
സിഡ്നി∙ ഓസ്ട്രേലിയയിൽ ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്തു പന്തിടിച്ചതിനെ തുടർന്ന് അംപയർക്കു ഗുരുതര പരുക്ക്. ഒരു ആഭ്യന്തര മത്സരത്തിനിടെ ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ അംപയറായിരുന്ന ടോണി ഡി നോബ്രെഗയ്ക്കാണു പരുക്കേറ്റത്. തുടർന്ന് ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള നോർത്ത് പെർത്ത്– വെംബ്ലി ഡിസ്ട്രിക്ട് മത്സരത്തിനിടെയാണ് അംപയർക്കു പരുക്കേൽക്കുന്നത്.
ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമ മൂന്നാം സ്ഥാനത്ത്, പിന്നിലായി സൂര്യ; സഞ്ജുവിനും കുതിപ്പ്
Cricket
‘‘അദ്ദേഹത്തിന്റെ എല്ലുകൾ ഒടിഞ്ഞിട്ടില്ല. ശസ്ത്രക്രിയയുടെ ആവശ്യമില്ല. എന്നാൽ ടോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരുക്കുമാറി എത്രയും പെട്ടെന്നു തിരിച്ചെത്തുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.’’– വെസ്റ്റ് ഓസ്ട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് പ്രസ്താവനയിൽ വ്യക്തമാക്കി. ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ പരുക്കേൽക്കാതിരിക്കാൻ അംപയർമാർ ഇപ്പോൾ സുരക്ഷാ കവചങ്ങൾ ധരിക്കാറുണ്ട്.
ക്രിക്കറ്റ് മത്സരത്തിനിടെ അംപയർക്കു പരുക്കേൽക്കുന്നത് ആദ്യത്തെ സംഭവമല്ല. 2019ൽ വെയിൽസിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് ഇടിച്ച് പരുക്കേറ്റ അംപയർ ജോണ്‍ വില്യംസ് മരിച്ചതു വലിയ വാർത്തയായിരുന്നു. ഓസ്ട്രേലിയൻ അംപയറായ ജെറാര്‍ദ് അബൂദ് ബിഗ് ബാഷ് മത്സരങ്ങൾ നിയന്ത്രിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാറുണ്ട്. രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കുന്ന ഓസ്ട്രേലിയൻ അംപയര്‍ ബ്രൂസ് ഓക്സൻഫോർഡ് പ്ലാസ്റ്റിക്കുകൊണ്ടുള്ള ഷീൽഡ് കയ്യിൽ ധരിക്കാറുണ്ട്.
English Summary:
Cricket umpire suffers a brutal blow while officiating