
മെൽബൺ∙ ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ കരുത്തിൽ ഇന്ത്യ എയുടെ ശക്തമായ തിരിച്ചുവരവ്. ധ്രുവ് ജുറേലിനൊപ്പം വാലറ്റക്കാരും തിളങ്ങിയതോടെ, ഇന്ത്യ എ ഓസീസിനു മുന്നിൽ ഉയർത്തിയത് 168 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ വാലറ്റക്കാരുടെ കൂടി സഹായത്തോടെ പൊരുതിയ ഇന്ത്യ 77.5 ഓവറിൽ 229 റൺസിനു പുറത്തായി. 122 പന്തിൽ അഞ്ച് ഫോറുകളോടെ 68 റൺസെടുത്ത ധ്രുവ് ജുറേൽ ഒരിക്കൽക്കൂടി ഇന്ത്യയുടെ ടോപ് സ്കോററായി.
ജുറേലിനു പുറമേ നിതീഷ് റെഡ്ഡി (81 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 38), തനുഷ് കൊട്ടിയൻ (84 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 44), പ്രസിദ്ധ് കൃഷ്ണ (43 പന്തിൽ അഞ്ച് ഫോറുകളോടെ 29) എന്നിവരുടെ സംഭാവനകൾ കൂടി ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ 220 കടന്നത്.
ഒരു ഘട്ടത്തിൽ അഞ്ചിന് 56 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ അർധസെഞ്ചറി കൂട്ടുകെട്ടാണ് ബലമായത്. ആറാം വിക്കറ്റിൽ ജുറേൽ – നിതീഷ് റെഡ്ഡി സഖ്യത്തിന് സെഞ്ചറി കൂട്ടുകെട്ട് നഷ്ടമായത് വെറും ആറു റൺസിനാണ്. ഇരുവരും കൂട്ടിച്ചേർത്തത് 94 റൺസ്. എട്ടാം വിക്കറ്റിൽ പ്രസിദ്ധ് കൃഷ്ണ – തനു കൊട്ടിയൻ സഖ്യത്തിനും അർധസെഞ്ചറി കൂട്ടുകെട്ട് നഷ്ടമായത് വെറും ഒരു റണ്ണിനാണ്. 81 പന്തിൽ 49 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
#BorderGavaskarTrophy#dhruvjurel
That’s an outrageous shot to get out ! Nitish Kumar Reddy pic.twitter.com/Q7EXnFQsvI
— Debabrata Pal (@Debabrata__P) November 7, 2024
ഓസ്ട്രേലിയയ്ക്കായി കോറി റോച്ചികിയോളി 23.5 ഓവറിൽ 74 റൺസ് വഴങ്ങഇ നാലു വിക്കറ്റ് വീഴ്ത്തി. ബ്യൂ വെബ്സ്റ്റർ മൂന്നും നഥാൻ മക്ആൻഡ്രൂ രണ്ടും നഥാൻ മക്സ്വീനി ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തേ, കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയത്. 56 റൺസ് എടുക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 31 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണർമാരായ അഭിമന്യു ഈശ്വരൻ (31 പന്തിൽ രണ്ടു ഫോറുകവോടെ 17), കെ.എൽ. രാഹുൽ (44 പന്തിൽ 10), സായ് സുദർശൻ (എട്ടു പന്തിൽ 3), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് (20 പന്തിൽ ഒരു ഫോർ സഹിതം 11), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓപ്പണിങ് വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കം കുറിച്ച ഇന്ത്യ, പിന്നാലെ 31 റൺസിനിടെ 5 വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തോടെ തകരുകയായിരുന്നു.
∙ ഓസീസ് 223ന് പുറത്ത്
നേരത്തേ, ഒന്നാം ഇന്നിങ്സിൽ 161 റൺസിൽ എറിഞ്ഞൊതുക്കിയ ഓസ്ട്രേലിയ എയ്ക്ക് അവരുടെ തട്ടകത്തിൽ അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ എ 223 റൺസിന് അവരെ എറിഞ്ഞിടുകയായിരുന്നു. 62.1 ഓവറിലാണ് ഓസ്ട്രേലിയ എ 223 റൺസെടുത്തത്. ഇതോടെ ഓസീസിന് ലഭിച്ചത് 62 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. അർധസെഞ്ചറിയുമായി ഇന്ത്യൻ ബോളിങ്ങിനെ പ്രതിരോധിച്ചുനിന്ന ഓപ്പണർ മാർക്കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്കോറർ. 138 പന്തിൽ 74 റൺസാണ് ഹാരിസിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാലും മുകേഷ് കുമാർ മൂന്നും വിക്കറ്റ് വീഴ്ത്തി.
ആദ്യം അഞ്ചിന് 84 റൺസ് എന്ന നിലയിലും പിന്നീട് എട്ടിന് 167 റൺസ് എന്ന നിലയിലും തകർന്ന ഓസീസിന്, ഒൻപതാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി കോറി റോച്ചികിയോളി – നഥാൻ മക്ആൻഡ്രൂ സഖ്യമാണ് രക്ഷകരായത്. ഇരുവരും ചേർന്ന് സ്കോർബോർഡിൽ എത്തിച്ചത് 56 റൺസ്. ഒടുവിൽ മുകേഷ് കുമാറാണ് കൂട്ടുകെട്ട് പൊളിച്ചത്. പതിനൊന്നാമനായ മൈക്കൽ നെസർ ഓസീസ് നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല. കോറി 28 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 35 റൺസെടുത്ത് ഒൻപതാമനായി പുറത്തായി. മക്ആൻഡ്രൂ 36 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ 16 ഓവറിൽ 50 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാർ 16.1 ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് 15 ഓവറിൽ 56 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ കൂട്ടത്തകർച്ചയെ നേരിട്ട ഇന്ത്യ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ തകർപ്പൻ അർധസെഞ്ചറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 പന്തുകൾ നേരിച്ച ജുറേൽ ആറു ഫോറും 2 സിക്സും സഹിതം 80 റൺസെടുത്തു. ദേവ്ദത്ത് പടിക്കൽ (55 പന്തിൽ 26), നിതീഷ് റെഡ്ഡി (35 പന്തിൽ 16), പ്രസിദ്ധ് കൃഷ്ണ (37 പന്തിൽ 14) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസീസിനായി മൈക്കൽ നെസർ നാലും വെബ്സ്റ്റർ മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.
English Summary:
Australia A vs India A, 2nd unofficial Test, Day 3 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]