
ആലുവ: വാഹനമിടിച്ച് മരിച്ച വൃദ്ധയുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. ഇതൊടൊപ്പം വൃദ്ധയെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. മാല മോഷ്ടിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടില്‍ അനില്‍ കുമാര്‍( 46) വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തില്‍ അഭിരാം (22) എന്നിവരെയാണ് ആലൂവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം.
അമ്പാട്ട് കടവില്‍ വച്ചാണ് പത്തനംതിട്ട സ്വദേശിയായ തുളസി (65) നെ ഉച്ചയ്ക്ക് 12 മണിയോടെ അമിത വേഗതയിലെത്തിയ വാഹനമിടിക്കുന്നത്. എന്നാല്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ അനില്‍ കുമാര്‍ സ്വയം മുന്നോട്ട് വരികയായിരുന്നു. ഇയാള്‍ അതുവഴി വന്ന കാറില്‍ വൃദ്ധയെ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു. എന്നാല്‍ വഴിയില്‍ വച്ച് വൃദ്ധ മരണപ്പെടുകയായിരുന്നു.
ഇതിന് ശേഷം മരണാന്തര ചടങ്ങുകള്‍ക്ക് ഇടയിലാണ് വൃദ്ധയുടെ മാല കാണാതായ വിവരം ബന്ധുക്കള്‍ ശ്രദ്ധിച്ചത്. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ പരിക്കേറ്റ സമയത്ത് കഴുത്തില്‍ മാലയുണ്ടായിരുന്നതായും എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മാലയില്ലായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമദ്ധ്യേ ഇയാള്‍ വൃദ്ധയുടെ മാല ഊരിയെടുക്കുകയായിരുന്നു.
ഇടിച്ച എയ്ഷര് വാഹനവുമായി ഡ്രൈവര്‍ ഊടുവഴികളിലൂടെ കയറി പാതാളം ഏലൂര്‍ വഴി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തൃപ്പൂണിത്തുറയില്‍ നിന്നുമാണ് ഡ്രൈവറും വാഹനവും കസ്റ്റഡിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]