
സ്വന്തം ലേഖകൻ
ന്യൂഡൽഹി
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനായി പ്രത്യേക ഫണ്ട് രൂപീകരിക്കാൻ നിയമനിർമാണം വേണമെന്ന് സുപ്രീംകോടതി നിർദേശം. മാനേജ്മെന്റുകളിൽനിന്ന് ഇതിനാവശ്യമുള്ള ഫണ്ട് രൂപീകരിക്കുന്ന രീതിയിൽ നിയമനിർമാണം നടത്തുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേരള സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി. മെഡിക്കൽ കോളേജുകൾ തുടങ്ങാൻ “എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്’ അനുവദിക്കുന്നതിനു പകരമായി കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ഫണ്ടിലേക്കുള്ള പണം മാനേജ്മെന്റിൽനിന്ന് സമാഹരിക്കണം.
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലമോ കോളേജുകൾ പെട്ടെന്ന് അടയ്ക്കുന്നതു കാരണമോ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ട്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള ബദൽ സംവിധാനങ്ങളുണ്ടെന്നും ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്രഭട്ട്, പി എസ് നരസിംഹ എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ചെർപുളശേരി കേരള മെഡിക്കൽ കോളേജിൽനിന്ന് കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജിലേക്ക് മാറിയ അഞ്ച് വിദ്യാർഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച ഹർജിയിലാണ് നിരീക്ഷണം. വിദ്യാർഥികള്‍ ആദ്യകോളേജിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാലാണ് പുതിയ കോളേജിലേക്ക് മാറിയത്. കേരള മെഡിക്കൽ കോളേജിൽ രണ്ടാംവർഷത്തേക്കുള്ള ഫീസ് നൽകിയിരുന്നു. എന്നാൽ, കെഎംസിടി കോളേജും രണ്ടാം വർഷ ഫീസ് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഹർജിയിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ഉണ്ടായി. ആറു മാസത്തിനുള്ളിൽ കേരള മെഡിക്കൽ കോളേജിൽനിന്ന് റവന്യു റിക്കവറിയിലൂടെ പണം ഈടാക്കി ഫീസ് അടയ്ക്കാനായിരുന്നു ഉത്തരവ്. ആറു മാസത്തിനുള്ളിൽ ഇത് സാധിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ ഫീസ് അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. ഈ നിർദേശത്തെ ചോദ്യംചെയ്താണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് സര്‍ക്കാര്‍ അടയ്ക്കണമെന്ന നിര്‍ദേശം ശരിയല്ലെന്ന് മുതിർന്ന അഭിഭാഷകൻ വി ഗിരിയും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ശങ്കറും വാദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]