
ചങ്ങനാശേരി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ചങ്ങനാശേരിയിൽ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പ്രകടനം നടത്തി. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയോ തൊഴിലാളി സംഘടനയോ അല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന മുദ്രാവാക്യവും മുഴക്കി. ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതിയംഗവും കോൺഗ്രസ് നേതാവുമായ പി പി തോമസ് നേതൃത്വം നൽകി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്കിനെതുടർന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയായിരുന്നു സതീശന്റെ പ്രസ്താവന.
ചങ്ങനാശേരി മാർക്കറ്റിൽ വട്ടപ്പള്ളിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് തൊഴിലാളികൾ ഐഎൻടിയുസി പതാകയുമേന്തി പങ്കെടുത്തു. ഐഎൻടിയുസി ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ ജോമോൻ കുളങ്ങര, ഐഎൻടിയുസി നേതാക്കളായ എ നാസർ, കെ വി മാർട്ടിൻ, പി പി ഷാജി, തങ്കച്ചൻ എന്നിവരും നേതൃത്വംനൽകി.
അച്ചടക്ക നടപടി ഭയക്കുന്നില്ലെന്നും സതീശന് ഐഎൻടിയുസിയുടെ ശക്തി കാണിച്ചുകൊടുക്കുമെന്നും പ്രതിഷേധം നയിച്ച പി പി തോമസ് പറഞ്ഞു. തൊഴിലാളികളുടെ കൈക്കരുത്ത് സതീശന് കാട്ടികൊടുക്കാമെന്ന് മാർക്കറ്റിലെ തൊഴിലാളി തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
സതീശന് വിയർപ്പിന്റെ
വിലയറിയില്ലെന്ന്
ഐഎൻടിയുസിക്കാർ
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചെപ്പക്കുറ്റി അടിച്ചുപൊട്ടിക്കണമെന്ന് കോൺഗ്രസ് പോഷക സംഘടനയായ ഐഎൻടിയുസി തൊഴിലാളികൾ. ഐഎൻടിയുസിക്കെതിരെയുള്ള സതീശന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ചങ്ങനാശേരി മാർക്കറ്റിലെ ഐഎൻടിയുസി തൊഴിലാളികളുടെ രൂക്ഷമായ പ്രതികരണം. സതീശന് വിയർപ്പിന്റെ വിലയറിയില്ല. നേതാക്കളുടെ തമ്മിൽതല്ലാണ് പ്രശ്നം. ഞങ്ങളെ തമ്മിൽതല്ലിക്കാൻ നോക്കുന്നത് നേതാക്കളാണ്. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുവേണ്ടെന്ന് പറയാൻ സതീശന് ധൈര്യമുണ്ടോയെന്നും തൊഴിലാളികൾ ചോദിച്ചു.
‘ പ്രതിപക്ഷ നേതാവ് ഇതിലേയെങ്ങാനും വന്നാൽ അവന്റെ ചെപ്പക്കുറ്റി അടിച്ചുപൊട്ടിക്കണം, അത്രക്കും നാറിയാണയാൾ, തൊഴിലാളികളെ അവഹേളിക്കാൻ വെള്ള ഷർട്ടുമിട്ട് നടക്കുന്ന ഇവന് നാണമില്ലേ’ ഐഎൻടിയുസി അംഗമായ തങ്കച്ചൻ പ്രതികരിച്ചു. ‘കോൺഗ്രസും അതിന്റെ തൊഴിലാളി പ്രസ്ഥാനവും ഞങ്ങളുടെ ചോരയും നീരുമാണ്. ഇവനൊക്കെ തെരഞ്ഞെടുപ്പുവരുമ്പോൾ മത്സരിക്കാൻ പണം കൊടുക്കുന്നത് ഞങ്ങളാണ്. അതുവാങ്ങി ചെലവഴിച്ചിട്ടാണ് ഇത്തരത്തിൽ അധിക്ഷേപിച്ചത്. സതീശൻ മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരും’ തൊഴിലാളിയായ പി പി ഷാജി പ്രതികരിച്ചു‘ ഇവന്മാർക്ക് ഞങ്ങൾ എല്ലുമുറിയെ പണിയെടുത്ത് കാശ് നൽകണം.
നേതാക്കൾ വെള്ള ഷർട്ടുമിട്ട് എഴുന്നള്ളുമ്പോൾ അവരെ സ്വീകരിക്കാനും കൊടി കെട്ടാനും ഐഎൻടിയുസിയേ ഉള്ളൂ.
ഇവനൊന്നും സംസ്കാരം ഇല്ല’ തൊഴിലാളിയായ നാസർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]