സ്വന്തം ലേഖകൻ
കോരുത്തോട്: കാട്ടാനയെ കാണ്ട് പൊറുതി മുട്ടി കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തിന്റെ വനാതിര്‍ത്തി മേഖലയിൽ കഴിയുന്ന ജനങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണിവിടെ.
കൊബുകുത്തി അരിച്ചേരിമല, മുളങ്കുന്ന് കണ്ണാട്ട് കവല, സ്കൂള്‍ഭാഗം, തടത്തില്‍പടി തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ താണ്ഡവമാടിയത്.
ശക്തമായ മഴയുള്ള സമയത്തു നാട്ടില്‍ ഇറങ്ങിയ ആനകള്‍ നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചാണ് കാട്ടിലേക്കു തിരികെ പോകുന്നത്. തെങ്ങ്, കപ്പ,വാഴ, റബര്‍, കുരുമുളക്, കാപ്പി തുടങ്ങി ഒട്ടുമിക്ക കൃഷികളും കാട്ടാനകള്‍ നശിപ്പിച്ചു.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ഈ മേഖലയിലെ കൃഷിയെല്ലാം വ്യാപകമായി നശിപ്പിക്കുകയാണ്. കോരുത്തോട് കൊബുകുത്തിയില് കഴിഞ്ഞ ഒരാഴ്ചയായി ജനവാസ മേഖലയില്‍ തുടരുന്ന കാട്ടാനക്കൂട്ടം കര്‍ഷകരുടെ ഏക്കര്‍ കണക്കിനു കൃഷിയാണ് നശിപ്പിച്ചത്.
ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കര്‍ഷകര്‍ ഇതോടെ ദുരിതത്തിലായി. മിക്ക കര്‍ഷകരും ബാങ്കില്‍നിന്നു ലോണെടുത്തും കടം വാങ്ങിയുമാണ് കൃഷിയിറക്കാൻ പണം കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിച്ചതോടെ ഇനിയെന്ത് എന്നതാണ് ചോദ്യം.
ഇളംപുരക്കല് സുരേന്ദ്രൻ, പുത്തൻപുരയ്ക്കല്‍ വിശ്വംഭരൻ, കരപ്പുറത്ത് രാമേന്ദ്രൻ, മുളയ്ക്കല്‍ പത്മനാഭൻ, ഇഞ്ചപ്ലാക്കല്‍ മധു, കോച്ചേരിയില്‍ സാബു, തടത്തില്‍ ഉദയകുമാര്‍ എന്നിവരുടെ കൃഷികളാണ് വ്യാപകമായി നശിച്ചത്.
ഈ പ്രദേശത്തു സോളാര്‍ വേലിയുണ്ടെങ്കിലും പലഇടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. ആഴ്ചകള്‍ക്കു മുൻപേയും ഇവിടെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമല, പുലിക്കുന്ന് ടോപ്പ് തുടങ്ങിയ മേഖലയിലും വന്യമൃഗശല്യം രൂക്ഷമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൂട്ടമായി എത്തിയ കാട്ടാനകള്‍ മേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. എന്നാല്‍, വനം വകുപ്പിന്റെ ഭാഗത്തുനിന്നു കാട്ടാനകളെ തുരത്താനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു ശക്തമായ ആക്ഷേപമുണ്ട്.
വനാതിര്‍ത്തി മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. വന്യമൃഗങ്ങള്‍ കൃഷികള്‍ നശിപ്പിക്കുബോള്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ജനപ്രതിനിധികള്‍ വാഗ്ദാനം നല്കി മടങ്ങുന്നതല്ലാതെ ശാശ്വതമായ പരിഹാരം കാണാനുള്ള യാതൊരു നടപടിയും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പെരുവന്താനം പഞ്ചായത്തിലെ കണങ്കവയല്‍ അന്നാസിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആനിത്തോട്ടത്തില്‍ തോമസ് ജോസഫിന്റെ പുരയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വാഴ, തെങ്ങ്, കപ്പ അടക്കമുള്ള കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു.
പഞ്ചായത്തിന്റെ വനാതിര്‍ത്തി മേഖലയായ ചെന്നാപ്പാറ, കണയങ്കവയല്‍, മതന്പ തുടങ്ങിയ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. പ്രദേശത്തു വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വൈദ്യുതി വേലികളോ കിടങ്ങുകളോ ഒന്നും നിര്‍മിച്ചിട്ടില്ല.
വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി വീടും പുരയിടവും ഉപേക്ഷിച്ചുപോകുന്ന കുടുംബങ്ങളും വര്‍ധിച്ചിട്ടുണ്ട്. പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഓഫീസിലേക്കു പ്രതിഷേധ പരിപാടികള്‍ വരെ സംഘടിപ്പിച്ചെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു.
The post കാട്ടാനയെ കൊണ്ട് പൊറുതി മുട്ടി വനാതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ ; ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കര്‍ഷകര്‍ ഇതോടെ ദുരിതത്തിൽ ; വനംവകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികള്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]