തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് പുതിയ വിജയ് ചിത്രം ലിയോ. വിക്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക്. എന്നാല്‍ ആദ്യദിനങ്ങളില്‍ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ കളക്ഷനില്‍ അതൊട്ട് പ്രതിഫലിച്ചുമില്ല. ഇപ്പോഴിതാ കൌതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. അഞ്ച് വര്‍ഷം മുന്‍പ് ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്യെ അല്ല നായകനായി മനസില്‍ കണ്ടിരുന്നത് എന്നതാണ് അത്. സിനിഉലകത്തിന് നല്കിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ ലിയോ രൂപപ്പെട്ട വഴികളെക്കുറിച്ച് ലോകേഷ് കനകരാജ് വിശദീകരിക്കുന്നത്.
“5 വര്‍ഷം മുന്‍പ് എഴുതിയ തിരക്കഥയാണ് ലിയോയുടേത്. മറ്റ് ഏതെങ്കിലും നായക താരങ്ങളെ വച്ച് ചെയ്യാന്‍ ആലോചിച്ചിരുന്ന സിനിമയാണിത്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെപോയി. ആ സമയത്താണ് അത് മാറ്റിവച്ചിട്ട് ചെറുത് ഒരെണ്ണം എഴുതാമെന്ന് കരുതി കൈതി എഴുതാന്‍ ആരംഭിച്ചത്. ആ സമയത്തെല്ലാം ലിയോയുടെ തിരക്കഥ അവിടെ ഉണ്ടായിരുന്നു. മാസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിജയ്യുമായി ഒരു നല്ല അടുപ്പം ഉണ്ടായി. മുഴുവന്‍ സിനിമയും വിജയ്യിലെ നടന്റെ തോളില്‍ വെക്കുന്ന തരത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് മാസ്റ്റര്‍ സമയത്ത് തോന്നിയതാണ്. ഒരു ക്യാരക്റ്റര്‍ സ്റ്റഡി പോലെ ഒരു സിനിമ”, ലോകേഷ് പറയുന്നു.
“ആഗ്രഹം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. വിജയ് പ്രോജക്റ്റിലേക്ക് വന്നപ്പോള്‍ അഞ്ച് വര്‍ഷം മുന്‍പ് എഴുതിവച്ച തിരക്കഥയില്‍ അല്ലറ ചില്ലറ മിനുക്കുപണികള്‍ വേണ്ടിയിരുന്നു. ഏതൊക്കെ ഭാഗങ്ങള്‍ ലീനിയര്‍ ആയി പോകണമെന്നും എവിടെയൊക്കെ കട്ട് വരേണ്ടതുണ്ടെന്നും പുനര്‍നിശ്ചയിച്ചു. കോടതി, വിചാരണ സീനുകളൊക്കെ ആദ്യ ഡ്രാഫ്റ്റില്‍ ഇത്രയും ഉണ്ടായിരുന്നില്ല. അതിലേക്കൊക്കെ ഡീറ്റെയ്ലിംഗ് കൊണ്ടുവന്നു. എഴുതിവച്ച കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ പരിക്കേല്‍ക്കാതെയാണ് എല്‍സിയു റെഫറന്‍സുകളും കൊണ്ടുവന്നത്”, ലോകേഷ് കനകരാജ് പറഞ്ഞവസാനിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]