
മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച തുടക്കമിട്ട് മുംബൈ ഇന്ത്യൻസ്. പവര്‍ പ്ലേ അവസാനിച്ചപ്പോൾ കൊൽക്കത്തയുടെ അപകടകാരികളായ ഓപ്പണര്‍മാരെ ഉൾപ്പെടെ 4 പേരെ മുംബൈ മടക്കിയയച്ചു. ട്രെൻഡ് ബോൾട്ടും ദീപക് ചഹറും അശ്വനി കുമാറുമാണ് നിര്‍ണായക വിക്കറ്റുകൾ വീഴ്ത്തിയത്.
ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ സുനിൽ നരെയ്നെ (0) ക്ലീൻ ബൗൾഡാക്കി ബോൾട്ട് വാങ്കഡെയെ ചൂടുപിടിപ്പിച്ചു. ഒരു റൺ മാത്രം വഴങ്ങിയ ബോൾട്ട് തുടക്കം ഗംഭീരമാക്കി. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഫോമിലുള്ള ക്വിന്റൺ ഡി കോക്കിനെ ദീപക് ചഹര്‍ പുറത്താക്കി. മിഡ് ഓഫിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള ഡി കോക്കിന്റെ ശ്രമം അരങ്ങേറ്റക്കാരനായ അശ്വനി കുമാറിന്റെ കൈകളിൽ അവസാനിച്ചു. തുടര്‍ന്ന് അംഗ്ക്രിഷ് രഘുവൻഷി രണ്ട് തവണയും രഹാനെ ഒരു തവണയും ചഹറിനെതിരെ ബൗണ്ടറി നേടി. രണ്ടാം ഓവറിൽ ഒരു വൈഡ് ഉൾപ്പെടെ പിറന്നത് 14 റൺസ്.
മൂന്നാം ഓവറിൽ ബോൾട്ടിനെ സിക്സറിന് പായിച്ച് രഹാനെ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ ആദ്യ പന്തിൽ തന്നെ രഹാനെയെ മടക്കിയയച്ച് അശ്വനി കുമാര്‍ അരങ്ങേറ്റം ഗംഭീരമാക്കി. ഡീപ് പോയിന്റിൽ തിലക് വര്‍മ്മയുടെ ഉഗ്രൻ ക്യാച്ച്. ഒരു സിക്സര്‍ വഴങ്ങിയെങ്കിലും 4-ാം ഓവറിൽ ആകെ 8 റൺസ് മാത്രമാണ് പിറന്നത്. അഞ്ചാം ഓവറിൽ മടങ്ങിയെത്തിയ ബോൾട്ട് വെറും 3 റൺസ് മാത്രം വിട്ടുകൊടുത്ത് മുംബൈയ്ക്ക് മേൽക്കൈ നൽകി. പവര്‍ പ്ലേ അവസാനിക്കാൻ വെറും 2 പന്തുകൾ മാത്രം ശേഷിക്കെ വെങ്കടേഷ് അയ്യരെയും മടക്കിയയച്ച് ദീപക് ചഹര്‍ കളി മുംബൈയുടെ കൈപ്പിടിയിലാക്കി. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ കൊൽക്കത്ത 4ന് 41 എന്ന നിലയിൽ.
പ്ലേയിംഗ് ഇലവൻ
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പര്‍), വിൽ ജാക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമാൻ ധിർ, മിച്ചൽ സാന്റനര്‍, ദീപക് ചഹർ, ട്രെന്റ് ബോൾട്ട്, അശ്വനി കുമാര്‍, വിഘ്നേഷ് പുത്തൂര്‍
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), വെങ്കടേഷ് അയ്യർ, അംഗ്കൃഷ് രഘുവംശി, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, ഹർഷിത് റാണ, സ്പെൻസർ ജോൺസൺ, വരുൺ ചക്രവർത്തി.
READ MORE: നായകൻ വീണ്ടും വരാര്..! വിക്കറ്റ് കീപ്പിംഗിനും അനുമതി വേണം, ബിസിസിഐയെ സമീപിച്ച് സഞ്ജു സാംസൺ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]