മുംബൈ∙ ഒളിംപിക്സിൽ നേടിയ മെഡലുകളുമായി ‘ഷോ’ നടത്തുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി ഷൂട്ടിങ് താരം മനു ഭാക്കർ വീണ്ടും രംഗത്ത്. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി എന്ന നിലയിൽ സാരിയുടുത്ത് കഴുത്തിൽ ഇരു മെഡലുകളും ധരിച്ചുള്ള ചിത്രം മനു ഭാക്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഇതിനു പിന്നാലെ, കരിയറിൽ ഇതുവരെ നേടിയ എല്ലാ മെഡലുകളും മുന്നിൽ നിർത്തിവച്ച് മറ്റൊരു ചിത്രം കൂടി മനു ഭാക്കർ ഇന്ന് പോസ്റ്റ് ചെയ്തു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തന്റെ യാത്രയേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു കുറിപ്പും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘‘ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട യാത്ര ആരംഭിക്കുമ്പോൾ എനിക്ക് 14 വയസ് മാത്രമായിരുന്നു പ്രായം. ഇവിടം വരെ എത്താനാകുമെന്ന് ഒരു ഘട്ടത്തിലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഒരിക്കൽ ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞാൽ, സ്വപ്നം എത്തിപ്പിടിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെങ്കിലും അതിനായി സർവവും സമർപ്പിക്കുക. ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, ആവേശം കൈവിടാതിരിക്കുക. സ്വപ്നത്തോടുള്ള അടങ്ങാത്ത അഭിനിവേശമാകണം നമ്മുടെ ഇന്ധനം. ഓരോ ചെറിയ ചുവടും ആ സ്വപ്നത്തോട് നമ്മെ അടുപ്പിക്കുകയാണ്. തളരാതെ മുന്നേറുക. നാം പ്രതീക്ഷിക്കുന്നതിലും കൂടുതൽ മുന്നേറാൻ സാധിക്കുമെന്ന് ഉറപ്പ്. ഉവ്വ്, ഒളിംപിക്സിൽ സ്വർണ മെഡലുകൾ സ്വന്തമാക്കുകയെന്ന സ്വപ്നം ഇപ്പോഴും ബാക്കിനിൽക്കുന്നു.’’ – മനു കുറിച്ചു.
I was 14 when I started my journey in shooting. Never had I imagined I would reach this far. Once you start something, make sure you do everything possible to chase your dreams relentlessly, no matter how tough it gets. Stay focused, stay driven, and let your passion fuel your… pic.twitter.com/6Zn8mBuCF4
— Manu Bhaker🇮🇳 (@realmanubhaker) September 26, 2024
ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു ഭാക്കർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണ യോഗങ്ങൾ ഉൾപ്പെടെ വ്യത്യസ്ത പരിപാടികൾക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഇവിടങ്ങളിലെല്ലാം ഒളിംപിക്സ് മെഡലുകളുമായി പോകുന്നതാണ് മനുവിന്റെ രീതി. ഇതോടെയാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾ ഉയർന്നത്.
The two bronze medals I won at the Paris 2024 Olympics belong to India. Whenever I am invited for any event and asked to show these medals, I do it with pride. This is my way of sharing my beautiful journey.@Paris2024 #Medals #India pic.twitter.com/UKONZlX2x4
— Manu Bhaker🇮🇳 (@realmanubhaker) September 25, 2024
‘‘പാരിസ് ഒളിംപിക്സിൽ ഞാൻ നേടിയ രണ്ടു മെഡലുകളും ഇന്ത്യയ്ക്കായി നേടിയതാണ്. ഒളിംപിക്സിനു ശേഷം ഏതു പരിപാടിക്ക് എന്നെ വിളിച്ചാലും മെഡലുകൾ കൂടി കൊണ്ടുവരണമെന്ന് സംഘാടകർ ആവശ്യപ്പെടാറുണ്ട്. മെഡലുമായി പോകുന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. എന്റെ സുന്ദരമായ യാത്ര എല്ലാവരുമായി പങ്കുവയ്ക്കുന്നതിനുള്ള എന്റെ രീതി ഇതാണ്’ – മനു ഭാക്കർ ഇന്നലെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
English Summary:
“My dream of winning Olympic gold medals continues” – Manu Bhaker pens down a motivational message for her future goals
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]