
പിണറായി വിജയൻ കാളകുട വിഷമെന്ന് കെ സുരേന്ദ്രൻ. കേരളത്തിൽ ഭീകരവാദികളെ വളർത്തുന്നത് പിണറായി. നാല് വോട്ടിനുവേണ്ടി തീവ്രവാദികളെ വളർത്തുന്നു. ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സുരേന്ദ്രൻ്റെ പരാമർശം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി കൊടും വിഷം എന്ന് വിളിച്ചതിനു പിന്നാലെയാണ് സുരേന്ദ്രൻ്റെ പരാമർശവും പുറത്തുവരുന്നത്. (surendran against pinarayi vijayan)
രാജവെമ്പാലയെക്കാൾ വലിയ വിഷമാണ് മുഖ്യമന്ത്രിക്ക് എന്ന് സുരേന്ദ്രൻ ആരോപിച്ചു. വർഗീയ ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഹമാസ് ഭീകരൻ കേരളത്തിൽ പ്രസംഗിച്ചു. ഇങ്ങനെ ഒരു ആഭ്യന്തരമന്ത്രിയല്ല ഇവിടെ ഉണ്ടായിരുന്നതെങ്കിൽ നടപടിയെടുത്തേനെ. ഇതിനെ ചോദ്യം ചെയ്ത ചന്ദ്രശേഖർ ആണോ അവരെ പ്രസംഗിപ്പിച്ച മുഖ്യമന്ത്രിയാണോ വിഷം? എന്തിനാണ് ധൃതിപിടിച്ച് മാർട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആക്കിയത്? ആരൊക്കെ അയാളെ സഹായിച്ചു എന്നത് അന്വേഷണം വേണം. കേരളത്തിൽ ഭീകരവാദ ശക്തികളെ പാലൂട്ടി വളർത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. കേരളത്തിൽ ഭീകരവാദ സംഘടനകളുടെ സ്ലിപ്പർ സെല്ലുണ്ട്.
കളമശ്ശേരി കേസിനു പിന്നിൽ ആരൊക്കെയെന്ന് കണ്ടെത്തണം. ഒരു രാത്രി കൊണ്ട് അന്വേഷണം അവസാനിപ്പിക്കരുത്. സംശയങ്ങൾ പലതുമുണ്ട്. പരസഹായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരണം. ചില സംശയങ്ങൾക്ക് ന്യായമായ ഉത്തരം മുഖ്യമന്ത്രി നൽകുന്നില്ല. ഇത് കേരളമാണെന്ന് മാത്രം മുഖ്യമന്ത്രി പറയരുത് എന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
കേന്ദ്രമന്ത്രി തൻ്റേതായ രീതിയിൽ കാര്യങ്ങൾ സ്വീകരിക്കുന്നു. അദ്ദേഹം രാജ്യത്തിൻ്റെ മന്ത്രി ആണ്. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളെ വിശ്വാസം വേണം. സാധാരണ നിലയ്ക്ക് ഒരു വിടുവായൻ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല. കേരളത്തിൻറെ തനിമ തകർക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പ്രചരിപ്പിച്ചത്. ഒരു വിഭാഗത്തെപ്പറ്റി പ്രചാരണം നടത്തി. പക്ഷേ കേരളം അങ്ങനെയല്ല. ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിൻ്റെ തനിമ കളയാൻ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷം. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അപകടം സംഭവിക്കുമ്പോൾ എന്ത് ചെയ്യണം എന്ന് യഹോവ സാക്ഷികളുടെ പരിപാടിയിൽ പറയാറുണ്ട്. അങ്ങനെ നടത്തിയത് കൊണ്ട് ആണ് ആളുകൾ ഓടുന്നത് ഇല്ലാതായത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ സ്ഥലത്തുമുള്ള ഡോക്ടർമാർ നല്ല പ്രതീക്ഷയിലാണ്. നല്ല അർപ്പണ ബോധത്തോടെയാണ് കാര്യങ്ങൾ നിർവഹിക്കുന്നത്. ചികിത്സാരംഗത്ത് നല്ല സമീപനമാണ് കാണാൻ കഴിയുന്നത്. മാർട്ടിൻ സമ്മതിച്ച കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മറ്റു മാനം ഉണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോകുന്നു. കേരളത്തിൻ്റെ പ്രത്യേകത സൗഹാർദവും സാഹോദര്യവും ആണ്. ഇത് തകർക്കാൻ ശ്രമിക്കുന്ന വരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: k surendran against pinarayi vijayan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]