
യൂറോപ്പിൽ ആഞ്ഞടിച്ച ‘ബോറിസ്’ കൊടുങ്കാറ്റ് ഡാന്യൂബ് നദിയിൽ തീർത്ത പ്രളയം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ പാർലമെന്റിന്റെ പടവുകൾ വരെ എത്തിയ സമയം. ആ കൊടുങ്കാറ്റിനും പക്ഷേ, പോകും വഴിയെല്ലാം പ്രകമ്പനങ്ങൾ തീർത്ത് ഒറ്റ സ്റ്റേഷനിലും നിർത്താതെ കുതിച്ച ആ തീവണ്ടിയെ തടയാനായില്ല. ഇന്ത്യൻ ടീമെന്ന ആ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഒടുവിൽ ലോക ചെസ് ഒളിംപ്യാഡിൽ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു.
ഒളിംപ്യാഡിന്റെ ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ സ്വർണം നേടി ഇന്ത്യൻ ടീമുകൾ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. ഇതിനു മുൻപ് രണ്ടു വിഭാഗങ്ങളിലും വെങ്കല മെഡലായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. 2020ൽ കോവിഡ് സമയത്ത്, കുറച്ചു ടീമുകൾ മാത്രം പങ്കെടുത്ത ഓൺലൈൻ ഒളിംപ്യാഡ് ഇന്ത്യൻ ടീമുകൾ വിജയിച്ചിരുന്നു.
∙ ഇന്ത്യൻ ഓപ്പൺ
വിശ്വനാഥൻ ആനന്ദ് എന്ന കൈത്തിരിനാളം തീർത്ത തീയിൽനിന്നു കുരുത്ത പ്രതിഭകൾ– ഡി.ഗുകേഷ്, ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗെയ്സി, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവരാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയെ സ്വർണത്തിലെത്തിച്ചത്. വളരെ ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ മുന്നേറ്റം– ആദ്യ എട്ടു റൗണ്ടുകളിൽ എല്ലാ ടീമുകളെയും തോൽപിച്ച്, ഒറ്റ വ്യക്തിഗത ബോർഡുകളിലും തോൽവിയറിയാതെ.
ഒൻപതാം റൗണ്ടിൽ നിലവിലെ ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടാണ് ഇന്ത്യ ആദ്യമായി സമനില വഴങ്ങിയത്. അപ്പോഴേക്കും പ്രകടനത്തിലും പോയിന്റ് നിലയിലും വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞിരുന്നു ഇന്ത്യ. 10–ാം റൗണ്ടിൽ ടോപ് സീഡ് യുഎസിനെയും അട്ടിമറിച്ചതോടെ ആവേശത്തള്ളിച്ചയിൽ
സാക്ഷാൽ ആനന്ദിനും ഇരിപ്പുറച്ചില്ല. യുഎസിനെതിരായ ജയത്തിനു പിന്നാലെ ‘എക്സി’ൽ ആനന്ദ് ഇന്ത്യയുടെ ആദ്യ സ്വർണത്തിന് ആശംസകൾ നേർന്നു. വൈകാതെ ആനന്ദിന്റെ ക്ഷമാപണവും വന്നു: താനൽപം കടന്നുപോയെന്നും സൂക്ഷ്മമായ കണക്കുകൾക്ക് കാത്തിരിക്കണമെന്നും.
ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെ എതിരാളികളേക്കാൾ 2 പോയിന്റ് ലീഡുള്ള ഇന്ത്യ വിജയാഘോഷങ്ങൾക്ക് സാങ്കേതികമായി ഒരു ദിവസം കൂടി കാത്തുനിൽക്കണം എന്നതു മാത്രമായിരുന്നു ആ പ്രതികരണത്തിലെ സൂചന. ഒടുവിൽ സ്ലൊവേനിയയ്ക്കെതിരെ ഗുകേഷിന്റെയും പ്രഗ്നാനന്ദയുടെയും എരിഗെയ്സിയുടെയും വിജയത്തോടെ ഇന്ത്യ ആ ഫിനിഷിങ് ടച്ചും പൂർത്തിയാക്കി.
പിന്നാലെ അസർബെയ്ജാനെതിരായ വനിതാ ടീമിന്റെ വിജയവാർത്തയുമെത്തിയതോടെ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഓൾറൗണ്ട് ചെസ് ടീമായി ഇന്ത്യയുടെ അശ്വമേധം.
∙ വ്യക്തിഗത സ്വർണ ജേതാക്കൾ
ഓപ്പൺ വിഭാഗം:
∙ ഡി.ഗുകേഷ്
ഒന്നാംബോർഡ് 10 കളി, 9 പോയിന്റ്
(10–ാം റൗണ്ടിൽ യുഎസിന്റെ ഫാബിയാനോ കരുവാനയെ വീഴ്ത്തി. ടോപ് സീഡായ യുഎസ് ടീമിനെതിരെ ഇന്ത്യയുടെ ജയത്തിൽ നിർണായകമായി.)
∙ അർജുൻ എരിഗെയ്സി
മൂന്നാംബോർഡ് 11 കളി, 10 പോയിന്റ്
(10–ാം റൗണ്ടിൽ ഡൊമിനിഗസ് ലിനിയർ പെരെസിനെ തോൽപിച്ച് യുഎസിനെതിരെ ഇന്ത്യയ്ക്ക് ലീഡ് നൽകി.
വനിതാ വിഭാഗം:
∙ ദിവ്യ ദേശ്മുഖ്
മൂന്നാം ബോർഡ് 11 കളി, 9.5 പോയിന്റ്
(10–ാം റൗണ്ടിൽ മറ്റു കളികൾ സമനിലയായപ്പോൾ ചൈനയ്ക്കെതിരെ ഇന്ത്യയുടെ ഏക ജയം കുറിച്ചു)
∙ വാന്തിക അഗർവാൾ
നാലാം ബോർഡ് 9 കളി, 7.5 പോയിന്റ്)
(ഏഴാം റൗണ്ടിൽ ജോർജിയയുടെ ബെല്ലാ കോട്ടനാഷ്വ്ലിയെ തോൽപിച്ചു. കഴിഞ്ഞ ഒളിംപ്യാഡിലെ വെള്ളിമെഡൽ ജേതാക്കൾക്കെതിരെയുള്ള ഇന്ത്യൻ ജയത്തിൽ നിർണായക പങ്ക്)
English Summary:
India won double gold in chess olympiad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]