ഗൂഗിളിന്റെ ഔദ്യോഗിക പ്ലേ സ്റ്റോറിന് പുറത്തുള്ള ആപ്പുകൾ പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ F-Droid അതിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. പഴയകാല ഇന്റർഫേസും സങ്കീർണ്ണമായ ഫീച്ചറുകളും കാരണം ഉപയോക്താക്കൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് F-Droid 2.0 എത്തിയിരിക്കുന്നത്.
ആപ്പ് ഡിസ്കവറി, സെർച്ച് സംവിധാനം, ആപ്പ് ഇൻസ്റ്റാളേഷൻ പ്രക്രിയ എന്നിവയിലെല്ലാം വലിയ മാറ്റങ്ങളാണ് ഈ പുതിയ പതിപ്പിൽ വരുത്തിയിട്ടുള്ളത്. ആപ്പിൽ പ്രവേശിക്കുമ്പോൾ തന്നെ വളരെ വൃത്തിയായതും ആധുനികവുമായ ഒരു രൂപമാണ് ഉപയോക്താക്കൾക്ക് കാണാൻ കഴിയുക.
ഡിസ്കവർ (Discover), കാറ്റഗറീസ് (Categories), മൈ ആപ്സ് (My Apps) എന്നിങ്ങനെ കൃത്യമായ നാവിഗേഷൻ സംവിധാനങ്ങളോടെയാണ് പുതിയ ഇന്റർഫേസ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ മെറ്റീരിയൽ യു (Material You) തീമിങ് ഉൾപ്പെടെയുള്ള ആധുനിക ആൻഡ്രോയിഡ് ഡിസൈൻ രീതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴയ പതിപ്പുകളിൽ ആപ്പുകളുടെ കൃത്യമായ പേര് അറിയാമെങ്കിൽ മാത്രമേ തിരയാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ F-Droid 2.0-ൽ ഈ പോരായ്മ പരിഹരിച്ചു.
ഇപ്പോൾ ആപ്പ് നാമങ്ങൾക്ക് പുറമെ ആപ്പ് വിവരണങ്ങൾ, വിഭാഗങ്ങൾ, വിവർത്തനം ചെയ്ത ഉള്ളടക്കങ്ങൾ എന്നിവ അടിസ്ഥാനമാക്കിയും തിരച്ചിൽ നടത്താൻ സാധിക്കും. അഡ്വാൻസ്ഡ് ഫിൽട്ടറിംഗ് സംവിധാനം ഉപയോക്താക്കൾക്ക് ആവശ്യമുള്ള ആപ്പുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നു.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന രീതിയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നേരത്തെ ബ്രൗസർ വഴി തേർഡ് പാർട്ടി എപികെ (APK) ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് സമാനമായിരുന്നു രീതി.
എന്നാൽ പുതിയ പതിപ്പിൽ യൂണിഫൈഡ് ഇൻസ്റ്റാളറും ആൻഡ്രോയിഡിന്റെ പുതിയ പ്രീ-അപ്രൂവൽ എപിഐകളും (APIs) ഉപയോഗിച്ചിരിക്കുന്നതിനാൽ ഡൗൺലോഡിംഗിനായി കാത്തുനിൽക്കാതെ തന്നെ പെട്ടെന്ന് അനുമതി നൽകി ഇൻസ്റ്റാൾ ചെയ്യാം. പ്ലേ സ്റ്റോറിന് സമാനമായി പശ്ചാത്തലത്തിൽ ആപ്പുകൾ പരിശോധിക്കുകയും ഓട്ടോമാറ്റിക്കായി അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്ന രീതിയും ഇതിലുണ്ട്.
ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്നവർക്ക് കൂടുതൽ സുഗമമായ അനുഭവമാണ് പുതിയ F-Droid 2.0 നൽകുന്നത്. ദീർഘകാലമായി ഉപയോക്താക്കൾ ഉന്നയിച്ച പ്രധാന പരാതികൾക്കെല്ലാം പരിഹാരം കണ്ടാണ് ഈ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

