
ചെന്നൈ∙ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് ജയിച്ച് ബംഗ്ലദേശ്. ചെന്നൈയിൽ ടോസ് നേടിയ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോ ഇന്ത്യയെ ബാറ്റിങ്ങിനുവിട്ടു. മൂന്നു പേസർമാരും രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യൻ നിരയിലെ പേസർമാര്. ആര്. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരും കളിക്കും.
മികച്ച പ്രകടനം തുടർന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കിയാൽ അടുത്ത വർഷം ജൂണിൽ ഇന്ത്യയ്ക്കു ലോഡ്സിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാം. കഴിഞ്ഞ 2 തവണയും കൈവിട്ടു പോയ കിരീടം നേടിയെടുക്കാം. ആ വലിയൊരു ലക്ഷ്യത്തിലേക്കു മുന്നേറാനുള്ള ആദ്യ പടിയാണ് ബംഗ്ലദേശിനെതിരെ ചെന്നൈയിൽ ഇന്നു തുടങ്ങുന്ന ആദ്യ ടെസ്റ്റ്. ഇന്ത്യൻ സമയം രാവിലെ 9.30നു തുടങ്ങുന്ന ടെസ്റ്റ് സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം കാണാം.
സ്പിൻ വെല്ലുവിളി
വിധിവൈപരീത്യമെന്നു പറയട്ടെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തുന്ന വിദേശ ടീമുകൾക്കെല്ലാമുള്ള ഒരു വെല്ലുവിളിയാണ് ടീം ഇന്ത്യ ബംഗ്ലദേശിനെതിരെ നേരിടുന്നത്- സ്പിൻ വെല്ലുവിളി. പാക്കിസ്ഥാനെ 2-0നു തോൽപിച്ചെത്തുന്ന ബംഗ്ലദേശ് സ്പിൻ നിര ഇന്ത്യൻ ബാറ്റിങ്ങിനെ പരീക്ഷിക്കാൻ പോന്നവരാണ്. ഷാക്കിബ് അൽ ഹസൻ, തെയ്ജുൽ ഇസ്ലാം, മെഹ്ദി ഹസൻ മിറാസ് എന്നിവർക്ക് ഇന്ത്യൻ സാഹചര്യങ്ങൾ പരിചിതവുമാണ്.
കഴിഞ്ഞ മൂന്നു വർഷമായി സ്പിന്നിനെതിരെ ഇന്ത്യൻ ബാറ്റർമാരുടെ കണക്കുകൾ അത്ര ആശാവഹമല്ല. കഴിഞ്ഞ 15 ടെസ്റ്റുകളിലായി 30 ആണ് സ്പിന്നർമാർക്കെതിരെ വിരാട് കോലിയുടെ ബാറ്റിങ് ശരാശരി. ഇത്രയും മത്സരങ്ങളിൽ രോഹിത് ശർമയുടെ ശരാശരി 44. കെ.എൽ.രാഹുൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 5 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. അതിൽ തന്നെ ശരാശരി 23.40 മാത്രം.
ഓൾറൗണ്ട് ബോളിങ്
മാറിമാറി പരീക്ഷിക്കാവുന്ന പേസർമാരും സ്പിന്നർമാരും ഏറെയുള്ള ബോളിങ് ഡിപ്പാർട്ട്മെന്റ് ഇന്ത്യയ്ക്കു പ്രതീക്ഷയേകുന്ന കാര്യം. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ നേരിടുക എന്നത് ലിറ്റൻ ദാസ്, മുഷ്ഫിഖുർ റഹിം, ഷാക്കിബ് എന്നിവരുൾപ്പെടുന്ന ബംഗ്ലദേശ് ബാറ്റിങ് നിരയ്ക്കു വലിയ വെല്ലുവിളിയാകും. ചെന്നൈയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്നതാണ് എന്നതിനാൽ ഇന്ത്യ മൂന്നാം സ്പിന്നറായി കുൽദീപ് യാദവിനെയോ അക്ഷർ പട്ടേലിനെയോ കളിപ്പിച്ചേക്കും.
632 ദിവസങ്ങൾ: പന്ത് മടങ്ങി വരുന്നു
രണ്ടു വർഷങ്ങൾക്കിടെ ആദ്യ ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഇന്നത്തെ പ്രത്യേകത. 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിനു ശേഷം ആദ്യമായാണ് പന്ത് ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. അവസാനമായി ടെസ്റ്റ് കളിച്ചത് അതേ വർഷം ബംഗ്ലദേശിനെതിരെ തന്നെ. എതിർ ബോളർമാരെ കടന്നാക്രമിച്ച് നിർവീര്യരാക്കുന്ന പന്ത് ശൈലി പരമ്പരയിൽ ടീമിനു മുൻതൂക്കം നൽകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
കഴിഞ്ഞ ഐപിഎൽ ക്രിക്കറ്റിലൂടെ മത്സരക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ പന്ത് പിന്നീട് ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലും അംഗമായി. ദുലീപ് ട്രോഫിയിലൂടെ റെഡ് ബോൾ ക്രിക്കറ്റിലും മാറ്റുരച്ചതിനു ശേഷമാണ് ഇരുപത്തിയാറുകാരൻ പന്ത് ടെസ്റ്റിനിറങ്ങുന്നത്. പന്ത് പ്ലേയിങ് ഇലവനിൽ ഇടംപിടിക്കുകയാണെങ്കിൽ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ മികവു കാട്ടിയ ധ്രുവ് ജുറെൽ പുറത്തിരിക്കേണ്ടി വരും.
∙ 58 റൺസ്കൂടി നേടിയാൽ രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും വേഗത്തിൽ 27000 റൺസ് എന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് വിരാട് കോലിക്കു മറികടക്കാം. 623 ഇന്നിങ്സുകളിലാണ് സച്ചിൻ 27000 റൺസ് പിന്നിട്ടത്. കോലിയുടെ പേരിൽ ഇപ്പോഴുള്ളത് 591 ഇന്നിങ്സുകളിലായി 26942 റൺസ്.
English Summary:
India-Bangladesh first test match today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]