
കൊച്ചി
രാജ്യത്തെ ജനജീവിതം ഇരുട്ടിലാക്കി കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ള നിർബാധം തുടരുന്നു. പെട്രോൾ, ഡീസൽ വില വർധിപ്പിക്കൽ ദിനചര്യയാക്കിയ ബിജെപി സർക്കാർ വെള്ളിയാഴ്ച പാചകവാതക,- സിഎൻജി വിലകളും കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 258.50 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് കോഴിക്കോട് 2285.50 രൂപയായി.
കൊച്ചിയിൽ 2256ഉം തിരുവനന്തപുരത്ത് 2275ഉം. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചിരുന്നു. കോവിഡ് അടച്ചുപൂട്ടലിനുശേഷം വിപണി കരകയറുന്നതിനിടയിലാണ് ഈ ഇരുട്ടടി. ഒരു മാസത്തിനുള്ളിൽ 365 രൂപയാണ് കൂട്ടിയത്. ഹോട്ടല്‍, ബേക്കറി, കുടുംബശ്രീ സംരംഭം ചെറുകിട ഭക്ഷ്യോൽപ്പന്ന യൂണിറ്റ് തുടങ്ങിയവയ്ക്ക് കനത്ത പ്രഹരമാണിത്. എല്‍പിജി ഉപയോഗിക്കുന്ന വ്യവസായങ്ങളും പ്രതിസന്ധിയിലാകും. അടുത്ത ദിവസം തന്നെ ഗാര്‍ഹിക സിലിണ്ടര്‍ വിലയും ഉയരാനിടയുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പാചകവാതക വില കൂട്ടൽ നിർത്തിവച്ചിരുന്നു. അതിനുമുമ്പ് ഡിസംബർവരെ തുടർച്ചയായി ആറ് മാസം വില കൂട്ടി. നവംബറിൽ 268 രൂപയും ഡിസംബറിൽ 102 രൂപയുമാണ് കൂട്ടിയത്. ആറ് മാസത്തിനുള്ളിൽ 632.50 രൂപ കൂട്ടി. ഒമ്പത് മാസത്തിനുള്ളില്‍ 997.50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 11 മാസത്തിനുള്ളില്‍ 305.50 രൂപയും.
ഒരു കിലോ സിഎന്‍ജിക്ക് ഒമ്പത് രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ വില 80ആയി. വിവിധയിടങ്ങളിൽ 85 രൂപവരെ നൽകണം. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പൊറുതിമുട്ടി ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറുമ്പോഴാണ് കൂനിന്മേൽ കുരുപോലെ ഈ വർധന. അഞ്ച് മാസത്തിനിടയില്‍ 15.05 രൂപയാണ് കൂട്ടിയത്.
പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി
പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രം വീണ്ടും കൂട്ടി. ശനിയാഴ്ച പെട്രോളിന് ലിറ്റിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 11 ദിവസത്തിനുള്ളിൽ പത്തുതവണയായി പെട്രോളിന് 7.88 രൂപയും ഡീസലിന് 7.60 രൂപയുമാണ് കൂട്ടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]