
കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ വെന്റിലേറ്ററിലാണ്. 12 പേർ ഐസിയുവിൽ തുടരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലും, ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. (kalamassery blast finished postmortem)
ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കൺവെൻഷൻ സെന്ററിൽ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ഡോമിനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ഇയാൾ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നു. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
കേന്ദ്രമന്ത്രി തൻ്റേതായ രീതിയിൽ കാര്യങ്ങൾ സ്വീകരിക്കുന്നു. അദ്ദേഹം രാജ്യത്തിൻ്റെ മന്ത്രി ആണ്. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളെ വിശ്വാസം വേണം. സാധാരണ നിലയ്ക്ക് ഒരു വിടുവായൻ പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല. കേരളത്തിൻറെ തനിമ തകർക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പ്രചരിപ്പിച്ചത്. ഒരു വിഭാഗത്തെപ്പറ്റി പ്രചാരണം നടത്തി. പക്ഷേ കേരളം അങ്ങനെയല്ല. ഒരു വർഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ല. ഇന്ത്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിൻ്റെ തനിമ കളയാൻ ആരെയും അനുവദിക്കില്ല. അദ്ദേഹം വെറും വിഷമല്ല, കൊടും വിഷം. അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണ് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Story Highlights: kalamassery blast finished postmortem
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]