തിരുവനന്തപുരം: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രസിഡന്റിന് നൽകിയ ദയാഹർജി തള്ളിയോതെട കടുത്ത ആശങ്കയിലാണ് കുടുംബവും നിമിഷയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരും.
എന്നാൽ കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുബംവുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഭാരവാഹി റഫീഖ് റാവുത്തർ പറഞ്ഞു. നിമിഷ പ്രിയയുടെ ജയിലിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും മോചനത്തിനായി സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും റഫീഖ് റാവുത്തർ കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ചർച്ചകൾ നടത്തിയോ? കുടുംബത്തിന്റെ നിലപാട് എന്താണ്?
ചർച്ചകളുടെ തുടുക്കം മുതൽ കുടുംബത്തിന് മോശമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നിമിഷപ്രിയ ചെയ്തത് വലിയൊരു കുറ്റകൃത്യമാണെന്ന നിലയിലാണ് അവർ നിലകൊണ്ടത്. എന്നാൽ ജൂലായ് 30, 31 ആഗസ്റ്റ് 1 എന്നീ ദിവസങ്ങളിൽ കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരനും അച്ഛനും പങ്കെടുത്തിരുന്നു. നിമിഷ അനുഭവിക്കേണ്ടി വന്ന വിഷയങ്ങൾ അവരെ ബോദ്ധ്യപ്പെടുത്താൻ സാധിച്ചു. ചെറിയൊരു മഞ്ഞുരുകൽ ആ ചർച്ചയിൽ ഉണ്ടായിട്ടുണ്ട്. യെമനിലുള്ള മദ്ധ്യസ്ഥൻ സാമുവൽ ജെറോം വിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ, മുൻപ് ഇന്ത്യൻ എംബസിയിൽ ഉണ്ടായിരുന്ന രണ്ട് യെമനി ജീവനക്കാർ തുടങ്ങിയർ ചർച്ചയിൽ പങ്കെടുത്തു.
കുടുംബവുമായി ബ്ലെഡ് മണിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നോ?
കുടുംബവുമായി ബ്ലെഡി മണിയെക്കുറിച്ചുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. നമ്മൾ ആദ്യം അവരുടെ മനസ് മാറ്റിയെടുക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. രണ്ട് കൂട്ടർക്കുമുണ്ടായ പ്രശ്നങ്ങൾ എന്തൊക്കെയാണ്. എങ്ങനെയാണ് ഈ പ്രശ്നങ്ങളിലേക്ക് എത്തിയതെന്ന വിഷയം അവരെ ധരിപ്പിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. അതൊരു പരിധിവരെ തുടങ്ങിവച്ചിട്ടുണ്ട്. ഇത് വിജയം കണ്ടാൽ ബ്ലെഡി മണിയെക്കുറിച്ചുള്ള ചർച്ചകൾക്ക് സാദ്ധ്യതയുണ്ട്.
ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മാനസികാവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടോ?
നിമിഷ പ്രിയ ജയിലിൽ സന്തോഷവതിയാണ്. കാരണം അവർ ഒരു നഴ്സാണ്. ജയിലിൽ പല കാര്യങ്ങളും നിമിഷ ചെയ്യുന്നുണ്ട്. അടുത്തിടെ ഒരു ഗർഭിണിയുടെ ശുശ്രൂഷയിൽ വരെ ഇടപെടാൻ നിമിഷയ്ക്ക് സാധിച്ചു. പരിചയ സമ്പന്നയായ നഴ്സായത് കൊണ്ട് മറ്റ് തടവുകാരുടെ ചികിത്സാ സഹായങ്ങളിൽ പങ്കുവഹിക്കുന്നുണ്ട്. ജയിലിൽ പരിമിതയാണ് സൗകര്യം മാത്രമാണുള്ളത്. അതുകൊണ്ട് പലരുടെയും ആരോഗ്യ പ്രശ്നങ്ങളിൽ നിമിഷയ്ക്ക് ഇടപെടാൻ നിമിഷയ്ക്ക് സാധിക്കുന്നുണ്ട്. എന്റെ അറിവിൽ ലോകത്ത് ആദ്യമായി മലാളി യുവതിയെ വധശിക്ഷയ്ക്ക് വിധിക്കുന്ന കേസായി ഇത് മാറാൻ സാദ്ധ്യതയുണ്ട്. പ്രവാസ ജീവിതത്തിലെ മോശം അവസ്ഥയാണ് ഈ ഒരു സാഹചര്യമുണ്ടാക്കിയത്. ലോകത്തെ എല്ലാ പ്രവാസികളും പോകുന്ന ചില അപകട സാഹചര്യങ്ങളുണ്ട്. അവരെ രാജ്യവും എംബസിയുമാണ് സഹായിക്കേണ്ടത്. ആ സഹായം കിട്ടാതെ പോയ ഒരാളാണ് നിമിഷ എന്നാണ് ഞങ്ങളുടെ വിശ്വാസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിമിഷപ്രിയയുടെ അപ്പീൽ തള്ളിയ കാര്യം അമ്മ അറിഞ്ഞോ?
അമ്മ വലിയ വിഷമത്തിലാണ്. ഇപ്പോൾ സംസാരിക്കാൻ പറ്റിയ ഒരു സാഹചര്യമല്ല. നമ്മളാണ് അമ്മയെ കാര്യങ്ങൾ അറിയിക്കുന്നത്. പുറത്തുനിന്ന് വിവരം ലഭിക്കാനുള്ള വഴിയില്ല. യെമനിൽ തുടരുന്ന അമ്മ രണ്ട് തവണ നിമിഷപ്രിയയെ കണ്ടു.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ശ്രമങ്ങൾ?
കേന്ദ്ര സർക്കാർ ഒന്നു മനസുവച്ച് ഒരു വാക്ക് പറഞ്ഞാൽ പരിഹാരമുണ്ടാകും. കാരണം ഇന്ത്യ പശ്ചിമേഷ്യയിൽ സ്വാധീനമുള്ള ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. അമേരിക്കയോടുള്ള ഒരു വിരുദ്ധ നിലപാട് കാരണം ഇന്ത്യ ഒരു മൂന്നാം ശക്തിയായി വളർന്നിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യ പറഞ്ഞാൽ കേൾക്കുന്ന ഒരു രാജ്യമായിരിക്കും യെമൻ. ഇന്ത്യയുടെ ഡിപ്ലോമസി ഇവിടെ ഉപയോഗിക്കാൻ സാധിക്കും. കേന്ദ്രസർക്കാർ ഇടപെടലിന് വേണ്ടി ബന്ധപ്പെട്ടർക്ക് ഇമെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. നിമിഷ പ്രിയയ്ക്ക് നീതി ലഭിക്കേണ്ടതാണ്. സ്വാഭാവികമായി ഒരു ഗവൺമെന്റ് അഭ്യർത്ഥിക്കുമ്പോൾ മറ്റ് ഗവൺമെന്റുകൾ അതിന്റെ സത്യങ്ങൾ പരിശോധിക്കാറുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിന് പ്രതീക്ഷയുണ്ട്.