
1957 ലെ ഫെബ്രുവരി, മാർച്ച് ഏപ്രിൽ മാസങ്ങൾ കേരളത്തിന് നിർണ്ണായകമായിരുന്നു. ഐക്യകേരളത്തിലെ ആദ്യതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും പലദിവസങ്ങളായി നീണ്ട വോട്ടെടുപ്പും വേട്ടെണ്ണലും പുതിയ സർക്കാർ രൂപീകരണവും ഈ മാസങ്ങളിലായിരുന്നു.
ഫെബ്രുവരി 28, മാര്‍ച്ച് 2,5,7,9,11 തീയതികളിലായി ആറുഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് മാര്‍ച്ച് രണ്ടിനു വോട്ടെണ്ണല്‍ തുടങ്ങി. ഫലപ്രഖ്യാപനം പൂര്‍ത്തിയായത് മാര്‍ച്ച് 22ന് .
ഇരുപതുവരെ എണ്ണിയിട്ടും ആർക്കും ഭൂരിപക്ഷമായില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പായത് മാര്‍ച്ച് 20 നാണ്. സർക്കാർ അധികാരമേറ്റത് ഏപ്രിൽ അഞ്ചിനും.
കമ്യൂണിസ്ററ് പാർടിയുടെ നേതൃത്വത്തിൽ സർക്കാർ വന്നേക്കും എന്ന സൂചന പാർടി അനുകൂലികളെ ആവേശത്തിലാക്കി. എന്നാൽ ആശങ്കയിലായവരും ഉണ്ടായിരുന്നു. 1957 മാർച്ച് 19 ന്റെ ദേശാഭിമാനിയിൽ തിരുവനന്തപുരം ലേഖകനും പ്രശസ്ത എഴുത്തുകാരനുമായ പവനൻ എഴുതിയ കുറിപ്പ് ഈ ആകാംക്ഷയും ആശങ്കയും പകർത്തുന്നതായിരുന്നു.
റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ താഴെ:
പവനൻ
തെരഞ്ഞെടുപ്പ് ഫലങ്ങൾ അറിയിക്കുന്നതിനായി കേരള ഗവർമെണ്ടിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറിയറ്റ് വളപ്പിൽ റോഡ് അരികിലായി കുറേ ബ്ലാക്ക് ബോർഡുകൾ നിരത്തിയിട്ടുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെ ആ പലകകളിൻമേൽ മാറി മാറി വീഴുന്ന അക്കങ്ങളെയും അക്ഷരങ്ങളെയും അക്ഷമരായി നോക്കിക്കൊണ്ടിരിക്കുകയും ഇത് കൂടുതൽ വീഴുന്നില്ലല്ലോ എന്ന് ശപിക്കുകയും ചെയ്യുന്ന അനേകം പേരെ റോഡിൽ കാണാം. നട്ടുച്ച വെയിലത്തുപോലും അവർ അവിടെ നിന്ന് അത് നോക്കാതിരിക്കുന്നില്ല. കുറേപേർ സെക്രട്ടറിയറ്റ് വളപ്പിൽ കയറി മരത്തണലിൽ സ്ഥിരതാമസം തന്നെ തുടങ്ങിയി രിക്കുകയാണ്. വൈകുന്നേരം ആകുമ്പോൾ കാണികളുടെ എണ്ണം വർധിക്കും. വാഹനഗതാഗതത്തിന് തടസം നേരിടും. എല്ലാവരും വളരെ ആവേശപൂർവം സംസാരിക്കുന്നത് കാണാം. ബോർഡിൽ കുറിക്കുന്നത് കമ്യൂണിസ്റ്റ് വിജയങ്ങൾ ആണെങ്കിൽ ആഹ്ളാദ പ്രകടനവും കരഘോഷവും ഉയരും. നേരെമറിച്ച് കോൺഗ്രസ് വിജയങ്ങൾ ആണെങ്കിൽ പ്രശാന്ത നിശബ്ദത കളിയാടും. ആകാംക്ഷയോടെ ആ അക്കങ്ങളും അക്ഷരങ്ങളും നോക്കുന്നവരിൽ എല്ലാ വിഭാഗക്കാരുമുണ്ട്. പ്ലഷർ കാറുകളിൽ സായാഹ്ന സവാരിക്ക് പുറപ്പെട്ടവർ ആ സ്ഥലത്ത് എത്തുമ്പോൾ ബ്രേക്ക് മെല്ലെ ഒന്നു ചവുട്ടി തല പുറത്തിടും. ഏതാണ്ട് അരമിനിറ്റ് എങ്കിലും അവിടെ നിർത്തിയെ ബസ് ഓടുകയുള്ളു. തൊഴിലാളികൾ, എൻജിഒ മാർ, ചുമട്ടുകാർ, ഉയർന്ന ഉദ്യോഗസ്ഥൻമാർ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരും അവിടെ വന്ന് നിൽക്കാറുണ്ട്.
അവരെ ഭരിക്കാൻ അനുവദിക്കേണ്ടതാണ്
അവരുടെ കൂടെ അൽപ്പസമയം ചെലവാക്കുന്നത് രസകരമായിരിക്കും. പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും അവിടെ കേൾക്കാം.
‘‘കമ്യൂണിസ്റ്റുകാർ ചുണക്കുട്ടികളാണ്’’,
‘‘അവരെപ്പോലെ സംഘടനാ സാമർഥ്യം മറ്റാർക്കും ഇല്ല’’,
‘‘ഈ കോൺഗ്രസ് അവരെ നോക്കി പഠിക്കേണ്ടതാണ്’’,
‘‘ഈ പിഎസ്പി എന്തിനാണ് കണ്ടിടത്ത് എല്ലാം കയറി നിന്ന് കെട്ടിവെച്ച പണം നഷ്ടപ്പെടുത്തുന്നത്.’’
‘‘ആർഎസ്പിയുടെ സ്കൂൾ പൂട്ടി.’’
‘‘ കോൺഗ്രസ് ഇനി ഭരണത്തിൽ വരികയില്ല.’’
‘‘കമ്യൂണിസ്റ്റുകാരെ ഭരിക്കാൻ അനുവദിക്കുമോ.’’
‘‘ജനങ്ങൾ അവരെക്കൊണ്ട് ഭരിപ്പിക്കും.’’
‘‘കേന്ദ്രം എതിർത്താലോ?’’
‘‘പിന്നെ എന്തു ജനകീയമാ?’’
‘‘കമ്യൂണിസ്റ്റുകാർക്ക് കേവല ഭൂരിപക്ഷം കിട്ടിയാലോ?’’
‘‘പിന്നെ ഈ ചോദ്യം തന്നെയില്ല.’’
‘‘എങ്ങിനെ ആയാലും ഇത്തവണ അവരെ ഭരിക്കാൻ അനുവദിക്കേണ്ടതാണ്. ’’
എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ തുടർച്ചയായി കേൾക്കാം.
ഇതിൽ ഒടുവിൽ പറഞ്ഞ അഭിപ്രായത്തിനാണ് പരക്കെ പ്രചാരമുള്ളത്. പാർടിനില അറിയുവാൻ ഞങ്ങളുടെ ഓഫീസിലും വസതിയിലും നൂറുകണക്കായ ആളുകൾ വരികയും ഫോൺ ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരിൽ ചിലരോട് ഈ ലേഖകൻ ചോദിച്ചു –
‘‘കമ്യൂണിസ്റ്റ് പാർട്ടിയെകുറിച്ച് അറിയുവാനും അവരെ അധികാരത്തിൽ വരുത്തുവാനും നിങ്ങൾക്ക് എന്താണ് ഇത്ര താൽപര്യം’’
മിക്കവാറും ഇടത്തരക്കാരോടാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നത്. അവരിൽ നിന്ന് കിട്ടിയ സാന്പിൾ മറുപടികൾ ഇതാ:
‘‘ഞങ്ങൾ ഒരു മാറ്റം വന്നു കാണാൻ ആഗ്രഹിക്കുന്നു’’
‘‘കോൺഗ്രസ് ഭരണത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. രക്ഷപ്പെടുത്താൻ കഴിവുള്ള പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണ്’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]