സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയിൽ രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരികൊള്ളുമ്പോൾ പാർട്ടികളും മുന്നണികളും തിരഞ്‍െടുപ്പ് പ്രചാരണത്തിനായി കളത്തിലിറങ്ങുന്നു. തിരക്കിട്ട ചര്‍ച്ചകളും യോഗങ്ങളും പ്രകടനങ്ങളും മഹാസമ്മേളനങ്ങളുമായി കേരള രാഷ്ട്രീയം ഇനി ഒരു മാസക്കാലം ചർച്ച ചെയ്യുക പുതുപ്പള്ളിയിലെ ഉപതിരഞ്െടുപ്പ്. 50 വര്‍ഷക്കാലം തങ്ങളുടെ എംഎല്‍എയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പകരക്കാരനെ നിശ്ചയിക്കാന്‍ വോട്ടര്‍മാര്‍ ബൂത്തിലെത്താന്‍ ഇനി മൂന്നാഴ്ചകള്‍ മാത്രം.
പുതുപ്പള്ളി മണ്ഡലത്തില്‍നിന്നും തുടര്‍ച്ചയായി 12 തവണ ജനപ്രതിനിധിയായി നിയമസഭയില്‍ 52 വര്‍ഷം എന്ന റിക്കാര്‍ഡ് സ്ഥാപിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി. 1970ലാണ് ഉമ്മന്‍ചാണ്ടിയുടെ ആദ്യ മത്സരം.
7288 വോട്ടിനാണ് സിപിഎമ്മിലെ ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 വര്‍ഷങ്ങളില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചു. 2011ല്‍ ചെറിയാന് ഫിലിപ്പിനെതിരേ മത്സരിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ചത്. 33,255 വോട്ടായിരുന്നു ഭൂരിപക്ഷം. ആദ്യ മത്സരത്തിലെ 7288 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. അതിനുശേഷം പതിനായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് 1987ലും 2021ലുമാണ്. 1987ല്‍ വി.എന്‍. വാസവനും 2021ല്‍ ജയ്ക് സി. തോമസുമായിരുന്നു എതിരാളികള്‍.
കിഴക്ക് അരുവിക്കുഴിയുടെ താഴ്വാരത്ത് കൂരോപ്പട ചേന്നാമറ്റം മുതല്‍ പടിഞ്ഞാറ് മണര്‍കാട് പഞ്ചായത്തിലെ ഐരേറ്റുനട വരെയും വാകത്താനം നാലുന്നാക്കല്‍ മുതല്‍ കൊങ്ങാണ്ടൂര്‍ പോളയ്ക്കപ്പടി വരെയും തോട്ടയ്ക്കാടുമുതല് തിരുവഞ്ചൂര്വരെയും കോത്തലമുതല് ഞാലിയാകുഴിവരെയും നീണ്ടുനിവര്‍ന്നുകിടക്കുന്ന വിശാലമായ മണ്ഡലമാണു പുതുപ്പള്ളി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം നിയോജക മണ്ഡലങ്ങളാണു പുതുപ്പള്ളിയോടു ചേര്‍ന്നുകിടക്കുന്നത്.
വാകത്താനം, പുതുപ്പള്ളി, മീനടം, പാമ്ബാടി, മണര്‍കാട്, അകലക്കുന്നം, കൂരോപ്പട, അയര്‍ക്കുന്നം പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. മുമ്ബ് പള്ളിക്കത്തോട് പഞ്ചായത്തും പനച്ചിക്കാട് പഞ്ചായത്തും പുതുപ്പള്ളി മണ്ഡലത്തിലായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തില്‍ പള്ളിക്കത്തോട് പഞ്ചായത്ത് കാഞ്ഞിരപ്പളളി മണ്ഡലത്തിലും പനച്ചിക്കാട് കോട്ടയം മണ്ഡലത്തിലുമായി. പകരം കോട്ടയം മണ്ഡലത്തിലുണ്ടായിരുന്ന മണര്‍കാടും ചങ്ങനാശേരി മണ്ഡലത്തിലുണ്ടായിരുന്ന വാകത്താനവും പുതുപ്പള്ളിയില്‍ ചേര്‍ന്നു.
നിലവില്‍ മീനടവും അയര്‍ക്കുന്നവും ഒഴികെ ബാക്കി മുഴുവന്‍ പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് ഭരണം. പുതുപ്പള്ളി, പാമ്പാടി, അകലക്കുന്നം, മണര്‍കാട് പഞ്ചായത്തുകള്‍ ദീര്‍ഘകാലം യുഡിഎഫിന്റെ കൈവശമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് അട്ടിമറി വിജയം ലഭിച്ചത്.
വാകത്താനം, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് നല്ല അടിത്തറയാണുള്ളത്. പാമ്പാടി, അകലക്കുന്നം, മണര്‍കാട് എന്നിവിടങ്ങളില്‍ സിപിഎമ്മിനും ശക്തമായ സംഘടനാ സംവിധാനമുണ്ട്. അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസുകളും നിര്‍ണായകമാണ്. പാമ്ബാടി, മണര്‍കാട്, കൂരോപ്പട എന്നിവിടങ്ങളില്‍ ബിജെപിക്കും സ്വാധീനമുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനി കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായി പുതുപ്പള്ളി എന്ന കൊച്ചുപട്ടണം മാറും. ഉമ്മന്‍ചാണ്ടിയുടെ മരണത്തിനുശേഷം ഉപതെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പാര്‍ട്ടികളും മുന്നണികളും തെരഞ്ഞെടുപ്പിനായി നേരത്തേതന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു.
തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കെടുത്ത നിയോജക മണ്ഡലത്തിലെ ബൂത്തു പ്രസിഡന്റുമാരുടെ യോഗത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. സിപിഎം ആകട്ടെ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്ക്കും ജില്ലാ നേതാക്കള്‍ക്കും പഞ്ചായത്തുകളുടെ ചുമതല വീതിച്ചു നല്കി. സംസ്ഥാന സെക്രട്ടറി അടുത്ത ദിവസം മണ്ഡലത്തിലെത്താനിരിക്കുകയായിരുന്നു. ബിജെപിയാകട്ടെ ബൂത്തുദര്ശന യാത്രയുമായി പ്രവര്‍ത്തനം തുടങ്ങി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരിട്ടെത്തിയാണു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിങ്കലേക്ക് ഇപ്പോഴുമെത്തുന്ന ജനപ്രവാഹം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണു പകരുന്നത്. ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ യുഡിഎഫ് അണികള്‍ ഉണര്‍ന്നുകഴിഞ്ഞു.
എന്നാല്‍, ഉമ്മന്‍ചാണ്ടി കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞതും ചില പഞ്ചായത്തില്‍ ഇടത് സ്ഥാനാര്‍ഥി ലീഡ് ചെയ്തതും യുഡിഎഫിനെ അലട്ടുന്നുണ്ട്. എട്ടു പഞ്ചായത്തുകളില്‍ ആറും നഷ്ടപ്പെട്ടതും രണ്ടു പഞ്ചായത്തുകളില്‍ നിര്‍ണായക സ്വാധീനമുള്ള കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടതും ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
ഇടതുമുന്നണിയില്‍ സിപിഎമ്മിനു ശക്തമായ സംഘടനാ സംവിധാനമുള്ള പ്രദേശമാണ് പുതുപ്പള്ളി മണ്ഡലം. പുതുപ്പളളി, അയര്‍ക്കുന്നം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശക്തമായ സംഘടനാ സംവിധാനമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയ്ക് സി. തോമസ് നേടിയ വോട്ടിലാണ് എല്‍ഡിഎഫ് പ്രതീക്ഷ. സഹതാപതരംഗം ഏല്‍ക്കില്ലെന്നും അതു ചര്ച്ചയാക്കാതിരിക്കാനുമാണ് ഇടതിന്റെ തീരുമാനം. പകരം പുതുപ്പള്ളിയുടെ വികസനമുരടിപ്പാണ് ഇടതു മുന്നണി ഉയര്‍ത്തിക്കാട്ടുന്നത്.
പുതുപ്പള്ളി മണ്ഡലം രൂപീകരിച്ച കാലംമുതല്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍. ഹരി പതിനായിരത്തിനു മുകളില്‍ വോട്ടു നേടിയിരുന്നു. തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസരമായിട്ടാണ് ഉപതെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത്. മുന്‍കാലങ്ങളില്‍ മറിഞ്ഞുപോയ വോട്ട് ഇത്തവണ പോകാതിരിക്കാനുള്ള തന്ത്രമായിരിക്കും ബിജെപി നടത്തുക.
The post കേരള രാഷ്ട്രീയ ചർച്ചകൾ ഇനി പുതുപ്പള്ളിയിലേക്ക്; 12 തവണ ജനപ്രതിനിധിയായി നിയമസഭയില്‍ 52 വര്‍ഷം എന്ന റിക്കാര്‍ഡ് നേടിയ ഉമ്മന്‍ചാണ്ടിയുടെ പകരക്കാരൻ ഇനി ആര്? പാര്‍ട്ടികളും മുന്നണികളും കളത്തിലേക്ക്; ചാണ്ടി ഉമ്മനെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; പുതുപ്പള്ളിയുടെ സമഗ്രവികസനത്തിനായി ഇത്തവണ ജനങ്ങള്‍ ഇടതുമുന്നണിയോടൊപ്പം അണിചേരുമെന്ന് എല്‍ഡിഎഫ് ; മുന്‍കാലങ്ങളില്‍ മറിഞ്ഞുപോയ വോട്ട് ഇത്തവണ പോകാതിരിക്കാനുള്ള തന്ത്രവുമായി ബിജെപി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]