കൊച്ചി ∙ ‘പുകവലി നിങ്ങളെ കൊല്ലു’മെന്ന നിയമപരമായ മുന്നറിയിപ്പ് ശെൽവരാജ് വായിച്ചത് ഇങ്ങനെയായിരുന്നു: പുകവലി നിങ്ങളുടെ മകന്റെ കായിക സ്വപ്നങ്ങളെ കൊല്ലും..! കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനത്തിൽ നിന്നു പുകവലിക്കാൻ ദിനംപ്രതി ചെലവാകുന്ന 70 രൂപ മാറ്റിവച്ചാൽ മകൻ ജഗന്നാഥനു സ്പൈക്സ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങാമെന്നും കായികപരിശീലനം മുടങ്ങാതെ നടത്താമെന്നും മനസ്സിലാക്കിയതോടെ ശെൽവരാജ് ആ തീരുമാനമെടുത്തു: 34 വർഷം കൊണ്ടുനടന്ന പുകവലി ഉപേക്ഷിച്ചു!
സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് മുണ്ടൂർ എച്ച്എസ്എസിലെ എസ്.ജഗന്നാഥൻ ഒന്നാമതു ഫിനിഷ് ചെയ്യുമ്പോൾ അച്ഛൻ ശെൽവരാജ് സന്തോഷംകൊണ്ടു കണ്ണു നിറഞ്ഞ് പറഞ്ഞു: ഇതിലും വലിയ ലഹരി എന്തുണ്ട്?
7–ാം ക്ലാസിൽ പഠിക്കുമ്പോഴാണു ജഗന്നാഥനെ പാലക്കാട് മുട്ടിക്കുളങ്ങര സ്വദേശിയായ ശെൽവരാജ് പരിശീലനത്തിന് അയച്ചു തുടങ്ങിയത്. പിന്നാലെ കൊച്ചുവീട്ടിലേക്ക് ട്രോഫികൾ എത്തിത്തുടങ്ങി. കഴിഞ്ഞ സംസ്ഥാന മേളയിൽ സീനിയർ വിഭാഗത്തിൽ മത്സരിച്ചെങ്കിലും മെഡൽ ലഭിച്ചില്ല. ഈ വർഷം പരിശീലനത്തിനും പോഷകാഹാരത്തിനും കൂടുതൽ പണം കണ്ടെത്താനും ശെൽവരാജിനായി.
ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തിയ ശെൽവരാജ് മത്സരം കഴിഞ്ഞപ്പോൾത്തന്നെ മടങ്ങി. ഒരു ദിവസത്തെ കൂലി കൂടി ഇല്ലാതായാൽ ജഗന്നാഥന്റെ പരിശീലനത്തെ വരെ ബാധിക്കുമെന്നാണ് ശെൽവരാജിന്റെ ആശങ്ക.
English Summary:
S Jagannathan finished first in the boys’ 3000m race
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]