തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ എൽഡിഎഫിൽ ഭിന്നത. കോഴിക്കോട് സെമിനാർ സംഘടിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിലാണ് ഘടകകക്ഷികളിൽ അതൃപ്തി പുകയുന്നത്. കൂടിയാലോചനയില്ലാതെ സമസ്തയെയും മുസ്ലീം ലീഗിനെയും ക്ഷണിച്ച നടപടിയിൽ സിപിഐയും അതൃപ്തിയിലാണ്.
ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ ആക്ഷേപം ശക്തമാകുന്നതിനിടെയാണ് വിഷയത്തിൽ ഇടതു മുന്നണിയ്ക്കുള്ളിൽ അതൃപ്തി ഉടലെടുത്തിരിക്കുന്നത്. ഘടകകക്ഷികളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് സമസ്തയെയും മുസ്ലീം ലീഗിനെയും യുസിസി വിരുദ്ധ സെമിനാറിന് ക്ഷണിച്ചതെന്നാണ് വിമർശനം. സിപിഎം സംസ്ഥാന നേതൃയോഗ തീരുമാനം വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ലീഗിനെ ക്ഷണിച്ചത്. ഇക്കാര്യം സിപിഐയോട് ചർച്ച ചെയ്തിരുന്നില്ല. കൂടാതെ യുസിസി എതിർപ്പിന്റെ പേരിൽ തീവ്രമത നിലപാടുള്ള മുസ്ലീം കക്ഷികളെ അണിനിരത്തി സെമിനാർ സംഘടിപ്പിക്കുന്നതിനോടും സിപിഐയ്ക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.
നിലവിലെ സിപിഎം സമീപനം ഇടതുനയ വ്യതിയാനമാണെന്ന വിമർശനം സിപിഎമ്മിനുള്ളിൽ തന്നെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ക്ഷണം ലീഗ് നിരസിച്ചത് വടി കൊടുത്ത് അടി വാങ്ങുന്നതു പോലെയായെന്നാണ് ചില ഇടത് നേതാക്കളുടെ അഭിപ്രായം. ഇപ്പോഴും യുസിസി വിരുദ്ധ സെമിനാറിനെ അനുകൂലിച്ചുള്ള പരസ്യ നിലപാട് സിപിഐ പ്രകടമാക്കിയിട്ടില്ല. ഈ മാസം 14 മുതൽ 16 വരെ നടക്കുന്ന സിപിഐ ദേശീയ നിർവ്വാഹക സമിതി യോഗ ശേഷം ആലോചിച്ചു മതി തീരുമാനമെന്നാണ് പാർട്ടി നിലപാട്.
18ന് സംസ്ഥാന നിർവ്വാഹക സമിതിയും വിഷയം ചർച്ച ചെയ്യും. കൂടാതെ നേരത്തെ ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ എടുത്ത നിലപാടിലെ മലക്കം മറിച്ചിൽ സിപിഎം തന്നെ വിശദീകരിക്കട്ടെയെന്ന അഭിപ്രായവും സിപിഐയിലെ ചില നേതാക്കൾക്കുണ്ട്. ഘടകകക്ഷികളിൽ നിലവിൽ ഐഎൻഎൽ മാത്രമാണ് സിപിഎമ്മിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
The post വടി കൊടുത്ത് അടി വാങ്ങിയതിന് പിന്നാലെ എൽഡിഎഫിൽ ഭിന്നത; സമസ്തയെയും ലീഗിനെയും ക്ഷണിച്ചതിൽ സിപിഐയ്ക്ക് അതൃപ്തി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]