കമലയുടെ നേതൃത്വത്തിലാണു മോദിയെ സ്വീകരിച്ചത്. വിവിധ മേഖലകളിലെ സഹകരണത്തിന് 6 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
തുടർന്ന് രണ്ടുദിവസത്തെ സന്ദർശനത്തിനായി അർജന്റീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ഹവിയർ മിലൈയുമായി ധാതുക്കൾ അടക്കമുള്ള തന്ത്രപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തി.
വ്യാപാരം, ഊർജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും ധാരണയായി.
വെള്ളിയാഴ്ച വൈകിട്ട് അർജന്റീനയിലെത്തിയ മോദി, വിമോചന നായകൻ ജനറൽ ഹോസെ ദെ സാൻ മാർട്ടിന്റെ സ്മാരകത്തിൽ ആദരമർപ്പിച്ചു. അർജന്റീന, ചിലെ, പെറു എന്നിവിടങ്ങളിലെ സ്പാനിഷ് വാഴ്ച അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ സാൻ മാർട്ടിന്റെ സ്മൃതികുടീരം മോദി സന്ദർശിച്ചു.
അർജന്റീന സന്ദർശനം പൂർത്തിയാക്കി ബ്രസീലിലെത്തിയ മോദിയെ ഉച്ചകോടി വേദിയായ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ സ്വീകരിച്ചു.
ബ്രസീലിൽ മോദിയുടെ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനമായിരുന്നു. ബ്രസീലിൽ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ഇടപാട് 5 വർഷത്തിനുള്ളിൽ 20 ബില്യൻ ഡോളറായി വർധിപ്പിക്കാൻ തീരുമാനിച്ചു.
നിലവിൽ ഇത് 13 ബില്യൻ ഡോളറാണ്.
6 ധാരണാപത്രങ്ങളും ഒപ്പിട്ടു. ബ്രസീലിൽ ആയുർവേദം, പാരമ്പര്യ മെഡിസിൻ എന്നിവ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബ്രസീലിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദ് നാഷനൽ ഓർഡർ ഓഫ് ദ് സതേൺ ക്രോസ് പ്രസിഡന്റ് ലുല ഡസിൽവ മോദിക്കു സമ്മാനിച്ചു.
ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സ് കൂട്ടായ്മയുടെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന പതിനേഴാമത് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു. വികസ്വര രാജ്യങ്ങൾ ഇരട്ടത്താപ്പിന്റെ ഇരയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.
ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ വികസനത്തിന്റെ കാര്യത്തിലും സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാസംബന്ധമായ തലങ്ങളിലും ഇരട്ടത്താപ്പ് നേരിടുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]