
ആലൂർ∙ ഐപിഎൽ ടീമുകൾ അവഗണിച്ച താരം, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ട്വന്റി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങുന്ന പതിവിന് ക്വാർട്ടർ ഫൈനലിലും വിരാമമില്ല. മധ്യപ്രദേശിനെതിരായ ഒന്നാം ക്വാർട്ടർ പോരാട്ടത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി തിളങ്ങിയ ഓൾറൗണ്ടർ ചിരാഗ് ജാനിയുടെ മികവിൽ സൗരാഷ്ട്ര ഉയർത്തിയത് 174 റൺസ് വിജയലക്ഷ്യം. 36 റൺസ് എടുക്കുമ്പോഴേയ്ക്കും 3 വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ സൗരാഷ്ട്രയ്ക്ക്, 45 പന്തിൽ 80 റൺസെടുത്ത ചിരാഗ് ജാനിയുടെ ഇന്നിങ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്.
ഇന്ത്യൻ താരങ്ങളായ ആവേശ് ഖാനും ഐപിഎലിൽ വൻ തുക ലഭിച്ച വെങ്കടേഷ് അയ്യരും ഉൾപ്പെടുന്ന എതിരാളികൾക്കെതിരെയാണ് ജാനിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര നിരയിൽ, ചിരാഗ് ജാനി കഴിഞ്ഞാൽ കൂടുതൽ റൺസ് നേടിയത് 17 റൺസ് വീതമെടുത്ത ഓപ്പണർ ഹാർവിക് ദേശായ്, ജയ് ഗോഹിൽ എന്നിവരാണ്. 45 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതമാണ് ചിരാഗ് ജാനി 80 റൺസെടുത്തത്.
ജയ് ഗോഹിൽ ആറു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 17 റൺസെടുത്തു. ദേശായ് 14 പന്തിൽ മൂന്നു ഫോറുകളോടെയും 17 റൺസ് നേടി. സൗരാഷ്ട്ര നിരയിൽ പ്രേരക് മങ്കാദ് (12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16), വിശ്വരാജ് ജഡേജ (19 പന്തിൽ രണ്ടു ഫോറുകളോടെ 15), സമ്മർ ഗജ്ജാർ (13 പന്തിൽ 11), രുചിത് അഹിർ (ഒൻപതു പന്തിൽ ഒരു ഫോർ സഹിതം 10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മധ്യപ്രദശിനായി വെങ്കടേഷ് അയ്യർ മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാനും രണ്ടു വിക്കറ്റുണ്ടെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 51 റൺസ്. ത്രിപുരേഷ് സിങ്, ശിവം ശുക്ല, രാഹുൽ ബാതം എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
English Summary:
Madhya Pradesh vs Saurashtra, Syed Mushtaq Ali Trophy Quarter Final 3 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]