കൊച്ചി: എറണാകുളത്ത് കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് സർക്കാർ 12 കോടി രൂപ അനുവദിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പുതിയ കെ എസ് ആർ ടി ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികള്ക്കായി മന്ത്രി നടത്തിയ സന്ദർശനത്തിലാണ് പ്രഖ്യാപനം.
നഗരത്തിന്റെ തന്നെ മുഖച്ഛായയായി മാറ്റുന്ന ഒന്നാണ് ബസ് സ്റ്റാൻഡ്. സംസ്ഥാനത്തെ ബസ് സ്റ്റാൻഡുകളുടെ നവീകരണത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.
നഗരവികസനം, വെള്ളക്കെട്ട് എന്നിവ മൂലം എറണാകുളം ബസ് സ്റ്റാൻഡ് അതീവ ശോച്യാവസ്ഥയിലാണ്. ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് സിഎസ്എംഎല്ലുമായി കരാർ ഉണ്ടായിരുന്നെങ്കിലും കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർക്കാർ നേരിട്ട് പണം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കാരിക്കാമുറിയിൽ കെ എസ് ആർ ടി സി യുടെ തന്നെ സ്ഥലത്താണ് നിർദ്ദിഷ്ട ബസ് സ്റ്റാൻഡ്.
സൗത്ത് റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവ അടുത്തു വരുന്നത് യാത്രക്കാർക്ക് എളുപ്പമാകും. പദ്ധതിയുടെ അന്തിമ രൂപരേഖ ഉടൻ തയാറാകും.
ചെലവ് കുറച്ച് മനോഹരമായ ശൈലിയാണ് ഉദ്ദേശിക്കുന്നത്. കൊച്ചി മേയർ അഡ്വ എം അനിൽ കുമാറിന്റെയും എം എൽ എ ടി ജെ വിനോദിന്റെയും നിരന്തരമായ ഇടപെടലുകൾ മൂലമാണ് പുതിയ ബസ് സ്റ്റാൻഡ് അടിയന്തരമായി നിർമ്മിക്കാൻ തുക അനുവദിച്ചത്.
കെഎസ്ആർടിസി ബസുകളുടെ നവീകരണത്തിനും പുതിയ ബസുകൾ കൂടുതലായി നിരത്തിൽ ഇറക്കുന്നതിനും സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊച്ചി മേയർ അഡ്വ എം അനിൽകുമാറും എംഎൽഎ ടി ജെ വിനോദും മന്ത്രിയോടൊപ്പം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡും കാരിക്കാ മുറിയിലെ നിർദ്ദിഷ്ട
സ്റ്റാർഡ് സ്ഥലവും സന്ദർശിച്ചു. കെഎസ്ആർടിസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷറഫ് മുഹമ്മദ്, പൊതുമരാമത്തു കെട്ടിട
വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ആർ ബിനു, കെഎസ്ആർടിസി അസിസ്റ്റന്റ് എൻജിനീയർ ലേഖ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ എ.അജിത്ത്, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ആന്റണി വർഗീസ് ഉൾപ്പടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]