
ഗ്വാളിയർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ഓപ്പണറായെത്തിയ സഞ്ജു സാംസണിന്റെ ബാറ്റിങ്ങിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകാം. സഞ്ജു മികച്ച പ്രകടനം നടത്തിയെന്ന് ഒരു വിഭാഗവും, അവസരം വേണ്ടവിധം മുതലെടുക്കാൻ താരത്തിനായില്ല എന്ന് മറ്റൊരു വിഭാഗവും സമൂഹമാധ്യമങ്ങളിൽ തർക്കിക്കുന്നുമുണ്ടാകാം. പക്ഷേ, തന്റെ കളിയേക്കുറിച്ച് സഞ്ജുവിന് സംശയമേതുമില്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.
‘ഈ കളി ഇങ്ങനെ കളിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം’ – ഒന്നാം ട്വന്റി20യിൽ നിന്നുള്ള വിവിധ ചിത്രങ്ങൾ സഹിതം സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ. ഇത് സഞ്ജുവിന്റെ മാത്രം നിലപാടാണെന്ന് കരുതിയാൽ നിങ്ങൾക്കു തെറ്റി; അതേ പോസ്റ്റിനു താഴെ സഞ്ജുവിന്റെ പ്രസ്താവന ശരിവച്ച് ‘അബ്സല്യൂട്ട്ലി’ എന്ന കമന്റുമായി രംഗത്തെത്തിയത് മറ്റാരുമല്ല; ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്!
പേസും സ്പിന്നും ചേർത്തുള്ള ഇന്ത്യയുടെ സർവാക്രമണത്തിൽ തകർന്നുപോയ ബംഗ്ലദേശിനെ ഒന്നാം ട്വന്റി20യിൽ 7 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 127 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ 49 പന്തുകൾ ബാക്കിവച്ച് ലക്ഷ്യം കണ്ടു. 3 വിക്കറ്റ് വീതം നേടിയ അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും ഇന്ത്യൻ ബോളാക്രമണം നയിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ (16 പന്തിൽ 39 നോട്ടൗട്ട്) ഇന്ത്യൻ ടോപ് സ്കോററായി.
View this post on Instagram
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന്റെ തകർച്ചയ്ക്ക്, ട്വന്റി20 ക്രിക്കറ്റിൽ സ്ഥിരതയോടെ പന്തെറിയുന്ന അർഷ്ദീപ് സിങ് തുടക്കമിട്ടു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ലിറ്റൻ ദാസിനെ (4) പുറത്താക്കിയ അർഷ്ദീപ് അടുത്ത വരവിൽ സഹ ഓപ്പണർ പർവേസ് ഹുസൈന്റെ (8) സ്റ്റംപ് തെറിപ്പിച്ചു. ഈ വർഷം ട്വന്റി20യിൽ അർഷ്ദീപിന്റെ വിക്കറ്റ് നേട്ടം 27 ആയി. 2021 ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യൻ ജഴ്സിയിൽ ആദ്യ മത്സരം കളിക്കുന്ന വരുൺ ചക്രവർത്തിയുടെ ഊഴമായിരുന്നു അടുത്തത്. ഏഴാം ഓവറിൽ തൗഹിത് ഹൃദോയിയുടെ വിക്കറ്റ് നേടിയാണ് വരുൺ മടങ്ങിവരവ് ആഘോഷത്തിന് തുടക്കമിട്ടത്.
സഞ്ജു സാംസണും സൂര്യകുമാർ യാദവും ബാറ്റിങ്ങിനിടെ (ബിസിസിഐ ചിത്രം)
ഐപിഎലിലെ അതിവേഗ ബോളിങ്ങിലൂടെ ആരാധക ശ്രദ്ധ നേടിയ യുവ പേസർ മായങ്ക് യാദവ് രാജ്യാന്തര അരങ്ങേറ്റ മത്സരത്തിൽ ബംഗ്ലദേശ് ബാറ്റർമാരെ വിറപ്പിച്ചു. ആദ്യ ഓവറിൽ മെയ്ഡൻ എറിഞ്ഞ ഇരുപത്തിരണ്ടുകാരൻ രണ്ടാമത്തെ ഓവറിൽ മഹ്മദുല്ലയെ ഡീപ് പോയിന്റിൽ വാഷിങ്ടൻ സുന്ദറിന്റെ കൈകളിലെത്തിച്ച് കന്നി വിക്കറ്റ് നേടി. ഇന്ത്യൻ ബോളർമാരുടെ ഇടതടവില്ലാത്ത ആക്രമണങ്ങളെ അതിജീവിച്ച് ഒരറ്റത്തു പിടിച്ചുനിന്ന മെഹ്ദി ഹസനാണ് (35 നോട്ടൗട്ട്) ബംഗ്ലദേശ് സ്കോർ 127ൽ എത്തിച്ചത്.
ട്വന്റി20 ഓപ്പണിങ്ങിൽ പുതിയ പരീക്ഷണമായി ഇന്ത്യൻ മറുപടി ബാറ്റിങ്ങിനു തുടക്കമിട്ടത് സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നാണ്.
തുടക്കം മുതൽ ആഞ്ഞടിച്ച സഖ്യം ആദ്യ 2 ഓവറിൽ 25 റൺസ് നേടിയെങ്കിലും അഭിഷേക് (7 പന്തിൽ 16) റണ്ണൗട്ടിലൂടെ വിക്കറ്റ് നഷ്ടമാക്കി. സൂര്യകുമാർ യാദവിനൊപ്പം (14 പന്തിൽ 29) രണ്ടാം വിക്കറ്റിലും തുടർന്നും ഇന്നിങ്സിനെ മുന്നോട്ടു നയിച്ച സഞ്ജു കരുതലോടെയാണ് ബാറ്റുവീശീയത്.
എന്നാൽ എട്ടാം ഓവറിൽ സ്പിന്നർ മെഹ്ദി ഹസനെതിരായ ഷോട്ടിൽ ലക്ഷ്യം പിഴച്ച് സഞ്ജു പുറത്തായി (19 പന്തിൽ 29). അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് റെഡ്ഡിയും (15 പന്തിൽ 16 നോട്ടൗട്ട്) ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 39 നോട്ടൗട്ട്) ചേർന്നാണ് തുടർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ജയം ഉറപ്പാക്കിയത്. അർഷ്ദീപ് കളിയിലെ കേമനായി.
English Summary:
This is how we want to play this game, says Sanju Samson
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]