ന്യൂഡൽഹി: ഭാര്യ അക്ഷത മൂർത്തിക്കെതിരായ ആക്രമണം ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനകിന് രാഷ്ട്രീയ പ്രഹരമായി. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത. നോൺ ഡൊമിസൈൽ ടാക്സ് പദവിയുള്ളതിനാൽ നികുതി നൽകാത്തതിനെയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. എന്നാൽ ലോകത്തെമ്പാടുമുള്ള വരുമാനത്തിൽനിന്ന് നികുതി നൽകിത്തുടങ്ങുമെന്ന് അക്ഷത ബിബിസിയോട് പ്രതികിരിച്ചു. ബ്രിട്ടനിലെ നിയമത്തിന് വിരുദ്ധമായി അക്ഷത ഒന്നും ചെയ്തിട്ടില്ലെന്നതിൽ സംശയമില്ല.
യുകെയിലെ നിയമപ്രകാരം ചില നികുതി നൽകുന്നതിൽനിന്ന് അവരെ ഒഴിവാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഡോളർ വരുമാനമുള്ള ധനമന്ത്രിയുടെ ഭാര്യ ഭൂരിഭാഗത്തിനും നികുതി നൽകാത്തത് പ്രതിലോമകരമായ കാഴ്ചപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. ഇത് ബ്രിട്ടീഷ് പത്രങ്ങളുടെ ഒന്നാം പേജ് വാർത്തയുമായി. പ്രതിപക്ഷമാണ് ഭാര്യക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നതെന്ന് ഋഷി സുനക് പറയുന്നു. തന്നെ വിവാഹം ചെയ്തതിനാൽ ജനിച്ച രാജ്യവുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ഋഷി സുനക് പറഞ്ഞതായി ബ്രിട്ടീഷ് മാധ്യമം ദി സൺ റിപ്പോർട്ട് ചെയ്തു.
ഭാര്യയുടെ പ്രഖ്യാപനത്തിന് മുൻപായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നതുപോലെ അക്ഷത അവരുടെ രാജ്യത്തെ സ്നേഹിക്കുന്നു. യുകെയിൽനിന്നുള്ള ഓരോ പൈസയുടെ വരുമാനത്തിനും അവർ നികുതി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഡൊമിസൈൽഡ് പദവി ഭർത്താവിന് അസ്വസ്ഥതയായി മാറാൻ ആഗ്രഹിക്കുന്നില്ലെന്ന് രാജ്യത്തിനു പുറത്തുനിന്നുള്ള വരുമാനത്തിനും യുകെയിൽ നികുതി നൽകാൻ പോകുകയാണെന്ന പ്രഖ്യാപനം നടത്തി അക്ഷത പറഞ്ഞു.
പുതിയ ക്രമീകരണം അടിയന്തരമായി ചെയ്യുമെന്നും അവർ വ്യക്തമാക്കി. ഇൻഫോസിസിലെ അക്ഷത മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ഓഹരികൾക്ക് ശതകോടികളുടെ മൂല്യമുണ്ട്. എലിസബത്ത് രാജ്ഞിയെക്കാളും 42-കാരിയായ അക്ഷതയെ സമ്പന്നയാക്കി. ടൈംസിന്റെ സമ്പന്ന പട്ടിക പ്രകാരം എലിസബത്ത് രാജ്ഞിക്ക് 350 ദശലക്ഷം പൗണ്ടിന്റെ സ്വത്ത് മാത്രമാണുള്ളത്. ജീവിതച്ചെലവ് ഏറുന്നതിനിടെ ബ്രിട്ടീഷ് സർക്കാർ നികുതി വർധിപ്പിച്ചതോടെയാണ് ഋഷി സുനകിനും ഭാര്യയ്ക്കുമെതിരായ വിമർശനം ഉയർന്നു തുടങ്ങിയത്.
നോൺ ഡൊമസൈൽഡ് പദവി ഉപയോഗിച്ച് രാജ്യത്തിന് പുറത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകാത്തതിനെ ഋഷി സുനകിന്റെ ഇരട്ടമുഖമെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. രാഷ്ട്രീയമായി നോക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മാറാനുള്ള സുനകിന്റെ സാധ്യതയ്ക്ക് വലിയ പ്രഹരമാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്താൻ മുൻതൂക്കം കൽപിക്കപ്പെടുന്ന വ്യക്തിയാണ് ഋഷി സുനക്. ഒരു മാസം മുൻപുവരെ 35 ശതമാനമായിരുന്നു സാധ്യത കൽപ്പിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]