കൊച്ചി ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പരിശീലകനെ മാറ്റി ഐഎസ്എലിനെത്തിയ ബ്ലാസ്റ്റേഴ്സിൽ നിന്നു മത്സരഫലത്തിനപ്പുറം ചില ഉത്തരങ്ങൾ കൂടി ആരാധകർ തേടിയിരുന്നു. എന്താകും പുതിയ പരിശീലകന്റെ ഫിലോസഫി? എങ്ങനെയാകും കളിക്കാർ അതിനോടു പൊരുത്തപ്പെടുക? ശൈലീമാറ്റം കളത്തിൽ തെളിയാൻ എത്ര സമയമെടുക്കും? ഈ മൂന്നു ചോദ്യങ്ങൾക്കുമുള്ള ഉത്തരം കൂടി നൽകിയാണ് സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ വിജയം കുറിച്ചു മികായേൽ സ്റ്റാറെയുടെ ബ്ലാസ്റ്റേഴ്സ് മടങ്ങുന്നത്.
മുന്നും പിന്നും നോക്കി
പ്രതിരോധത്തിനു മുൻഗണന നൽകുന്ന, എങ്കിലും നിരന്തര ആക്രമണം ശൈലിയാക്കിയ തന്ത്രജ്ഞനെന്ന വിശേഷണത്തോടെയായിരുന്നു സ്റ്റാറെയുടെ വരവ്. ആ പ്രതീക്ഷകൾക്കൊപ്പം സഞ്ചരിച്ചാണു ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരം പൂർത്തിയാക്കുന്നത്. മിലോസ് ഡ്രിൻസിച്ചും പ്രീതം കോട്ടാലും ചേർന്ന സെന്റർബാക്ക് സഖ്യത്തിന്റെ കെട്ടുറപ്പും പ്രതീക്ഷ പകരുന്ന ഒന്നായി രണ്ടു മത്സരങ്ങൾ കൊണ്ടു തെളിഞ്ഞു. വിങ് ബാക്കുകൾക്കു മുന്നേറ്റത്തിന്റെ ‘അധികച്ചുമതല’ കൂടി ഏൽപിക്കുന്ന സ്റ്റാറെയുടെ ശീലം പ്രതിരോധത്തെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ടീമിൽ ഏറ്റവും വേഗം ‘സെറ്റ്’ ആയ വിഭാഗമാണ് ഇപ്പോൾ ഡിഫൻസ്.
മിഷൻ ഫൈനൽ തേഡ്
വെർട്ടിക്കൽ ഫുട്ബോൾ തന്ത്രം പയറ്റി എതിർ ഗോൾമുഖത്തേയ്ക്ക് ഇരമ്പിക്കയറും ഇത്തവണയെന്നായിരുന്നു സീസണിനു മുൻപേ അഡ്രിയൻ ലൂണയുടെ പ്രഖ്യാപനം. ക്യാപ്റ്റന്റെ വാഗ്ദാനം പാഴ്വാക്കല്ലെന്നു തെളിയിക്കുന്നതാണു ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റങ്ങൾ. 90 മിനിറ്റിനിടയിൽ 56 തവണ ഫൈനൽ തേഡിലേക്കു പന്തുമായി ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ കടന്നുകയറി. മുന്നേറ്റങ്ങൾ പലപ്പോഴും അപകടം വിതയ്ക്കുന്ന മട്ടിലേക്കു വളർന്നില്ലെന്നതാണു ടീം ഇനിയും മുന്നേറാനുള്ള മേഖല. മത്സരശേഷം കോച്ച് സ്റ്റാറെയും അതു മറച്ചുവച്ചിട്ടില്ല – ‘ആക്രമണത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടായി. പക്ഷേ, ആദ്യ മത്സരത്തെക്കാളേറെ മെച്ചപ്പെട്ടു. ചില മാറ്റങ്ങളും ഫലം കണ്ടു’. ആക്രമണത്തിലെ മൂർച്ചക്കുറവിനു ലൂണയുടെ വരവോടെ പരിഹാരമാകുമെന്നും കോച്ച് വ്യക്തമാക്കുന്നു.
Indian Super League
Full Time
KBFC
2
Noah Sadaoui 63
Peprah 88
EBFC
1
PV Vishnu 59
പ്രതീക്ഷ കാത്ത മാറ്റങ്ങൾ
പന്ത് നിയന്ത്രിക്കാനും പാസ് നൽകാനും ഷോട്ടെടുക്കാനും ഗോളടിക്കാനും അസിസ്റ്റ് ഒരുക്കാനും ലൂണയില്ലാതെ പോയെന്നു പറഞ്ഞുവെങ്കിലും അറ്റാക്കിങ് മിഡ്ഫീൽഡിൽ സ്റ്റാറെ വരുത്തിയൊരു അപ്രതീക്ഷിത നീക്കമാണ് ഈസ്റ്റ് ബംഗാളിനെതിരെ ടീമിന്റെ പ്രകടനത്തിൽ നിർണായകമായത്. സെൻട്രൽ മിഡ്ഫീൽഡിൽ ഇറങ്ങാറുള്ള ഡാനിഷ് ഫാറൂഖിനെ അറ്റാക്കിങ് മിഡ്ഫീൽഡറാക്കി നിയോഗിച്ചതു പ്രസിങ് മികവിന്റെ പേരിലാണ്. നോവയും ഹെസൂസുമുള്ള മുൻനിരയിലേക്ക്, ഇടിച്ചുകയറാൻ മടിയില്ലാത്ത ഡാനിഷ് കൂടി വന്നത് ഈസ്റ്റ് ബംഗാളിന്റെ പിൻനിരയുടെ സമ്മർദമേറ്റുകയും ചെയ്തു.
English Summary:
Kerala Blasters game plan against East Bengal