
കൊച്ചി ∙ കേരള എൻജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ
ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർക്കാരിന്റെ റിട്ട് അപ്പീൽ
ഡിവിഷൻ ബെഞ്ച് നാളെ പരിഗണിച്ചേക്കും.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അവസാന നിമിഷം കൊണ്ടുവന്ന സമവാക്യം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് ഉത്തരവിട്ടിരുന്നു. റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് പ്രോസ്പെക്ടസത്തിൽ മാറ്റം വരുത്തിയത് എന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിലെ പ്രോസ്പെക്ടസ് അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് ഡി.കെ.സിങ് നിർദേശിച്ചിരുന്നു.
എന്നാൽ ഏതു സാഹചര്യത്തിലാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയതെന്ന കാര്യം സിംഗിൾ ബെഞ്ച് പരിഗണിച്ചിട്ടില്ലെന്ന് അപ്പീലിൽ സർക്കാർ പറയുന്നു.
എൻട്രൻസ് മാർക്കിന്റെയും പ്ലസ് ടുവിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കുകയാണ് ചെയ്യുക. എന്നാൽ ഇത്തരത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ 15–20 മാർക്ക് വരെ കുറയുന്നതായി ഏറെക്കാലമായി പരാതിയുണ്ട്.
ഈ സാഹചര്യത്തിൽ ഇക്കാര്യം പരിശോധിക്കാനായി ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന് സർക്കാർ ഒരു റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി ജൂൺ രണ്ടിന് നൽകിയ അഭിപ്രായത്തിന്റെയും എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ ജൂലൈ ഒന്നിന് പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് അപ്പീലിൽ പറയുന്നു.
തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കുകയായിരുന്നു.
മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റാങ്ക് ലിസ്റ്റ് നിർണയിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് എന്നാണ് ഹർജിക്കാരുടെ പ്രധാന പരാതിയെന്ന് അപ്പീലിൽ പറയുന്നു.
ഹയർ സെക്കൻഡറിയിൽ വിവിധ വിഭാഗങ്ങളിലായി പഠിച്ചു വന്ന വിദ്യാർഥികൾ തമ്മിൽ തുല്യത കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് എന്ന കാര്യം സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്ന് അപ്പീലിൽ പറയുന്നു. ഓഗസ്റ്റ് 14നു മുമ്പ് പ്രവേശന നടപടികള് പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെടുന്നു.
പ്രോസ്പെക്ടസിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് ക്ലോസ് 1.6ൽ പറഞ്ഞിട്ടുണ്ട്.
ഏകപക്ഷീയവും നിയമവിരുദ്ധവുമായാണ് പ്രോസ്പെക്ടസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതിന് 1 മണിക്കൂർ മുമ്പ് ഭേദഗതി ചെയ്തത് എന്നത് തെറ്റാണ്. കൃത്യമായ നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ടെന്നും അപ്പീലിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]