
പെർത്ത്∙ ഓസീസ് ബോളർമാരുടെ ബൗൺസറുകളെ, നമ്മുടെ രാജ്യത്തിനായി വെടിയുണ്ടകളെന്ന പോലെ നേരിടണമെന്നാണ് പരിശീലകൻ ഗൗതം ഗംഭീർ അരങ്ങേറ്റത്തിനു മുൻപു നൽകിയ ഉപദേശമെന്ന് ഇന്ത്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡി. പേസ് ബോളർമാരെ തുണയ്ക്കുന്ന പെർത്തിലെ ബൗൺസുള്ള പിച്ചിൽ ആദ്യദിനം 17 വിക്കറ്റുകൾ വീണപ്പോൾ, ഇരു ടീമുകളിൽനിന്നുമായി ടോപ് സ്കോററായത് നിതീഷ് റെഡ്ഡിയായിരുന്നു. ആദ്യ ദിനം മത്സരശേഷം സംസാരിക്കുമ്പോഴാണ് നിതീഷ് റെഡ്ഡി ഗംഭീറിന്റെ ഉപദേശം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
മത്സരത്തിൽ 59 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെഡ്ഡി ആറു ഫോറും ഒരു സിക്സും സഹിതം 41 റൺസോടെയാണ് ടോപ് സ്കോററായത്. ഓസീസ് സ്പിന്നർ നേഥൻ ലയണിനെ എതിരാളികളുടെ തട്ടകത്തിൽ വിദഗ്ധമായി നേരിട്ട നിതീഷ് റെഡ്ഡി, വെറ്ററൻ താരത്തിനെതിരെ നാലു ബൗണ്ടറികളും നേടി. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ പരമാവധി റൺസ് കണ്ടെത്തുന്നതിനാണ് സ്പിന്നറായ ലയോണിനെതിരെ കടന്നാക്രമണം നടത്തിയതെന്ന് നിതീഷ് പറഞ്ഞു.
‘‘പെർത്തിനെക്കുറിച്ചും ഇവിടുത്തെ പിച്ചിനെക്കുറിച്ചും ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്. ഒന്നാം ടെസ്റ്റിനു മുന്നോടിയായി ഞങ്ങളുടെ അവസാന പരിശീലന സെഷനു ശേഷം ഗംഭീർ സാറുമായി ഞാൻ സംസാരിച്ചിരുന്നു. മത്സരത്തിനിടെ ഓസീസ് ബോളർമാരുടെ കനത്ത ബൗൺസറുകൾ എതിരെ വന്നാൽ, മികച്ച സ്പെല്ലുകൾ നേരിടേണ്ടി വന്നാൽ സ്വന്തം രാജ്യത്തിനായി വെടിയുണ്ടകളെന്ന പോലെ അവയെ നേരിടാനാണ് അദ്ദേഹം പറഞ്ഞത്’ – നിതീഷ് റെഡ്ഡി വെളിപ്പെടുത്തി.
GAUTAM GAMBHIR GIVES GHAMBHIR ADVANCE TO NKR#INDvsAUS #BorderGavaskarTrophy pic.twitter.com/RjynNMHlDT
— Nitish Kumar Reddy (@Nitishkreddy8) November 22, 2024
‘‘ആ നിർദ്ദേശം എന്നെ ഒരുപാടു സഹായിച്ചു എന്നതാണ് വാസ്തവം. ആ വാക്കുകൾ എനിക്ക് വലിയ ഉത്തേജനമായി. ഇക്കാര്യം എന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. പെർത്തിലെ പിച്ച് ബൗണ്സുള്ളതാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതോടെ അവയെല്ലാം വെടിയുണ്ടകൾ നേരിടുന്നപോലെ രാജ്യത്തിനായി നേരിടേണ്ടതാണെന്ന ബോധ്യം വന്നു. ഗംഭീർ സാറിൽനിന്ന് എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും നല്ല ഉപദേശവും അതു തന്നെയാണെന്ന് കരുതുന്നു.’ – നിതീഷ് റെഡ്ഡി പറഞ്ഞു.
English Summary:
‘Face bouncers like taking bullets for your country’, Nitish reveals Gambhir’s message
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]