കണ്ണൂർ> പാർടി കോൺഗ്രസുകളിൽ സജീവമായിരുന്ന അമ്മ വേർപിരിഞ്ഞിട്ട് ഒരുമാസമായിട്ടില്ല. ആദ്യമായി അമ്മയില്ലാത്ത സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ആ ഓർമയിൽ നനയുകയാണ് നാഗാർജുൻ റെഡ്ഡിയും ലക്ഷ്മിയും. തെലങ്കാനസമരത്തിന്റെ മുൻനിരയിൽ ആയുധമെടുത്ത് പോരാടിയ ധീരവിപ്ലവകാരി മല്ലു സ്വരാജ്യത്തിന്റെ മകനും മരുമകളുമാണ് ഇവർ. പരിചയപ്പെടുന്നവരെല്ലാം മല്ലു സ്വരാജ്യവുമായുള്ള ഓർമ പങ്കുവയ്ക്കുമ്പോൾ, ഇരുവരിലും അഭിമാനവും വേദനയും നിറയുകയാണ്.
‘ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ മനുഷ്യർക്കും അമ്മയുടെ പോരാട്ടം പ്രചോദനമാണെന്നറിയുന്നതിൽ അഭിമാനവും ആഹ്ലാദവുമേറെ. അമ്മ ഒപ്പമില്ലല്ലോ എന്ന യാഥാർഥ്യം ഉൾക്കൊള്ളാനായിട്ടില്ല. കുടുംബത്തിലും വിപ്ലവകാരിയായിരുന്നു മല്ലു എന്ന അമ്മ. ഞങ്ങളെക്കാൾ പാർടിയെ സ്നേഹിച്ചു. അതിൽ മക്കൾക്കും മരുമക്കൾക്കും വിഷമം ഉണ്ടായില്ല. പാർടിയും ജനങ്ങളുമായിരുന്നു എല്ലാം. ആ അമ്മയുടെ മക്കളാണെന്നതിൽ അഭിമാനിക്കുന്നു.
യുവതലമുറയിലെ എല്ലാവർക്കും മല്ലു സ്വരാജ്യം നേതാവും അമ്മയും വഴികാട്ടിയുമായിരുന്നു. പാർടിയോടുള്ള അചഞ്ചലമായ കൂറ്, ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത വിപ്ലവബോധം, തികഞ്ഞ രാഷ്ട്രീയധാരണ ഇതെല്ലാമായിരുന്നു പ്രത്യേകതകൾ. കണ്ണൂരിൽ സമ്മേളനത്തിന് എത്താനായത് ആഹ്ലാദകരമാണ്. തെലങ്കാനസമരത്തെക്കുറിച്ച് സൂര്യാപേട്ട് എന്ന പേരിൽ മലയാളത്തിൽ നോവലും നാടകവും ഉള്ളതറിയാം. മല്ലു അതിലെ കഥാപാത്രമാണെന്നും’’– -നാഗാർജുനും ലക്ഷ്മിയും പറഞ്ഞു.
അഭിഭാഷകനായ നാഗാർജുൻ റെഡ്ഡി സിപിഐ എം തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവും സൂര്യാപേട്ട് ജില്ലാ സെക്രട്ടറിയുമാണ്. ലക്ഷ്മി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും. ലക്ഷ്മി പങ്കെടുക്കുന്ന രണ്ടാമത്തെ പാർടി കോൺഗ്രസാണിത്. നാഗാർജുന്റെ ആദ്യത്തേതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]