
‘പാർശ്വവൽക്കരിക്കപ്പെട്ടവരെ ഹൃദയത്തോടു ചേർക്കണം; മൈത്രി പൂത്തുലയട്ടെ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്∙ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഹൃദയത്തോടു ചേർത്തു മർദിതരോട് ഐക്യപ്പെട്ടു മൈത്രിയുടെ പെരുന്നാൾ ആഘോഷിക്കണമെന്നു ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ‘‘ഒരു മാസം വ്രതമെടുത്തു കാത്തിരുന്നതാണ് ഈ പെരുന്നാൾ; വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ. കെട്ടുകാഴ്ചകൾക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്നു നോക്കാനുള്ള അവസരം. മതിമറന്ന് ആഘോഷിക്കാനല്ല, മതബന്ധമായ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലുകളാണു വേണ്ടത്. ജാതി, മത, വർഗ, വർണ അതിരുകൾ ഭേദിച്ചു മൈത്രി പൂത്തുലയണം. സമ്പൂർണമായ സന്തോഷമാണ് അല്ലാഹു വിശ്വാസികൾക്കു കനിഞ്ഞേകിയത്. ആരാധനകൾ നിർവഹിച്ചും അവന്റെ കൽപനകൾ പാലിച്ചും മനുഷ്യനെ എല്ലാം മറന്ന് ആലിംഗനം ചെയ്തുമാണു സന്തോഷം പ്രകടിപ്പിക്കേണ്ടത്’’– സാദിഖലി തങ്ങൾ പറഞ്ഞു.
സാദിഖലി തങ്ങളുടെ പെരുന്നാൾ സന്ദേശം
വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സകാത്ത്, ദാനധർമങ്ങളിലൂടെ ലഘൂകരിച്ചും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിർവരമ്പിനെ മായ്ക്കുന്ന സാമൂഹിക വിപ്ലവമാണു റമസാനിന്റെയും ഈദിന്റെയും അകംപൊരുൾ. പെരുന്നാൾ ദിനത്തിൽ ആരും വിശന്നിരിക്കരുത്. എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്നു വ്രതം അനുവദനീയമല്ല. ഒരു മാസത്തെ വ്രതത്തെ പൂർണതയിൽ സ്വീകരിക്കപ്പെടാൻ നാട്ടിലെ മുഖ്യാഹാരം (ഫിത്തർ സകാത്ത്) നിശ്ചിത അളവിൽ കുറയാതെ അർഹർക്ക് എത്തിച്ചു നൽകണമെന്ന് അനുബന്ധമായി ചേർത്തുവച്ചതു സമഭാവനയെ അടിവരയിട്ട് ഓർമിപ്പിക്കാൻ കൂടിയാണ്.
മദ്യവും ലഹരിമരുന്നും ഉൾപ്പെടെയുള്ള അധാർമികതകൾക്കെതിരെ ജാഗ്രതയോടെ പ്രതിജ്ഞ പുതുക്കുകയും വേണം. മതത്തിനോ, ജാതിക്കോ വിഭാഗീയതയ്ക്കോ ലഹരിയുമായി ബന്ധമില്ല. ലഹരി വ്യക്തിയെയും കുടുംബത്തെയും നാടിനെയും രാജ്യത്തെയുമാകെ നശിപ്പിക്കുന്ന, അരാജകത്വത്തിലേക്കു തള്ളിവിടുന്ന കൊടും വിഷമാണ്. താൽക്കാലികാസ്വാദനത്തിനായി ആ ദൂഷിത വലയത്തിലകപ്പെട്ടവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനും സന്മാർഗത്തിൽ ചേർത്തുനിർത്താനും വിശ്വാസികൾക്കും മഹല്ലു സംവിധാനങ്ങൾക്കും സംഘടനകൾക്കും കൂട്ടായ്മകൾക്കുമെല്ലാം ബാധ്യതയുണ്ട്.
മദ്യത്തിലും ലോട്ടറി പോലുള്ള ചൂതാട്ടത്തിലും മുഖ്യ വരുമാനങ്ങൾ കാണുന്ന ഭരണകൂടങ്ങൾ നിയമപരമായ ബാധ്യതകളും നിയമവാഴ്ചയും ഉറപ്പാക്കുന്നതോടൊപ്പം, ലഹരിമുക്തരാജ്യമെന്ന ഭരണഘടനയുടെ മാർഗനിർദേശക ലക്ഷ്യത്തോടു ചേർന്നുനിൽക്കാനും പരിശ്രമിക്കണം. പെരുന്നാൾ നമസ്കാരവും ഫിത്തർ സകാത്തുമാണു ചെറിയ പെരുന്നാൾ ദിനത്തിന്റെ മുഖ്യ കർമങ്ങൾ. അത്തറു പൂശി, പുതിയ വസ്ത്രങ്ങൾ ധരിച്ചു തക്ബീർ ധ്വനികളോടെ പള്ളിയിലേക്കു പോകുന്നതും ബന്ധങ്ങൾ കൂട്ടിയിണക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതുമെല്ലാമാണു പെരുന്നാളിന്റെ പൊലിമ. പെരുന്നാൾ കേവലം ആചാരത്തിനപ്പുറമുള്ള പ്രാർഥനാ നിർഭരമായ സ്വത്വപ്രഖ്യാപനമാണ്. എല്ലാവർക്കും ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ; അല്ലാഹു അക്ബർ… വലില്ലാഹിൽ ഹംദ്…