
സ്വന്തം ലേഖകൻ
കോട്ടയം : നഗരഹൃദയത്തിലുള്ള രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ .
ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചതോടെയാണ് വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർത്തിയത്.
വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കോട്ടയം നഗരസഭയ്ക്ക് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ ലാഭമാണ് ഇതിലൂടെ ഉണ്ടായത്.
ഇതേ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന പഴയ കൽപക സൂപ്പർ മാർക്കറ്റ് ഇരുന്ന കടമുറികൾ രണ്ട് വർഷം മുൻപ് ലേലം ചെയ്തത് സ്ക്വയർ ഫീറ്റിന് 110 രൂപയ്ക്കാണ്. കോട്ടയം നഗരത്തിൽ സ്വകാര്യ കെട്ടിടങ്ങൾക്ക് നൂറ് മുതൽ നൂറ്റി അൻപത് വരെയാണ് സ്ക്വയർ ഫീറ്റിന് വാടക ലഭിക്കുമ്പോഴാണ് ബാർ മുതലാളിയെ സഹായിക്കാൻ നഗരസഭയിലെ ചിലർ ഒത്തുകളിച്ചത്.
രാജധാനി ഹോട്ടൽ ഗ്രൂപ്പിന്റെ കൈവശം 9601 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിലവിൽ ഉണ്ടായിരുന്നത് . ഇതിന് സ്ക്വയർ ഫീറ്റിന് 6 രൂപ പ്രകാരമാണ് വാടക വാങ്ങുന്നത്. ഇവർക്ക് ത്രീസ്റ്റാർ ബാർ ഹോട്ടൽ തുറക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കുന്നതിനായി പുതുതായി 3504 സ്ക്വയർ ഫീറ്റ് കെട്ടിടം കൂടി നിലവിലുള്ള കെട്ടിടത്തിനോട് കൂട്ടിച്ചേർത്തു. പുതുതായി പണിത ഈ 3504 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് വെറും 15 രൂപയാണ് വാടക. ഈ പതിനഞ്ച് രൂപയാണ് 110 ആയി ഉയർത്തിയത്. ഇതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ അധികവരുമാനം ലഭിക്കും.
സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടമാണ് വെറും 15 രൂപയ്ക്ക് നല്കാൻ നഗരസഭാ അധികൃതർ തയ്യാറായത്. നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത കെട്ടിടം സ്ക്വയർ ഫീറ്റിന് 110 രൂപ വാടകയ്ക്കാണ് നല്കിയിരിക്കുന്നത്. ഈ വ്യത്യാസവും ഇതിന് പിന്നിലെ അഴിമതിയും ചൂണ്ടിക്കാട്ടിയാണ് ഏ.കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]