വാഷിങ്ടൻ∙ ‘ട്രംപ് മരിച്ചോ?’, ശനിയാഴ്ച ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും ട്രെൻഡിങ് കീവേഡ് ഇതായിരുന്നു. യുഎസ് പ്രസിഡന്റ്
ആരോഗ്യസ്ഥിതിയെക്കുറിച്ച് കിംവദന്തികൾ പരന്നതോടെയാണ് ട്രംപ് മരിച്ചോ?, ട്രംപ് മരിച്ചു തുടങ്ങിയ വാചകങ്ങളും ഹാഷ്ടാഗുകളും സൈബർ ലോകത്ത് നിറഞ്ഞത്.
പൊതുപരിപാടികളിൽനിന്നു പെട്ടെന്ന് ‘അപ്രത്യക്ഷ’മായതും അഭ്യൂഹങ്ങളുടെ ആക്കം കൂട്ടി.
എന്നാൽ ശനിയാഴ്ച വിർജീനിയയിലെ ഗോൾഫ് ക്ലബ്ബിലേക്കു പ്രസിഡന്റ് പോകുന്ന ചിത്രം പുറത്തുവന്നതോടെ ചർച്ചകൾക്ക് ഏറെക്കുറെ വിരാമമായി. വെള്ള ടീഷർട്ടും ചുവന്ന തൊപ്പിയും ധരിച്ച് ഗോൾഫ് ക്ലബിലേക്കു പോകുന്ന ചിത്രമാണ് പുറത്തുവന്നത്.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.49ന് പേരക്കുട്ടികൾക്കൊപ്പമാണ് അദ്ദേഹം പോയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ജനുവരിയിൽ യുഎസ് പ്രസിഡന്റായി ചുമതലയേറ്റപ്പോൾ മുതൽ ട്രംപ് വാർത്തകളിൽ നിറഞ്ഞനിൽക്കുകയാണ്. എന്നാൽ ഓഗസ്റ്റ് 26നു മന്ത്രിസഭായോഗത്തിൽ പങ്കെടുത്തശേഷം ട്രംപിനെ പൊതുപരിപാടികളിൽ കണ്ടിട്ടില്ല.
വലതുകൈയിൽ ചതവും കണങ്കാലിന് ചുറ്റും നീരുമുള്ള ട്രംപിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആഭ്യൂഹങ്ങൾ പരന്നത്.
ഇതു സംബന്ധിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും ട്രംപിന് സിവിഐ എന്ന രോഗാവസ്ഥ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു കത്ത് കഴിഞ്ഞ മാസം പുറത്തിറക്കി. പ്രായവും ദീർഘനേരം നിൽക്കുന്നതും മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്.
കണങ്കാലിലെ വീക്കം ആസ്പിരിൻ ഉപയോഗം കാരണമാകാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
എന്നാൽ കിംവദന്തികൾക്ക് ഇന്ധനം പകരുന്ന തരത്തിൽ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞകാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നത്. ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ സജ്ജനാണെന്നായിരുന്നു വാൻസിന്റെ പ്രതികരണം.
ഇതോടെ ട്രംപിന്റെ ആരോഗ്യസ്ഥിതി വൻ ചർച്ചയായി.
അതേസമയം, വാരാന്ത്യത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ട്രംപ് സജീവമാണ്. ഗോൾഫ് ക്ലബിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുൻപ്, താൻ ഏർപ്പെടുത്തിയ തീരുവകൾ കുറച്ചതിന് യുഎസ് അപ്പീൽ കോടതിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]