ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ഉണ്ണി മുകുന്ദൻ, കോവിഡ് കേസിൽ വർധന, മത്സരിക്കാൻ പണമില്ലെന്ന് അൻവർ– പ്രധാന വാർത്തകൾ
മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും നടൻ ഉണ്ണി മുകുന്ദന്റെ വാദം ഇന്നത്തെ മുഖ്യ വാർത്തകളിലൊന്നായി. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടെന്ന ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരീകരണവും വലിയ വാർത്താ പ്രാധാന്യം നേടി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പി.വി.അൻവറിന്റെ തുറന്നുപറച്ചിലും വാർത്തകളിൽ ഇടം പിടിച്ചു. ജൂൺ 2ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമെന്നും കാലാവസ്ഥ മോശമായാൽ തീരുമാനം മാറ്റുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അറിയിപ്പും ഇന്നത്തെ പ്രധാന വാർത്തകളിലൊന്നായി.
വായിക്കാം മറ്റു വാർത്തകളും. സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും.
ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയെന്ന് ആരോഗ്യമന്ത്രാലയം. 2710 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മെയ് 26ന് രോഗികളുടെ എണ്ണം 1010 ആയിരുന്നു. കോവിഡ് ബാധിച്ച് ഈ മാസം രാജ്യത്ത് 22 പേർ മരിച്ചു.
കേരളത്തിൽ 1147 കേസുകളാണ് ഇന്നലെ റിപ്പോർട്ടു ചെയ്തത്. മഹാരാഷ്ട്ര–424, ഡൽഹി–294, ഗുജറാത്ത്–223, തമിഴ്നാട്–148, കർണാടക–148, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. യുഡിഎഫിലേക്കില്ലെന്നും നിലമ്പൂരിൽ മത്സരിക്കില്ലെന്നും പി.വി.അൻവർ.
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല.
താൻ സാമ്പത്തികമായി തകർന്നതു ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലമ്പുഴ സീറ്റ് തൃണമൂൽ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു.
യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യർഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു.
ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു.
യുഡിഎഫ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അൻവർ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പരസ്പരം വെടിയുതിർക്കുന്നവരോട് തന്റെ ഭരണകൂടത്തിന് വ്യാപാരം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളോടു പറഞ്ഞതായി ട്രംപ് വ്യക്തമാക്കി.
‘‘ഇന്ത്യയെയും പാക്കിസ്ഥാനെയും പോരാട്ടത്തിൽനിന്നു ഞങ്ങൾ തടഞ്ഞു. അത് ഒരു ആണവ ദുരന്തമായി മാറിയേനെ എന്ന് ഞാൻ വിശ്വസിക്കുന്നു.’’– ട്രംപ് സർക്കാരിൽനിന്നു പടിയിറങ്ങുന്ന ശതകോടീശ്വരൻ ടെസ്ല സിഇഒ ഇലോൺ മസ്കിനൊപ്പം ഓവൽ ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ചു മോശം കാര്യങ്ങൾ പറഞ്ഞുപരത്തിയതു ചോദിക്കുക മാത്രമാണു ചെയ്തതെന്നും ഉണ്ണി മുകുന്ദൻ. വിപിനുമായുള്ള തർക്കത്തിനിടെ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞെന്നതു സത്യമാണെന്നും താൻ നുണ പറയാറില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
വിപിൻ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരുന്നു. ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്ന് വ്യക്തമാക്കി കോടതി കേസ് തീർപ്പാക്കിയിരുന്നു.
ഇതിനു പിന്നാലെയാണു ഉണ്ണി മുകുന്ദൻ മാധ്യമങ്ങളോട് സംസാരിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]