
കൊച്ചി ∙ മഹാരാജാസ് കോളജ് മൈതാനം സംസ്ഥാന സ്കൂൾ കായികമേളയ്ക്കു മുൻപ് റെഡിയാകുമോ? സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നിർമാണം നിശ്ചിത സമയത്തു പൂർത്തിയാകുമോ എന്ന ആശങ്കയാണ് ഈ ചോദ്യത്തിനു പിന്നിൽ. സംസ്ഥാന സ്കൂൾ ഗെയിംസിലെ അത്ലറ്റിക്സ് ഇനങ്ങൾ നവംബർ 7 മുതലാണ് ഇവിടെ നടക്കേണ്ടത്. ഗെയിംസിന്റെ നടത്തിപ്പു സംബന്ധിച്ച വിലയിരുത്തലിനു മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്നു കൊച്ചിയിൽ അവലോകന യോഗം ചേരുന്നുണ്ട്.
തുടരെ പെയ്യുന്ന മഴയാണു ട്രാക്ക് നിർമാണത്തിനു തടസ്സമാകുന്നത്. സ്കൂൾ ഗെയിംസ് ലക്ഷ്യമിട്ട് അതിവേഗത്തിൽ നിർമാണ പ്രവൃത്തി നടത്തുന്നതു കോടിക്കണക്കിനു രൂപ മുതൽമുടക്കി നിർമിക്കുന്ന ട്രാക്കിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രാക്കിന്റെ ഏറ്റവും മുകളിലെ ചുവന്ന പാളി വിരിക്കൽ ഞായറാഴ്ച ആരംഭിച്ചിരുന്നു. ഇതു പകുതിയായി നിൽക്കുമ്പോഴാണു മഴ വില്ലനായി എത്തിയത്.
ഈർപ്പമുണ്ടായാൽ അതു വെയിൽ കൊണ്ട് ഉണങ്ങാൻ കുറഞ്ഞത് 24 മണിക്കൂർ സമയം അനുവദിക്കണം. അതു നൽകാതെയാണു നിർമാണം പുരോഗമിക്കുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കൃത്യമായ ഇടവേള അനുവദിക്കുന്നുണ്ടെന്നും അതിനാലാണ് ഇന്നലെ രാവിലെ മഴ പെയ്തതിനാൽ നിർമാണം നിർത്തിവച്ചതെന്നും ചീഫ് എൻജിനീയർ അനിൽകുമാർ ചൂണ്ടിക്കാട്ടി.
ചുവന്ന പാളിയുടെ നിർമാണം പൂർത്തിയാകാൻ മഴയില്ലെങ്കിൽ കുറഞ്ഞതു 3 ദിവസമെങ്കിലും വേണം. ലൈൻ മാർക്കിങ്ങിനും മറ്റും പിന്നെയും 5 ദിവസമെങ്കിലും വേണം. അതേസമയം, ഈർപ്പം പരിശോധിച്ചുമാത്രമേ നിർമാണം നടത്താവൂവെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി മുൻ ചെയർമാൻ എസ്.പഴനിയാപിള്ള ചൂണ്ടിക്കാട്ടി.
സ്കൂൾ ഗെയിംസിന്റെ നടത്തിപ്പിനു വേണ്ടി മാത്രമാകരുത് ട്രാക്ക് നിർമാണം. തുടർന്നുള്ള ഗെയിംസുകൾക്കും ഇത് ഉപകരിക്കണം. അല്ലെങ്കിൽ 6.90 കോടി രൂപയുടെ മുതൽമുടക്കു പാഴാകും– പഴനിയാപിള്ള ചൂണ്ടിക്കാട്ടി.
English Summary:
Athletics track construction delay kochi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]