തിരുവനന്തപുരം∙ സെമിയിൽ പരാജയത്തിന്റെ വക്കിൽനിന്നു തിരിച്ചെത്തി ട്രിവാൻഡ്രം റോയൽസിനെ തകർത്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും വമ്പൻ സ്കോറിന്റെ കരുത്തിൽ തൃശൂർ ടൈറ്റൻസിനെ മുട്ടുകുത്തിച്ച കൊല്ലം സെയ്ലേഴ്സും പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് 6.45നാണ് ഫൈനൽ.
തകിടം മറിഞ്ഞ ജയം
ആദ്യ സെമിയിൽ ഉറപ്പിച്ച ജയത്തിന്റെ പടിവാതിൽക്കൽ കലമുടച്ച റോയൽസ്, ഗ്ലോബ് സ്റ്റാർസിനു ഫൈനൽ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 173 വിജയലക്ഷ്യം അനായാസം പിന്തുടർന്ന റോയൽസ് 15.3 ഓവറിൽ ഒരു വിക്കറ്റിന് 136 എന്ന സുരക്ഷിത നിലയിൽ നിന്നാണ് 18.2 ഓവറിൽ 6 വിക്കറ്റിന് 147 റൺസിലേക്ക് തകർന്നടിഞ്ഞത്. 4 വിക്കറ്റുകൾ വീഴ്ത്തിയ അഖിൽ സ്കറിയയും 2 നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയ എം.നിഖിലും ചേർന്നാണ് അസാധ്യമെന്നു തോന്നിയ വിജയം ഗ്ലോബ്സ്റ്റാർട്സിനായി പിടിച്ചെടുത്തത്. അഖിൽ സ്കറിയയാണ് കളിയിലെ കേമൻ. സ്കോർ– ഗ്ലോബ് സ്റ്റാർസ് 172–4, റോയൽസ് 155–7. 18 റൺസ് ജയം.
സെയ്ലേഴ്സ് ഉത്സവം
വെടിക്കെട്ട് ഉത്സവമായി മാറിയ രണ്ടാം സെമി ഫൈനലിൽ കൊല്ലം സെയ്ലേഴ്സ് ഉയർത്തിയ ഇരട്ട സെഞ്ചറി സ്കോറിനു(210) മുന്നിൽ ടൈറ്റൻസ് പൊരുതിത്തോൽക്കുകയായിരുന്നു. സ്കോർ: സെയ്ലേഴ്സ് 20 ഓവറിൽ 2ന് 210, ടൈറ്റൻസ് 20 ഓവറിൽ 8ന് 194.സെഞ്ചറി നേടിയ അഭിഷേക് നായരും(103) അർധ സെഞ്ചറി നേടിയ നായകൻ സച്ചിൻ ബേബിയും(83) ചേർന്നാണ് സ്കോർ 200 കടത്തിയത്. 61 ബോളിൽ 11 ഫോറും 6 സിക്സറുകളുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. ടൈറ്റൻസ് 7 ബോളർമാരെ പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. അഭിഷേകാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഫൈനൽ പ്രവേശനം സൗജന്യം
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ(കെസിഎൽ) ഫൈനലിൽ അതിഥികളായി എത്തുന്നത് ലീഗിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ മോഹൻലാലും കായിക മന്ത്രി വി.അബ്ദു റഹിമാനും. ചാംപ്യൻമാർക്ക് ട്രോഫിക്കു പുറമേ 30 ലക്ഷം രൂപയാണു സമ്മാനം. 2–ാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും സെമി ഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം രൂപ വീതവുമാണ് സമ്മാനം. ഫൈനലിനു മുന്നോടിയായി മസാല കോഫി ബാൻഡിന്റെ സംഗീത പരിപാടിയുണ്ടാകും. ഫൈനലിനു പ്രവേശനം സൗജന്യമാണ്. സ്റ്റാർ സ്പോർട്സ് ഒന്ന് ചാനലിലും ഒടടി പ്ലാറ്റ്ഫോമായ ഫാൻ കോഡിലും തത്സമയ സംപ്രേഷണവുമുണ്ട്.
English Summary:
Kerala cricket league final calicut vs kollam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]