
സ്വന്തം ലേഖകൻ
കോട്ടയം : തായ്ലൻഡിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയത് തട്ടിപ്പ് നടത്തിയ കേസിൽ ട്രാവൽ ഏജന്റ് ഉടമ പിടിയിൽ. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ട്രാവൽ കെയർ ഏജന്റ് ഉടമ പാലക്കാട് ആലത്തൂർ സ്വദേശിഅഖിൽ എന്ന് വിളിക്കുന്ന ബ്രിജേഷ് പി കെ (42) യാണ് പിടിയിലായത്.
തൃശ്ശൂർ സ്വദേശിയായ യുവാവും സംഘവുമാണ് തട്ടിപ്പിനിരയായത്. തായ്ലൻഡിൽ കുടുങ്ങിയ സംഘത്തെ മന്ത്രി വി എൻ വാസവന്റെ ഇടപെടലിലൂടെയാണ് നാട്ടിൽ തിരികെ എത്തിച്ചത്.
സംഭവമിങ്ങനെ : തായ്ലന്റിലേക്ക് വിദേശ ടൂർ പോകുന്നതിനായി യുവവും സംഘവും ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്രിജേഷിന്റെ ട്രാവൽ കെയർ ഏജൻസിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പാക്കേജ് നൽകാമെന്നും ഇതിനായി 2,51, 400 രൂപ അടയ്ക്കണമെന്ന് പറഞ്ഞു. തുടർന്ന് സംഘം പണം അടച്ചു.
അദ്ധ്യാപകരും ഡോക്ടറും, ടെക്നോപാർക്ക് ജീവനക്കാരനും, മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘം 20 നാണ് കൊച്ചിയിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ തായ്ലൻഡിലേക്ക് പുറപ്പെട്ടത്.
തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണിവർ .
ബ്രിജേഷ് കരാർ നൽകിയ പട്ടായയിലെ ടുറാസ്റ്റിക്കിന്റെ പ്രതിനിധി കാർലുവായിരുന്നു സംഘത്തിന്റെ തായ്ലാൻഡിലെ ട്രാവൽ ഏജന്റ്.
രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള യാത്രാപരിപാടികളെക്കുറിച്ച് അറിയിപ്പ് ലഭിക്കാതിരുന്നതോടെയാണ് സംഘം ചതിയിൽപ്പെട്ടത് മനസിലാക്കിയത്.
പിന്നാലെ കാർലു പട്ടായയിലെ ഗോൾഡൻ സീ ഹോട്ടലിലെത്തി യാത്രാസംഘത്തെ ട്രാവൽ ഏജന്റ് ഭീഷണിപ്പെടുത്തി. മുഴുവൻ തുകയും നൽകണം. ഇല്ലെങ്കിൽ പാസ്പോർട്ട് പിടിച്ചുവയ്ക്കുമെന്നും പട്ടായ പോലീസിൽ പരാതി നൽകി അകത്താക്കുമെന്നുമായിരുന്നു ഭീഷണി.
ഇതോടെ സംഘത്തിലെ മാധ്യമപ്രവർത്തകൻ മന്ത്രി വി.എൻ. വാസവനെ ഫോണിൽ വിളിച്ച് സഹായം തേടി.
അർദ്ധരാത്രി ഭയന്ന് വിറച്ച് സഹായം തേടിയവർക്ക് താങ്ങും തണലും കരുതലുമായി ജനനായകൻ.
നിങ്ങൾ ഭയക്കേണ്ട. കോട്ടയം സ്വദേശിയും തായ്ലൻഡിൽ ബിസിനസുകാരനുമായ അജയൻ വർഗീസ് നിങ്ങളെ ഉടൻ വിളിക്കുമെന്ന് മന്ത്രി പറഞ്ഞു.
മിനിറ്റുകൾക്കുള്ളിൽ അജയൻ വർഗീസിന്റെ വിളി മാധ്യമ പ്രവർത്തക നേ തേടിയെത്തി. പരിഭ്രാന്തരാകേണ്ടെന്നും
തടസമില്ലാതെ യാത്ര തുടരാൻ സാഹചര്യമൊരുക്കാമെന്നും അജയൻ അറിയിച്ചു.
തുടർന്ന് വ്യാഴാഴ്ച രാത്രി പതിനാറ് പേരേയും സുരക്ഷിതമായി വിമാന താവളത്തിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ തന്നെ സംഘം കേരളത്തിലെത്തി. പതിനാറ് പേരും വിമാനത്താവളത്തിലെത്തുന്നതുവരെ തുടർച്ചയായി അജയനും മാധ്യമ പ്രവർത്തകനുമായി മന്ത്രി സംസാരിക്കുകയും സംഘത്തിലെ കുട്ടികളടക്കമുള്ളവർക്ക് ധൈര്യം പകർന്ന് നല്കുകയും ചെയ്തു.
പതിനാല് മുതിർന്നവരും രണ്ട് കുട്ടികളുമടങ്ങിയ വിനോദയാത്രാ സംഘമാണ് മന്ത്രിയുടെ ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തിയത്.
നാട്ടിലെത്തിയ ഇവരുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ മാരാരിക്കുളത്തു നിന്നും പിടികൂടുകയും ആയിരുന്നു. കുമരകം സ്റ്റേഷൻ എസ്എച്ച്ഒ ബിൻസ് ജോസഫ്, സിപിഒ മാരായ ഷൈജു കുരുവിള, അഭിലാഷ്, രാജു, ഹരിലാൽ സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു .
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]