
സ്വന്തം ലേഖിക
കോഴിക്കോട്: ഗവ.ജനറല്‍ (ബീച്ച്) ആശുപത്രിയില്‍ ഹൗസ് സര്ജൻമാര് തമ്മില്‍തല്ല്.
ഒരാള്‍ വൈകി വന്നത് മറ്റേയാള്‍ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ മുൻപില് ആയിരുന്നു വാക്കേറ്റം ആരംഭിച്ചത്, പിന്നീട ഇത് ഹൗസ് സര്ജൻമാരുടെ മുറിയിലും തുടര്‍ന്നു.
അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്നങ്ങള്‍ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടര്‍ന്നു ചികിത്സ വൈകിയതായി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരാതി പറഞ്ഞു.
നെഞ്ചുവേദനയെ തുടര്‍ന്ന് എത്തിയവര്‍, തലകറക്കത്തെ തുടര്‍ന്ന് വന്ന കെഎസ്ആര്‍ടിസി ജീവനക്കാരൻ, കാലിനു മുറിവേറ്റു വന്ന തലക്കുളത്തൂരിലെ വീട്ടമ്മ തുടങ്ങി മുപ്പതിലേറെ പേരാണ് അത്യാഹിത വിഭാഗത്തിനു സമീപം ചികിത്സ കാത്തുനിന്നത്.
ശബ്ദം കേട്ട് നോക്കുമ്പോഴും ഒരു ഹൗസ് സര്ജൻ മറ്റൊരു ഹൗസ് സര്‍ജനെ അടിക്കുന്നതാണ് കണ്ടതെന്ന് ഇവിടെ ഉണ്ടായിരുന്ന ബീച്ച് ആശുപത്രി പൗരസമിതി ജനറല്‍ സെക്രട്ടറി സലാം വെള്ളയില്‍ പറഞ്ഞു. ഒരു ഹൗസ് സര്‍ജന്റെ ഷര്‍ട്ടു കീറിപ്പോയിരുന്നു.
പ്രശ്നം തീര്‍ക്കാനായി രോഗികള്‍ക്കൊപ്പമെത്തിയവര്‍ ഹൗസ് സര്ജൻമാരുടെ മുറിക്കുള്ളിലേക്ക് കയറാൻ നോക്കിയപ്പോള്‍ മുറിയിലെ ലൈറ്റ് അണച്ചു വാതില്‍ അടച്ചു. ഇതോടെ ആളുകള്‍ അവിടേക്ക് പ്രവേശിച്ചില്ല. വലതുകാലിനു മുറിവേറ്റതിനെ തുടര്‍ന്ന് തലക്കുളത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ തലക്കുളത്തൂരിലെ സുധയോട് അവിടെ എക്സ്റേ സൗകര്യം ഇല്ലാത്തതിനാല്‍ ബീച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായിരുന്നു.
ഇവിടെ എത്തിയപ്പോഴായിരുന്നു അടിപിടി നടന്നത്. എക്സ്റേ എടുത്തു ഡോക്ടറെ കാണിച്ചപ്പോഴാകട്ടെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
The post വൈകി വന്നത് ചോദ്യം ചെയ്തു; രോഗികള്‍ക്ക് മുന്നില്‍ ഹൗസ് സര്ജന്മാരുടെ തമ്മില്‍ത്തല്ല്; ചികിത്സ വൈകിയെന്ന പരാതിയുമായി രോഗികൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net