
ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ തോറ്റെങ്കിലും, സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് വൃത്തങ്ങളിലും ചർച്ചയായി ന്യൂസീലൻഡ് താരം അമേലിയ കേറിന്റെ റണ്ണൗട്ട് അംഗീകരിക്കാത്ത അംപയർമാരുടെ തീരുമാനം. ന്യൂസീലൻഡ് ഇന്നിങ്സിലെ 14–ാം ഓവറിലാണ് സംഭവം. ഔട്ടാണെന്ന് മനസ്സിലാക്കി അമേലിയ ഗ്രൗണ്ട് വിടാനൊരുങ്ങിയെങ്കിലും അംപയർമാർ പന്ത് ‘ഡെഡ്’ ആണെന്നു വ്യക്തമാക്കി താരത്തെ ക്രീസിൽ തുടരാൻ അനുവദിക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പരിശീലകൻ അമോൽ മസുംദാറും രംഗത്തെത്തിയത് ഗ്രൗണ്ടിലും പുറത്തും ചൂടേറിയ വാദപ്രതിവാദത്തിന് വഴിവച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാദ്യമങ്ങളിലും വൈറലായി. മത്സരം ഇന്ത്യ 58 റൺസിനു തോറ്റിരുന്നു.
∙ സംഭവം ഇങ്ങനെ
ലോകകപ്പിൽ ഇന്ത്യ – ന്യൂസീലൻഡ് മത്സരം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ഇന്നിങ്സിലെ 14–ാം ഓവർ. ഇന്ത്യയ്ക്കായി ഈ ഓവർ ബോൾ ചെയ്തത് സ്പിന്നർ ദീപ്തി ശർമ. ക്രീസിൽ അമേലിയ കേറും ക്യാപ്റ്റൻ സോഫി ഡിവൈനും. അവസാന പന്തിൽ സിംഗിൾ വഴങ്ങി ഓവർ പൂർത്തിയാക്കി അംപയറിന്റെ കയ്യിലിരുന്ന തന്റെ തൊപ്പിയും തിരികെ വാങ്ങി ദീപ്തി ശർമ നടക്കാൻ ഒരുങ്ങുമ്പോൾ ട്വിസ്റ്റ്! ഒരു റൺ പൂർത്തിയാക്കിയ ന്യൂസീലൻഡ് ബാറ്റർമാർ അതാ രണ്ടാം റണ്ണിനായി ഓടുന്നു.
ഫീൽഡറിൽനിന്ന് പന്തു വാങ്ങി അടുത്ത ഓവർ ആരെ ഏൽപ്പിക്കുമെന്ന് ആലോചിക്കുകയായിരുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അപകടം മണത്തു. ഉടൻതന്നെ പന്ത് വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് എറിഞ്ഞുനൽകി. പന്തു പിടിച്ചെടുത്ത റിച്ച മിന്നൽ വേഗത്തിൽ സ്റ്റംപിളക്കുമ്പോൾ അമേലിയ കേർ ക്രീസിനു വെളിയിൽ താരം. റണ്ണൗട്ട് ആണെന്ന് ബോധ്യപ്പെട്ട അമേലിയ ഗ്രൗണ്ട് വിടുമ്പോൾ, അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റിന്റെ സന്തോഷം പങ്കിട്ട് ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽ ഒത്തുകൂടി.
Whatever may be the decision of the third party, the match is not exciting
By the way, the third umpire’s decision was not good, it seems to be biased.#INDvNZ #TheTribeonprime#Earthquakes #FayeYoko pic.twitter.com/mtNC4PSx3J
— (DRK) Divy Raj Kirti (@DEEPAKK37736249) October 4, 2024
അതിനിടെ വീണ്ടും ട്വിസ്റ്റ്! പന്ത് ‘ഡെഡ്’ ആണെന്നു വിധിച്ച് അംപയർമാർ അമേലിയ കേറിനെ വീണ്ടും ക്രീസിലേക്ക് തിരിച്ചയച്ചു. അന്തംവിട്ടുനിന്ന ഇന്ത്യൻ നായകൻ ഹർമൻപ്രീതിനെ വിളിച്ച് പന്ത് ‘ഡെഡ്’ ആണെന്ന് അംപയർമാർ അറിയിച്ചു. എന്നാൽ, അംപയർമാരുടെ വാദം അംഗീകരിക്കാനാകാതെ ഹർമൻപ്രീത് തർക്കിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും സ്ഥലത്തെത്തി ചർച്ചയുടെ ഭാഗമായി.
ഇതിനിടെ ഗ്രൗണ്ടിനു പുറത്ത് ഇന്ത്യൻ പരിശീലകൻ അമോൽ മസുംദാറും ഫോർത്ത് അംപയറും തമ്മിൽ വേറെയും വാദപ്രതിവാദം അരങ്ങേറി. ഇന്ത്യൻ പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ഹർമൻപ്രീതും ഗ്രൗണ്ടിനു പുറത്തെത്തി ഫോർത്ത് അംപയറിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ പന്ത് ‘ഡെഡ്’ ആണെന്ന വാദത്തിൽ ഉറച്ചുനിന്ന ഫോർത്ത് അംപയർ, ഇന്ത്യൻ താരങ്ങളോട് ഗ്രൗണ്ടിലേക്ക് മടങ്ങിപ്പോയി കളി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.
∙ സമൂഹമാധ്യമങ്ങളിലും ചർച്ച
സംഭവം പിന്നീട് സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചകൾക്കു വഴിവച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രന് അശ്വിൻ ഉൾപ്പെടെയുള്ളവർ ചർച്ചയുടെ ഭാഗമായി. രണ്ടാം റണ്ണിനായി കിവീസ് താരങ്ങൾ ശ്രമിക്കുന്നതിനു മുൻപേ ഓവർ തീർന്നിരുന്നതായി ചൂണ്ടിക്കാട്ടിയ അശ്വിൻ, ഇതാരുടെ പിഴവാണെന്ന ചോദ്യവുമുയർത്തി. അതേസമയം, ഈ പോസ്റ്റ് അശ്വിൻ പിന്നീട് നീക്കം ചെയ്തതും ചർച്ചയായി.
അതേസമയം, ഇത്തരം കാര്യങ്ങൾ താരങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് പിന്നീട് പ്രതികരിച്ചു. അംപയർമാരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അവർ പറഞ്ഞു.
‘‘അംപയർ ഓവർ പൂർത്തിയാക്കി ദീപ്തിക്ക് തൊപ്പി തിരികെ നൽകുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ന്യൂസീലൻഡ് താരങ്ങൾ രണ്ടാം റണ്ണിനായി ഓടിയതിന്റെ അർഥം ഓവർ തീർന്നിരുന്നില്ല എന്നല്ലേ? അതുകൊണ്ടാണ് ഞങ്ങൾ റണ്ണൗട്ടിനു ശ്രമിച്ചതും വിക്കറ്റ് നേട്ടം ആഘോഷിച്ചതും. സത്യത്തിൽ ഇതൊന്നും നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യങ്ങളല്ല. അംപയർമാരുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. ഔട്ടാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അമേലിയ പുറത്തേക്കു നടന്നത്. എന്നിട്ടും തിരിച്ചുവിളിച്ചത് അപ്രതീക്ഷിതമായി’– ജമീമ പറഞ്ഞു.
English Summary:
Amelia Kerr’s controversial non run-out decision leaves India incensed
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]