
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഓരോ ടീമുകൾക്കും എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന ടീമുകളുടെ പ്രഖ്യാപനവും വൈകുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചു താരങ്ങളെ ടീമിനൊപ്പം നിർത്താനാണ് ആലോചിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനും വെറ്ററൻ താരം എം. എസ്. ധോണിക്കുമാണ് ചെന്നൈ ഏറ്റവും പ്രാധാന്യം നൽകുന്നത്. രവീന്ദ്ര ജഡേജ, ശിവം ദുബെ, ശ്രീലങ്കൻ താരം മതീഷ പതിരാന എന്നിവരും ചെന്നൈയ്ക്കൊപ്പം തുടരുമെന്നാണു പുറത്തുവരുന്ന വിവരം.
Duleep Trophy
ദുലീപ് ട്രോഫിയോടെ സൂര്യയ്ക്കും അയ്യർക്കും ‘ക്ഷീണം’; ഓസീസ് പര്യടനത്തിനു മുൻപേ സിലക്ടർമാരെ ‘പരീക്ഷിച്ച്’ സഞ്ജു
Cricket
ആറു താരങ്ങളെയെങ്കിലും അടുത്ത സീസണിൽ നിലനിർത്താൻ സാധിക്കുമെന്നാണു ടീമുകളുടെ പ്രതീക്ഷ. സ്വന്തമായി വളർത്തിയെടുത്ത താരങ്ങളെ മെഗാലേലത്തിനായി കൈവിടാൻ സാധിക്കില്ലെന്ന് ഫ്രാഞ്ചൈസികൾ ബിസിസിഐയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമുടമ കാവ്യ മാരനാണ് ശക്തമായ നിലപാടെടുത്തത്. ധോണിയെ നിലനിർത്താൻ ‘അൺകാപ്’ സംവിധാനം തിരികെക്കൊണ്ടുവരണമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് അഞ്ചു വർഷം പിന്നിട്ട താരങ്ങളെ അൺകാപ്ഡ് ആയി പരിഗണിക്കുന്നതാണ് ഈ രീതി.
ഈ നിയമം മുൻപ് ഐപിഎല്ലിൽ ഉണ്ടായിരുന്നെങ്കിലും ആരും ഉപയോഗിച്ചിരുന്നില്ല. എന്നാൽ ധോണിയുടെ കാര്യത്തില്‍ ഈയൊരു ആനുകൂല്യം ആവശ്യമില്ലെന്നായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി പ്രതികരിച്ചത്. ഡാരിൽ മിച്ചൽ, ദീപക് ചാഹർ, ഡെവോൺ കോൺവെ, മഹീഷ് തീക്ഷണ തുടങ്ങിയ താരങ്ങളെ ചെന്നൈയ്ക്ക് കൈവിടേണ്ടിവരും. അങ്ങനെയെങ്കില്‍ ഈ താരങ്ങളെല്ലാം മെഗാലേലത്തിന്റെ ഭാഗമാകും. കഴിഞ്ഞ സീസണിൽ ഐപിഎൽ പ്ലേ ഓഫിൽ കടക്കാൻ ചെന്നൈ സൂപ്പർ കിങ്സിനു സാധിച്ചിരുന്നില്ല. 46 വയസ്സുകാരനായ ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കും അടുത്തത്.
English Summary:
Chennai Super Kings plans for IPL retention
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]