കോട്ടയം: എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഹിന്ദു ആരാധന മൂർത്തി ഗണപതി ഭഗവാനെ അധിക്ഷേപിച്ച് പരാമർശം നടത്തിയ എഎൻ ഷംസീറിർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നത്. ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം പിൻവലിച്ച് മാപ്പുപറയാൻ വിസമ്മതിച്ച സാഹചര്യത്തിലും സംഘടനയുടെ ആവശ്യത്തെ നിസാര വത്കരിച്ചതിനെതിരെയുമാണ് പ്രതിഷേധം. ഇത് സംബന്ധിച്ച സർക്കുലർ കഴിഞ്ഞദിവസം എൻഎസ്എസ് പുറത്തിറക്കിയിരുന്നു.
വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന നാളെ എല്ലാ വിശ്വാസികളും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. സ്പീക്കറിന്റെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചെന്നും അതിനാൽ അദ്ദേഹം മാപ്പുപറഞ്ഞ് രാജിവെക്കണമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിപിഎം തള്ളിയതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തത്.
എൻഎസ്എസിന്റെ ആവശ്യം അംഗീകരിക്കാൻ സാാധിക്കില്ല എന്നതായിരുന്നു സിപിഎം നിലപാട്. ഷംസീർ പറഞ്ഞത് സയൻസാണെന്നും അതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മാപ്പിന്റെയും രാജിയുടെയും ആവശ്യമില്ലെന്നും മിത്തിനെ ചരിത്രമാക്കാൻ ശ്രമിക്കരുതെന്നും ഗോവിന്ദൻ പ്രതികരിച്ചു. എൻഎസ്എസിനെ കടന്നക്രമിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും രംഗത്തുവന്നിരുന്നു.
എന്നാൽ വിഷയത്തിൽ എൻഎസ്എസിന് അനുകൂല നിലപാടാണ് ഇടത് എംഎൽഎയായ കെ.ബി ഗണേഷ് കുമാർ സ്വീകരിച്ചത്. വിഷയത്തിൽ എൻഎസ്എസിനെ പിന്തുണയ്ക്കുമെന്നും സംഘടന എന്താണോ ആഹ്വാനം ചെയ്തത് അത് നടപ്പാക്കുമെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
The post എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്; വിവിധയിടങ്ങളിൽ നാമജപ പ്രതിഷേധം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]