
കണ്ണൂർ> സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് സമാപനം കുറിച്ച് ഞായറാഴ്ച നടക്കുന്ന മഹാറാലി കണ്ണൂരിനെ ചെങ്കടലാക്കും. എ കെ ജി നഗറിൽ (കണ്ണൂർ ജവഹർ സ്റ്റേഡിയം) നടക്കുന്ന റാലിയിൽ രണ്ടുലക്ഷംപേർ അണിനിരക്കും. പാർടിയുടെ കരുത്തിന്റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്. ശനി രാവിലെതന്നെ കണ്ണൂരിലേക്ക് ജനങ്ങൾ പ്രവഹിച്ചുതുടങ്ങി. കണ്ണൂർ ജില്ല കേന്ദ്രീകരിച്ചാണ് റാലി നിശ്ചയിച്ചതെങ്കിലും കേരളമാകെയും മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജനം ഒഴുകിയെത്തുകയാണ്.
പകൽ മൂന്നിന് ബർണശേരി നായനാർ അക്കാദമിയിൽനിന്ന് റെഡ് വളന്റിയർ മാർച്ചിന്റെ അകമ്പടിയിൽ പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർടി കോൺഗ്രസ് പ്രതിനിധികളും പൊതുസമ്മേളനവേദിയായ എ കെ ജി നഗറിലേക്ക് നീങ്ങും. ജില്ലയിലെ 25,000 റെഡ് വളന്റിയർമാരിൽനിന്ന് തെരഞ്ഞെടുത്ത 2000 പേരാണ് മാർച്ച് ചെയ്യുക. ഇതിൽ 1000 വനിതകളാണ്. കേന്ദ്രീകരിച്ചുള്ള പ്രകടനമില്ല. റാലിക്കെത്തുന്ന വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല. റാലിയിൽ പങ്കെടുക്കുന്നവരെ ഇറക്കിയശേഷം വാഹനങ്ങൾ നിശ്ചയിച്ച കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം.
എ കെ ജി നഗറിനകത്ത് പ്രവേശിക്കാൻ കഴിയാത്തവർക്ക് പൊതുസമ്മേളനവും റാലിയും വീക്ഷിക്കാൻ നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബിഗ് സ്ക്രീനുകൾ സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]